#ദിനസരികള്‍ 602
വിജയലക്ഷ്മിയുടെ കവിതകളില്‍ നിന്നും ഒരെണ്ണം മാത്രം
തിരഞ്ഞെടുക്കേണ്ടി വന്നാല്‍ ഞാന്‍ സംശയലേശമെന്യേ തച്ചന്റെ മകള്‍ എന്ന കവിതയ്ക്കു
വേണ്ടി കൈയ്യുയര്‍ത്തും.ആരുടേയും തൊഴുത്തില്‍ തന്റെ ജീവിതത്തെ കൊണ്ടുപോയി
തളച്ചിടാനൊരുക്കമില്ലാത്ത സ്ത്രീജീവിതത്തെ അവതരിപ്പിക്കുന്ന ഇക്കവിത
വിജയലക്ഷ്മിയുടെ തന്നെ മൃഗശിക്ഷകന്‍ എന്ന കവിതയുടെ ആശയപരിസരങ്ങളില്‍ നിന്നും അതിഗംഭീരമായ ഒരു
കുതറിത്തെറിക്കല്‍ നടത്തുന്നുണ്ട്.മൃഗശിക്ഷകനില്‍ ഭയം കാരണം ഒന്നിനും കഴിയാതെ
തോറ്റുപിന്മടങ്ങിയിരിക്കുന്ന അടിമയുടെ സ്ഥാനമാണ് ഇരക്കുണ്ടായിരുന്നത്.പറയൂ പാവയോ മൃഗം എന്ന അര്‍ത്ഥവത്തായ ചോദ്യമുയര്‍ത്തുവാന്‍
മൃഗശിക്ഷകനില്‍ കഴിയിന്നുണ്ടെങ്കിലും അതിനുമപ്പുറത്തേക്കു കടന്നുപോകുക എന്നത് അസാധ്യമാകുന്നു
നോക്കുക :-
......... ഭയം ഭയം മാത്ര –
മടിമ ഞാന്‍ തോറ്റു കുനിഞ്ഞിരിക്കുന്നു.
മുതുകില്‍ നിന്‍ ചാട്ടയുലച്ചുകൊള്ളുക
വലയത്തില്‍ച്ചാടാനുണര്‍ന്നിരിപ്പു ഞാന്‍ -
എന്ന വിധേയത്വഭാവം പ്രത്യക്ഷമായിത്തന്നെ ആ കവിത പ്രകടിപ്പിക്കപ്പെടുന്നുണ്ട്.
എന്നാല്‍ തച്ചന്റെ മകള്‍
പ്രഖ്യാപിക്കുന്നത് സ്വതന്ത്രമായ ഒരു ലോകത്തെ ആലിംഗനം ചെയ്യാനുഴറുന്നു ഒരു പെണ്‍മനസ്സിനെയാണ്.
ബന്ധങ്ങളുടെ നനുത്ത ചരടുകള്‍ അത്രയെളുപ്പം പൊട്ടിക്കാന്‍ കഴിയാത്തതാണെന്ന് അവള്‍ക്കറിയാമെങ്കിലും
‘വന്മരച്ചോട്ടില്‍
നിന്നാല്‍ വളര്‍ച്ചയുണ്ടായിടാ, പുഷ്ടിയുണ്ടാകുവാന്‍ വെയിലേല്ക്കണം സ്വേച്ഛയാ’ എന്ന തീരുമാനത്തിലേക്ക് ഒടുവില്‍ എത്തിച്ചേരുന്നുണ്ട്
കൊത്തുവാനുണ്ടെനിക്കു ജുഗുപ്സയെ
അത്ഭുതത്തെ ശാന്തത്തെ, ശമത്തെയും
കൊത്തിടേണം മദത്തെ മാത്സര്യത്തെ
മൃത്തിലെക്കാട്ടുതീയാമസൂയയെ
കൊത്തുവാനുണ്ട് പ്രച്ഛന്ന രൂപിയായ്
പുഷ്പകത്തിലെത്തുന്നൊരാസക്തിയെ -
ജീവിതംവെച്ചു നീട്ടുന്ന കാമനകളെ ആര്‍ജ്ജവത്തോടെ അനുഭവിക്കുകയും ആവിഷ്കരിക്കുകയും
ചെയ്യണമെങ്കില്‍ ഏതെങ്കിലും തണല്‍വൃക്ഷത്തിന്റെ ഇത്തിരിവട്ടത്തിലേക്ക്
ഒതുങ്ങിനിന്നാല്‍ കഴിയുകയില്ലയെന്ന് തിരിച്ചറിഞ്ഞ തച്ചന്റെ മകള്‍ സ്വയം
കണ്ടെത്തുന്നതിനുവേണ്ടി തുറസ്സുകളുടെ വെളിച്ചങ്ങളിലേക്ക്, ചൂടുകളിലേക്ക് നടന്നിറങ്ങുന്നു.
ആരെങ്കിലും വെച്ചുനീട്ടുന്ന ലോകങ്ങള്‍ക്കപ്പുറമാണ് അവള്‍ തന്റെ നേരുകളെ
അന്വേഷിക്കുന്നത്. സാമ്രാജ്യങ്ങള്‍ക്കുകീഴിലെ
ദാസ്യപ്പണിയുടെ വിഭവസമൃദ്ധമായ അത്താഴങ്ങളെക്കാള്‍ സ്വന്തം കുപ്പമാടത്തിലെ
പഴങ്കഞ്ഞിതന്നെയാണ് മികച്ചത് എന്ന ബോധ്യം പുലര്‍ത്തുന്ന തച്ചന്റെ മകള്‍
മലയാളത്തിലെഴുതപ്പെട്ട മികച്ച സ്ത്രീപക്ഷരചനകളിലൊന്നെന്നതിനെക്കാള്‍ അവനവന്റെ
ആകാശങ്ങളെ കണ്ടെത്താന്‍ തുനിഞ്ഞിറങ്ങുന്ന ഏതൊരാളുടേയും സ്വാതന്ത്ര്യപ്രഖ്യാപനം
കൂടിയാണ്.
Comments