#ദിനസരികള് 599



            അവിവേകത്തിന്റെ ആകാശപ്പൊക്കത്തിലിരുന്നുകൊണ്ട് മലയാളത്തിന്റെ പ്രിയകവി ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാടിനോട് കവിതയെഴുത്ത് നിറുത്തണമെന്ന് പണ്ടൊരിക്കല്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എഴുത്തിന്റെ ഒരു അന്തരാളഘട്ടത്തിനു ശേഷം വീണ്ടും എഴുതിത്തുടങ്ങിയ ചുള്ളിക്കാടിന്റെ കവിതകള്‍ എന്തുകൊണ്ടോ  എനിക്കിഷ്ടപ്പെട്ടിരുന്നില്ല.വലിഞ്ഞുമുറുകി നില്ക്കുന്ന ഒരു തന്ത്രിയെപ്പോലെയായിരുന്നു എനിക്ക് അദ്ദേഹത്തിന്റെ ആദ്യകാലകവിതകള്‍ അനുഭവപ്പെട്ടത്. അക്കവിതകളിലെ ത്രസിപ്പിക്കുന്ന വൈകാരികതകളെ ഹൃദയത്തിലേക്ക് ആവാഹിച്ചുവെച്ചിരുന്ന എനിക്ക് അദ്ദേഹത്തിന്റെ പുതിയ ഭാവഹാവാദികള്‍ അസഹ്യമായിത്തോന്നിയത് സ്വാഭാവികമായിരുന്നു. ഹൈസ്കൂള്‍ കാലം മുതല്‍ ഊണിലും ഉറക്കത്തിലും ഒരു ബാധയായി എന്നെ ആവേശിച്ചിരുന്ന പ്രിയപ്പെട്ട കവിയുടെ മാറ്റമുണ്ടാക്കിയ നിരാശയില്‍ നിന്നുകൊണ്ടായിരുന്നു അന്ന് ഞാനദ്ദേഹത്തോട് എഴുത്തു നിറുത്തണമെന്ന അതിരുകടന്ന ആവശ്യത്തെ മുന്നോട്ടുവെച്ചത്. കവിയുടെ പ്രതികരണം കടുത്തതായിരുന്നു.ഫാസിസ്റ്റെന്നും മറ്റും അദ്ദേഹം എന്നെ ആക്ഷേപിച്ചു.ചങ്ങമ്പുഴയോടു ഒരു കൂട്ടര്‍ കവിതയെഴുത്തു നിറുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം പാസ്സാക്കിയത് ഉന്നയിച്ചു.വേണ്ടെങ്കില്‍ വായിക്കാതിരിക്കാമെന്നും കവിതയെഴുത്തു നിറുത്തണമെന്നാവശ്യപ്പെടാന്‍ എന്തധികാരമാണുള്ളതെന്നും കോപിച്ചു. ചാപല്യക്കൂടുതല്‍കാരണം വിട്ടുകൊടുക്കാന്‍ ഞാനും തയ്യാറായില്ല.വെറുതെ ഓരോ ന്യായങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഞാന്‍ അദ്ദേഹത്തെ എതിര്‍ത്തുനിന്നു. അദ്ദേഹത്തോട് ഉന്നയിച്ച ആവശ്യം വിവരക്കേടാണെന്നു ബോധ്യപ്പെട്ടിട്ടും വാദിച്ചു നിന്നത് എന്റെ ഒരു കാലത്തെ പിഴിഞ്ഞെടുത്ത പ്രിയപ്പെട്ട കവിയോടു സംവദിക്കാനുള്ള (സംവാദമോ?) അവസരം മുതലാക്കുക എന്നതായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു. എന്നാല്‍ എന്തൊക്കെ ന്യായങ്ങള്‍ മുന്നോട്ടുവെച്ചാലും മലയാളിയുടെ ഭാവുകത്വത്തെ പുതുക്കിപ്പണിത ഒരെഴുത്തുകാരനോട് ഇനി അല്ലെങ്കില്‍‌പ്പോലും - തികച്ചും ജനാധിപത്യവിരുദ്ധമായ ഒരാവശ്യമുന്നയിച്ചതിന് ഞാന്‍ അദ്ദേഹത്തോടു മാപ്പു പറയേണ്ടിയിരുന്നു. പക്ഷേ എന്റെ ഔദ്ധത്യം എന്നെ അതിനനുവദിച്ചില്ല. ഇന്നതോര്‍ക്കുമ്പോള്‍ത്തന്നെ ഒരു വിറയല്‍ എന്നെ അടിമുടി കുടഞ്ഞെറിയുന്നു.കവിയായിരുന്നു ശരിയെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു.
            ശരി എന്താണെന്ന് കാലം നമ്മെ പഠിപ്പിക്കാതിരിക്കില്ല.തെറ്റുകളെ പുണര്‍ന്നുകൊണ്ടാണ് നാം അതുവരെ നമ്മുടെ ജീവിതത്തെ മുന്നോട്ടു നയിച്ചതെങ്കില്‍ ശരി എന്തെന്നു മനസ്സിലാകുന്ന നിമിഷം അതിനെ നാം ആലിംഗനം ചെയ്യണം. നിരന്തരം നവീകരിക്കപ്പെട്ട ആശയങ്ങളുടെ ഘോഷയാത്രകള്‍ നടക്കുന്ന വര്‍ത്തമാനകാലങ്ങളില്‍ അത്തരം തിരുത്തലുകള്‍ക്ക് വലിയ പ്രസക്തിയുണ്ട്.ഏഴോ എട്ടോ കൊല്ലത്തിനു ശേഷം കവിയല്ല ഞാനാണു തെറ്റുകാരനെന്നു പറയുമ്പോള്‍ നാളിതുവരെ ഞാന്‍ പേറിക്കൊണ്ടു നടന്നിരുന്ന ഒരു വേവലാതി കൂടിയാണ് അവസാനിക്കുന്നത്. ഫാസിസ്റ്റ് സമീപനങ്ങള്‍ വൈകിയാണെങ്കിലും തിരുത്തപ്പെടുക തന്നെയാണല്ലോ നല്ലത്.


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം