#ദിനസരികള്‍ 601


എന് എ നസീറിന്റെ കാടുയാത്രകളുടെ ഓരം ചേര്ന്നു നടക്കുന്നത് എനിക്കും ഇഷ്ടമാണ്.കാടിനെ അറിഞ്ഞ്, ശരീരത്തിലെ ഓരോ അണുവിലും കാടിനെ അനുഭവിപ്പിച്ച് അതീവശ്രദ്ധാലുവായി നസീര് പതിയെ മുന്നില് നടക്കും. ഒരു പൂവുവന്നു വീഴുന്ന ലാഘവത്തോടെയാണ് അയാള് നടക്കുക. ഭൂമിയെ ഞെരിച്ചമര്ത്താന് ശ്രമിക്കുന്ന കാല്‌വെപ്പുകളുടെ അഹങ്കാരങ്ങളെ അയാള് വെച്ചുപൊറുപ്പിക്കില്ല.കടന്നുകയറ്റങ്ങളെ അനുവദിക്കുകയില്ല. ഇവിടെ നിങ്ങള് വേഗത കുറയ്കക്കുക.നിങ്ങളെ ഭരിക്കുന്ന വേവലാതികളെ പിന്നിലുപേക്ഷിക്കുക.അപ്പൂപ്പന്താടിയെപ്പോലെ ഭാരമില്ലാത്തവനായി, ഏതിരുള്ക്കാടിനേയും തൊട്ടുഴിഞ്ഞുപോകുന്ന ഇളംകാറ്റിനെപ്പോലെ ഭയമില്ലാത്തവനായി നിങ്ങള് നസീറിനെ പിന്തുടരുക.”തനിയേ ഭൂമിയെ ചവിട്ടി നില്ക്കുമ്പോഴേ ചുറ്റുപാടുകളേ തിരിച്ചറിയൂ.അപ്പോഴേ പ്രകൃതി നമ്മള്‌ക്കൊരുക്കിവെച്ച കാഴ്ചകളിലേക്ക് കണ്ണുതുറക്കൂ.അപ്പോഴേ തേനീച്ചകളുടെ ശബ്ദം മൂളലല്ല സംഗീതമാണെന്ന തിരിച്ചറിവുണ്ടാകൂ.കഠോരമായ ശബ്ദലോകത്തില് നിന്നും കാടിന്റേയും പര്വ്വതങ്ങളുടേയും മൌനത്തിലേക്ക് ആഴ്ന്നുപോകാനും അതു മൌനമല്ല അവയുടെ ഭാഷയാണെന്നും അതിലൂടെ അവയിലൂടെ സംയോജനം സാധ്യമാണെന്നും തിരിച്ചറിയാനാകും” എന്ന് നസീര് പറയുന്നത് നാം കേള്ക്കുകതന്നെ വേണം.

നിങ്ങളുടെ യാന്ത്രികമായ നാഗരികജീവിതങ്ങളുടെ പുണ്ണുപിടിച്ച ദൈനന്ദിനവ്യവഹാരങ്ങളുടെ ആസക്തികള്ക്കപ്പുറം നിന്നുകൊണ്ടുവേണം കാടുകളെ തൊട്ടുനില്ക്കേണ്ടത്.അനുനിമിഷം നമ്മെ നവീകരിച്ചെടുക്കുന്ന ഒരനുഭൂതിയോടാണ് നാം മുഖാമുഖം നില്ക്കുന്നതെന്ന ബോധം ഓരോ അണുവിലും കലര്ന്നിരിക്കണം.ഏതു മുറിവുകളേയും തണുപ്പിക്കാനും പൊറുപ്പിക്കാനും ശേഷിയുള്ള ഒന്നിനെയാണ് അഭിമുഖീകരിക്കുന്നതെന്ന് മറക്കാതിരിക്കുക.

നസീര് ഓരോ അത്ഭുതങ്ങളേയും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് നടന്നുപോകുക.അയാളുടെ വാക്കുകളില് നിങ്ങള്ക്ക് നിസ്സാരമായി തോന്നിയേക്കാവുന്ന പലതും മഹാത്ഭുതങ്ങളായി വിരിഞ്ഞിറങ്ങുന്നത് കാണാം.കാരണം നസീറിന് കാടുവെച്ചുനീട്ടുന്ന ഒന്നും കേവലമായ ഉപയോഗക്ഷമതയെ മാത്രം മുന്നിറുത്തി പ്രാധാന്യമാര്ജ്ജിക്കുന്നതല്ല.കാടിനെ സംബന്ധിച്ച് ഇവിടെ ഒന്നും അപ്രസക്തമല്ല.ലാഭം മാത്രം ലക്ഷ്യം വെച്ച് നമ്മുടെ വ്യവഹാരങ്ങളില് പ്രസക്തി നേടുന്ന ഒന്നല്ല നസീറിന് കാട്ടുരുവങ്ങള്. വിപണിമൂല്യത്തിനപ്പുറമുളള ഒരു മൂല്യത്തെയാണ് അയാള് നമുക്കായി വെച്ചു നീട്ടുക.അത് എല്ലാ സങ്കുചിതത്വങ്ങളേയും അതിലംഘിക്കുന്ന ഒന്നാണ്.പാമ്പു പൊഴിച്ചിട്ട തോലുറയേയും ജീവന് പറന്നുപോയതിനുശേഷം ഉണങ്ങിക്കിടക്കുന്ന പൂമ്പാറ്റച്ചിറകിനേയുമൊക്കെ നസീര് നമുക്ക് അനുഭവിപ്പിച്ചതരുന്നത് അത്തരമൊരു മൂല്യബോധത്തില് ഉറച്ചു നിന്നുകൊണ്ടാണ്.

അതുകൊണ്ട് നാടിന്റെ വേവലാതികളില് നിന്ന്, ആക്രാന്തങ്ങളില് നിന്ന് , ലോഭമോഹാദികളില് നിന്ന് ഒരല്പനേരം നിങ്ങള് വിട്ടുനില്ക്കുവാന് ആഗ്രഹിക്കുന്നുവെങ്കില് വരിക, നസീറിനൊപ്പം, അയാളുടെ കാടുകളിലേക്ക്.









Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1