#ദിനസരികള്‍ 604



            തെറ്റു ചെയ്തതില്‍ മാപ്പു ചോദിക്കുക. അതിനുമപ്പുറത്തേക്കു നീളുന്നതാണ് ചെയ്ത തെറ്റിന്റെ വ്യാപ്തിയെങ്കില്‍ നിലനില്ക്കുന്ന നിയമസംവിധാനങ്ങളെ ഉപയോഗപ്പെടുത്തി സിവിലും ക്രിമിനലുമായ കേസുകളെടുത്ത് ഒരു നിശ്ചിതകാലത്തേക്ക് സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തി ശിക്ഷിക്കുക.ആ ശിക്ഷാകാലം സ്വയം നവീകരണത്തിന്റേതാണ് എന്നാണ് സങ്കല്പിക്കപ്പട്ടിരിക്കുന്നത്. എന്നുവെച്ചാല്‍ കൊലക്കുറ്റം ചെയ്ത ഒരാള്‍ ശിക്ഷയായി തടവിലാക്കപ്പെടുന്ന പത്തോ പന്ത്രണ്ടോ കൊല്ലക്കാലം താന്‍ ചെയ്ത തെറ്റിനും സ്വയം നവീകരണത്തിനുമുള്ള സമയമാണെന്നും ഇനി അത്തരം കുറ്റങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള പക്വതയും അറിയും നേടേണ്ട കാലമാണെന്നുമാണ് ജനാധിപത്യം ചിന്തിക്കുന്നത്.അല്ലാതെ ഒരു കുറ്റത്തിന് ജീവിതകാലം മുഴുവന്‍ പിടിച്ച് അകത്തിടാനോ സമൂഹത്തില്‍ നിന്നും അന്യവത്കരിച്ച് മാറ്റി നിറുത്തുവാനോ ആര്‍ക്കും  അധികാരമില്ല.നടപ്പുനിയമവശം ഇതായിരിക്കേ ഏതു കാട്ടാളകാലത്തിലിരുന്നുകൊണ്ടാണ് നാം ദീപാനിശാന്തിനെ കല്ലെറിയുകയും തുടര്‍ച്ചയായി ആള്‍ക്കൂട്ടവിചാരണക്ക് വിധേയമാക്കുകയും ചെയ്യുനനത് ?

            ഇവിടെ കുറ്റം കവിത മോഷ്ടിച്ചു എന്നതാണ്. ആ വിഷയത്തില്‍ അവര്‍ക്കുള്ള പങ്കാളിത്തത്തെ നാം ആവോളം വിചാരണ ചെയ്തുകഴിഞ്ഞു.തനിക്കു തെറ്റു പറ്റിയെന്നും ക്ഷമിക്കണമെന്നും യഥാര്‍ത്ഥ എഴുത്തുകാരനോടും പൊതുസമൂഹത്തോടും പല തവണ അവര്‍ അപേക്ഷിച്ചു കഴിഞ്ഞു.താന്‍ കാണിക്കേണ്ടിയിരുന്ന ജാഗ്രതയും ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കാന്‍ തനിക്കു കഴിയാത്തത് ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ തെറ്റാണെന്നു വ്യക്തമാക്കിക്കൊണ്ടാണ് അവര്‍ മാപ്പപേക്ഷിച്ചത്.ഏതു ധാര്‍മികതയുടെ പേരിലാണോ ഒരു പൊതുസമൂഹം എന്ന നിലയില്‍ നാം ദീപാനിശാന്തിനെ വിചാരണ ചെയ്യുന്നത് അതേ ധാര്‍മികതയെ അടിസ്ഥാനപ്പെടുത്തി ഈ വിഷയം അവിടെ അവസാനിപ്പിക്കാനുള്ള ഉത്തരവാദിത്തം നാം കാണിക്കേണ്ടതുണ്ട്.അത്തരമൊരു ഉയര്‍ന്ന ബോധം നാം പ്രകടിപ്പിച്ചില്ലെങ്കില്‍ , ക്ഷമിക്കാനും തെറ്റുകള്‍ തിരുത്തുവാനുമുള്ള അവസരം ഈ സമൂഹത്തിലെ വ്യക്തിയെന്ന നിലയില്‍ നാം ദീപാനിശാന്തിന് അനുവദിച്ചില്ലെങ്കില്‍ അവരെ വിമര്‍ശിക്കുവാനുള്ള നമ്മുടെ നൈതിക അടിത്തറ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. കാടത്തത്തെ കാടത്തംകൊണ്ടു നേരിടുന്ന ഒരു ജനതയായി നാം അധപതിക്കരുത്.

            ദീപാ നിശാന്ത് എന്താണ് എഴുതുന്നതെന്നോ എഴുതിയിരുന്നതെന്നോ എനിക്കറിയില്ല. അറിയാനൊട്ടു ശ്രമിച്ചിട്ടുമില്ല. ഇനിയൊട്ടു അറിയണമെന്ന് ആഗ്രഹിക്കുന്നുമില്ല. പക്ഷേ ദീപ നിശാന്ത് എന്ന വ്യക്തി ഈ സമൂഹത്തിലെ ഒരംഗമാണ്. ആ അംഗത്തിന് സമൂഹത്തോടുള്ള ഉത്തരവാദിത്തമെന്നപോലെതന്നെ ആ വ്യക്തിയോട് ഈ സമൂഹത്തിനും ചില ഉത്തരവാദിത്തങ്ങളുണ്ട്.ചെയ്തുപോയ ഒരു തെറ്റിന്റെ പേരില്‍ താണുവീണപേക്ഷിക്കുന്ന ഒരാളെ വീണ്ടും വീണ്ടും കല്ലെറിയുകയും ആള്‍ക്കൂട്ട വിചാരണക്കു വിധേയമാക്കുകയും ചെയ്യുകയെന്നത് പരിഷ്കൃതരായ ഒരു ജനതക്കു ഭൂഷണമല്ല.എന്നുമാത്രവുമല്ല, അതു ദീപ നിശാന്ത് എന്ന വ്യക്തി ചെയ്ത തെറ്റിനോളം പോന്നതോ അതിനപ്പുറം കടന്നു നില്ക്കുന്നതോ ആയ ഒന്നുകൂടിയാകുന്നു.അതുകൊണ്ട് മൂല്യങ്ങളെക്കുറിച്ച് നിരന്തരം വാചാലരാകുന്ന നാം നിയമപരമായ രിതീകളെ അനുവര്‍ത്തിക്കുന്നതിനു പകരം ഒരു വ്യക്തിയെ ആക്രമിച്ചുകൊണ്ട് അവസാനിപ്പിക്കുക എന്നതു മാറ്റി തിരുത്തി മുന്നോട്ടുപോകുവാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുക എന്ന നിര്‍മാണാത്മകമായ സമീപനമാണ് സ്വീകരിക്കേണ്ടത്.



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1