#ദിനസരികള് 597
കവിതാമോഷണവിവാദം ചില സങ്കടങ്ങളെ അവശേഷിപ്പിച്ചുകൊണ്ട് അവസാനിക്കുകയാണ്.ഇതില് ഒന്നാമത്തെ സങ്കടം കലേഷ് എന്ന കവിക്ക് മാന്യമായി ഒരു മറുപടിയോ ഒരു വിശദീകരണമോ അല്ലെങ്കില് തെറ്റുപറ്റിപ്പോയി എന്ന ഒരേറ്റു പറച്ചിലോ കുറ്റം ചെയ്തവരുടെ ഭാഗത്തുനിന്നും ലഭിച്ചില്ല എന്നതാണ്. അദ്ദേഹം കുറച്ചു കൂടി ജനാധിപത്യപരവും നീതിയുക്തവുമായ പരിഗണന അര്ഹിക്കുന്നയാളാണ്. കേരളം അദ്ദേഹത്തോടൊപ്പംചേര്ന്നു നില്ക്കുക തന്നെയാണ് ചെയ്തിട്ടുള്ളതെങ്കിലും കവിത മോഷ്ടിച്ചെടുത്ത് ദുരുപയോഗം ചെയ്തവരാകട്ടെ ആ തലത്തിലുള്ള ഒരന്തസ്സ് പ്രകടിപ്പിച്ചിട്ടില്ല എന്നതാണ് വസ്തുത.
രണ്ടാമത്, കുറഞ്ഞ കാലം കൊണ്ട് അര്ഹിക്കുന്നതിനെക്കാളേറെ പ്രശസ്തി പിടിച്ചു പറ്റിയ ദീപ നിശാന്ത് എന്ന അധ്യാപികയാണ്. കവിത മോഷ്ടിക്കപ്പെട്ടതിനെക്കുറിച്ചും ആ സാഹചര്യത്തെക്കുറിച്ചും അവര്ക്ക് പറയുവാന് എത്രയോ കാരണങ്ങളുണ്ടായെന്നു വരാം. എത്രയോ ന്യായീകരണങ്ങളുണ്ടായെന്നു വരാം.എന്നാല് അന്യന്റെ ഒരു സൃഷ്ടിയെ സ്വന്തം പേരില് പ്രസിദ്ധീകരിക്കാന് തീരുമാനിച്ച ആ നിമിഷം അവരുടെ വാദങ്ങളെല്ലാം തന്നെ നിരർത്ഥകമായിത്തീര്ന്നുകഴിഞ്ഞു.അതുകൊണ്ടുതന്നെ എന്തൊക്കെ വൈകാരികതകളെ കൂട്ടുപിടിച്ചാലും അവര് മോഷണക്കേസിലെ കൂട്ടുപ്രതി മാത്രമാണ്. ബാക്കിയുള്ള മുഴുവന് വിശേഷണങ്ങളും അസ്ഥാനത്തായിരിക്കുന്നു.
മൂന്നാമത്തെ സങ്കടം എം ജെ ശ്രീചിത്രന് എന്ന പ്രഭാഷകനാണ്.ഇപ്പോള് ദീപാ നിശാന്തിനെക്കാളും മുന്നേ കൈയ്യാമം വെയ്ക്കേണ്ടത് ശ്രീ ചിത്രനെയാണ് എന്ന അഭിപ്രായമാണ് എനിക്കുള്ളത്. പ്രശസ്തിക്കുവേണ്ടി അന്യന്റെ മുതല് സ്വന്തമാക്കിയ ദീപയുടെ പങ്കിനെ കുറച്ചു കാണുകയല്ല മറിച്ച് ശ്രീചിത്രനുണ്ടാക്കിയെടുത്ത പ്രിവിലേജുകളെ ഉപയോഗിച്ചുകൊണ്ട് ദീപയെ പറഞ്ഞു വിശ്വസിപ്പിച്ചുവെന്ന കുറ്റത്തിനാണ് ഞാന് മുന്ഗണന കൊടുക്കുന്നത്.അയാള് ചെയ്തത് കൊടിയ അനീതിയാണ്.ഇത്രമാത്രം മൂല്യബോധം പ്രദര്ശിപ്പിക്കുന്ന ഒരാളെ കേരളത്തിലാരും ഒറ്റയടിക്കു അവിശ്വസിക്കുമെന്നു തോന്നുന്നില്ല. അതില്ത്തന്നെയാണ് ദീപ നിശാന്തും വീണുപോയത്.ശ്രീചിത്രന്റെ മനസ്സ് വിദഗ്ദരായ മനശാസ്ത്രജ്ഞന്മാരാല് പരിശോധിക്കപ്പെടേണ്ടതുതന്നെയാണ്. പിന്നിട്ടുപോന്ന ജീവിതത്തിലെ എന്തോ ചില അസ്വാഭാവികതകള് അയാളില് ചുരമാന്തി നില്ക്കുന്നുണ്ട്.
ഒരു റഫീക് ഇബ്രാഹിം ചൂണ്ടിക്കാണിച്ചതുപോലെ വര്ഗ്ഗീയതക്കെതിരെ ശ്രീചിത്രനുന്നയിച്ച ഒരാക്ഷേപവും ഇക്കാരണംകൊണ്ട് അസാധുവാകുന്നില്ല. കള്ളനാണെങ്കിലും കിണറുകുത്തിക്കൊടുത്താല് യാത്രക്കാരന് ദാഹജലം നല്ക്കുന്നുവെങ്കില് അതു മൂടിക്കളയേണ്ട കാര്യമില്ലല്ലോ. മാത്രവുമല്ല കുറ്റവാളികളെക്കൊണ്ട് ഇത്തരം ജോലി ചെയ്യിപ്പിക്കേണ്ടതുമാണ്.കറയെല്ലാം കഴുകിക്കളഞ്ഞ് ദീപാ നിശാന്തും ശ്രീചിത്രന് എം ജെയും തിരിച്ചുവരുമെന്ന് ഞാന് പ്രത്യാശിക്കുന്നു.
Comments