#ദിനസരികള് 598


താന് വിശ്വസിക്കുന്നതില് അമിതമായി വിശ്വസിക്കുക എന്ന സ്വഭാവക്കാരനാണ് സാഹിത്യവാരഫലക്കാരനായ എം കൃഷ്ണന് നായര്. തന്റെ ബോധ്യങ്ങളെക്കുറിച്ചുള്ള , അതിന്റെ മാനങ്ങളെക്കുറിച്ചുള്ള ഒരുതരം ഊറ്റംകൊള്ളല് അദ്ദേഹത്തിന്റെ എഴുത്തില് കാണാം. അത്തരത്തിലുള്ള ഉയര്ന്ന തലത്തിലുള്ള നിലയില് നിന്നുകൊണ്ട് സാഹിത്യത്തെ വിലയിരുത്തുമ്പോള് പുകഴ്ത്തപ്പെടേണ്ടത് പുകഴ്ത്തപ്പെടുകതന്നെ വേണമെന്നും ഇകഴ്ത്തേണ്ടത് എത്രയും ഇകഴ്ത്തപ്പെടണമെന്നുമാണ് അദ്ദേഹം ചിന്തിക്കുക.എന്നുവെച്ചാല് സാധാരണ ഭാഷയില് പറഞ്ഞാല് അടിക്കാനാണ് തീരുമാനിക്കുന്നതെങ്കില് അടിച്ചു തറപറ്റിക്കണം. മറിച്ച് വളര്ത്താനാണു തീരുമാനിക്കുന്നതെങ്കില് ലാളനയുടെ പരമാവധി നല്കി വളര്ത്തുക എന്നതാണ് അദ്ദേഹം പുലര്ത്തുന്ന രീതിശാസ്ത്രം. ഉദാഹരണത്തിന് വള്ളത്തോളിനെക്കുറിച്ച് ബഹുമാനത്തോടെ സംസാരിക്കുന്ന അദ്ദേഹം എഴുതുന്നതുനോക്കുക “സിംഹങ്ങള് തമ്മില് ഇണ ചേരുമ്പോള് സിംഹത്തിനും സിംഹിക്കുമറിയാം ജനിക്കാന് പോകുന്നത് സിംഹക്കുട്ടിയായിരിക്കുമെന്ന്.വള്ളത്തോള് ഭാഷയുമായി അഭിരമിക്കുമ്പോള് ജനിക്കുമ്പോള് കവിതായിരിക്കുമെന്ന് ഭാഷക്കും വള്ളത്തോളിനും അറിയാം.മൂങ്ങകള് ഇണ ചേരുമ്പോള് ജനനംകൊള്ളുന്നത് കുയിലായിരിക്കുമെന്ന് അവ വിചാരിക്കുമെങ്കിലും കുയില് തന്നെ ഉണ്ടാകുമോ?” ഈ പ്രസ്താവനയിലെ ആദ്യഭാഗം വള്ളത്തോളിനെ പുകഴ്ത്താനും ഉത്തരഭാഗം ചില കവികളെ ഇകഴ്ത്താനുമാണ് പ്രയോഗിച്ചത്. വള്ളത്തോള് ഭാഷയുമായി ഇണ ചേര്ന്നാല് ഉത്തമമായ കവിത മാത്രമേയുണ്ടാകുവെന്നു ശാഠ്യം പിടിക്കുന്നതിനു പിന്നില് കൃഷ്ണന് നായര്ക്ക് വള്ളത്തോളിനെ ഇഷ്ടമാണ് എന്നതുമാത്രമാണ് കാരണമായിട്ടുള്ളത്.അതുകൊണ്ടുതന്നെ വള്ളത്തോളിന്റേതായിട്ടുള്ളതെല്ലാം ഉന്നകൃതനിലവാരത്തിലുള്ളതായിരിക്കുമെന്നാണ് മുന്വിധി.ഇകഴ്ത്തലിനുള്ള ഒരുദാഹരണം നോക്കുക” കേരളത്തിലെ ചെറുകഥകള് വായിക്കുക എന്നത് കാളവണ്ടിയില് യാത്ര ചെയ്യുക എന്നതിനു തുല്യമാണ്.അത് ജോള്ട്ടുണ്ടാക്കുന്നു. തട്ടലും മുട്ടലും കൂടുമ്പോള് കലകറക്കം ഉണ്ടാകും.അതിന്റെ ഫലമായി ഛര്ദ്ദിക്കാന് തോന്നും “ മലയാളെ ചെറുകഥയെക്കുറിച്ചുള്ള അടച്ചാക്ഷേപമാണ് ഈ പ്രയോഗമെന്നത് ഓര്ക്കണം.ഇതിലും നിശിതമായി അദ്ദേഹം ചില വ്യക്തികളേയും കൃതികളേയും അടയാളപ്പെടുത്തിയിട്ടുമുണ്ട്.



ഇങ്ങനെ വിരുദ്ധകോടികളുടെ പരമാവധികളെ ഉപയോഗിച്ചു കൊണ്ട് കൃതികളെ വിലയിരുത്തുന്ന രീതി പലപ്പോഴും സാഹിത്യത്തിന് ഭൂഷണമാണോയെന്ന് സാഹിത്യ കുതുകികള് വിളക്കുവെച്ചാലോചിക്കണം. എന്നാല് കവിയശപ്രാര്ത്ഥികളായ ക്ഷുദ്രജീവികളുടെ വാസനാവൈകൃതങ്ങള്കൊണ്ട് നാടാകെ കവി-കവിതാമയമായിരിക്കുന്നതുകൊണ്ട് ഇത്തരത്തിലൊരു നിരൂപകന് മലയാളത്തില് ഇപ്പോള് ഉണ്ടാകുന്നത് നല്ലതായിരിക്കുമെന്ന് എനിക്ക് അഭിപ്രായമുണ്ട്.കണക്ക് അധ്യാപകനെ കാണുമ്പോള് ഹോംവര്ക്കു ചെയ്യാതെ കതകിനു പിന്നിലൊളിക്കുന്ന വിദ്യാര്ത്ഥികളെപ്പോലെ താല്കാലികമായെങ്കിലും ഈ കവിക്കൂട്ടത്തിനെ ഒന്നൊളിപ്പിച്ചു വെക്കാന് കൃഷ്ണന് നായരെപ്പോലെയുള്ള ഒരാള് ഇവിടെയുണ്ടാവുന്നത് നന്നായിരിക്കും.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1