#ദിനസരികള് 600
കേരളത്തില് ഏകദേശം ഒന്നര നൂറ്റാണ്ടുകാലമായി നിലനിന്നുപോരുന്ന സമുദായ പരിഷ്കരണശ്രമങ്ങളെ യൂറോപ്പില് നടന്ന റിനൈസന്സിന് തുല്യമായി കണ്ടുകൊണ്ട് നവോത്ഥാനമെന്നപേരില് നാം ആവോളം ചര്ച്ച ചെയ്തുകഴിഞ്ഞു.മനുഷ്യജീവിതത്തിന്റെ ഇരുണ്ട കോണുകളിലേക്ക് വെളിച്ചം വീശാന് കഴിഞ്ഞതുകൊണ്ട് അത്തരം ശ്രമങ്ങള് ഒരു നവ ഉത്ഥാനമായി പരിഗണിക്കപ്പെട്ടുപോന്നു എന്നല്ലാതെ യൂറോപ്പിലെ നവോത്ഥാനത്തിന് തുല്യതപ്പെട്ടുനില്ക്കുന്ന ഒന്നാണ് നമ്മുടെ മുന്നേറ്റങ്ങളെന്ന് കരുതുന്നത് ചരിത്രപരമായി ശരിയല്ല.പക്ഷേ മണ്ണില് പണിയെടുക്കുന്ന എല്ലാത്തരം മനുഷ്യനിലേക്കും ആധുനിക ജനപഥങ്ങള് പോറ്റിപ്പുലര്ത്തുന്ന പ്രഭാപൂരിതമായ ചില ആശയങ്ങളെ അനുവദിച്ചുകൊടുക്കുവാന് ഈ മുന്നേറ്റങ്ങള്ക്കു കഴിഞ്ഞുവെന്നത് നിശ്ചയമാണ്.അതുകൊണ്ടുതന്നെ നവോത്ഥാനമെന്ന പേര് ഒരു പരിധിവരെ അന്വര്ത്ഥമാണ് എന്നു നാം വാദത്തിനു വേണ്ടിയെങ്കിലും സമ്മതിക്കേണ്ടിവരും.
നവോത്ഥാനം ഇവിടെയെന്താണ് ചെയ്തത്? ഉത്തരം കഴിയുന്നത്ര നേര്ക്കു നേര് പറയാന് ശ്രമിക്കട്ടെ . നവോത്ഥാനം ഇവിടെ എല്ലാ മനുഷ്യനേയും മനുഷ്യനായിത്തന്നെ പരിഗണിക്കണമെന്നു ചിന്തിക്കുന്ന ഒരു മൂല്യബോധംവളര്ത്താന് ശ്രമിച്ചു. ശ്രേണീബദ്ധമായ ജാതീയതയിലെ താഴെത്തട്ടിനെ ആടുമാടുകള്‌ക്കൊപ്പംപോലും പരിഗണിക്കപ്പെടാന് യോഗ്യതയില്ലാത്തവര് എന്ന സവര്ണനിലപാടിനെ നവോത്ഥാനം കുത്തിയിളക്കിക്കൊണ്ട് മനുഷ്യരെല്ലാവരും തുല്യരാണെന്ന ആശയം സമൂഹത്തിലേക്ക് പ്രവഹിപ്പിച്ചു.അതിന്റെ ഫലമായി മനുഷ്യര് തമ്മിലുള്ള ജാതീയമായ വേര്തിരിവുകള് വെല്ലുവിളിക്കപ്പെട്ടു. സവര്ണന്റെ വേദികള് അവര്ണനും അവകാശപ്പെട്ടതാണെന്ന വാദത്തിനു പ്രാമുഖ്യം ലഭിച്ചതുകൊണ്ട് ക്ഷേത്രങ്ങളും വഴികളുമൊക്കെ പൊതുഇടങ്ങളായി അംഗീകരിക്കപ്പെട്ടു.സ്ത്രീകള് പ്രസവശേഷി മാത്രം പ്രകടിപ്പിച്ചാല് മതിയെന്ന ധാരണ തിരുത്തപ്പെട്ടു.ചുരുക്കത്തില് പൊതു എന്ന ആശയത്തിന് കൂടുതല് പ്രസക്തി കൈവരികയും , അങ്ങനെ നാളിതുവരെ നിലനിന്നുപോന്നിരുന്ന യാഥാസ്ഥിതികമായ ഒട്ടധികം ഇടുങ്ങിയ ധാരണകള് വളരെയധികം തിരുത്തപ്പെടുകയും ചെയ്തു.
ഇനി നവോത്ഥാനത്തിന്റെ അടുത്ത ഘട്ടമെന്താണ്? തുല്യത എന്ന ആശയത്തിന് വലിയ തോതില് സ്വീകാര്യത ലഭിച്ചുവെങ്കിലും പരിപൂര്ണമായും നാം അതിനെ സ്വാംശീകരിച്ചു കഴിഞ്ഞിട്ടില്ല.ജാതീയമായ വേര്തിരിവുകള് പല തരത്തിലും തലത്തിലും തിരിച്ചുവരുന്നു. സ്ത്രീ പുരുഷന്മാര് തമ്മിലും ഏറ്റക്കുറച്ചിലുകള് നിലനില്ക്കുന്നു. ശാസ്ത്രീയാവബോധമെന്നതു സ്കൂള് - കോളേജു രംഗത്തുമാത്രമായി ഒതുങ്ങിപ്പോകുന്നുവെന്നതു വലിയ വെല്ലുവിളിയാകുന്നു.ഒരിക്കല് നാം ക്ഷേത്രങ്ങളിലേക്ക് എത്തിച്ചവരെ അവിടെ നിന്നും തിരിച്ചിറക്കാനുള്ള കഠിനമായ പരിശ്രമത്തിന് എപ്പോഴേ തുടക്കം കുറിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു ഘട്ടത്തില് നാം ഏറെക്കുറെ കീഴടക്കിയ പല അപരിഷ്കൃത ചിന്തകളും തിരിച്ചുകയറിവരുന്നു.ഇങ്ങനെ സമൂഹത്തെ പിന്നോട്ടടിക്കുന്ന മുഴുവന് പ്രതിലോമതകളേയും എതിര്ത്തു തോല്പിക്കുക എന്ന കഠിനകര്മ്മമാണ് നവോത്ഥാന സങ്കല്പങ്ങളെ സമൂഹത്തില് യുക്തിപൂര്വ്വം വിതരണം ചെയ്യുന്നതിനുവേണ്ടി നമുക്കു ചെയ്യാനുള്ളത്.
അതുകൊണ്ടു നാം കീഴടക്കിയെന്ന് ആഘോഷിക്കുന്നവയെക്കാള് എത്രയോ ഉയരങ്ങള് ഇനിയും നമുക്കു മുന്നില് ബാക്കി നില്ക്കുന്നു എന്ന ബോധ്യത്തില് നിന്നുകൊണ്ട് രണ്ടാംഘട്ട നവോത്ഥാനമുന്നേറ്റങ്ങള്ക്ക് നാം കാഹളമൂതുക.
Comments