#ദിനസരികള്‍ 576
ഞായര്‍ കാഴ്ചകളില്‍
അറവുശാലകളിലേക്ക് ആനയിക്കപ്പെടുന്ന
കന്നു കാലികള്‍.
കുളിപ്പിച്ചിട്ടുണ്ട് , പലതിനേയും
പൊട്ടുകുത്തിയിട്ടുണ്ട്, പൊതുവായി.
കൊമ്പുകളില്‍ നിറമടിച്ചിട്ടുണ്ട്.
ചെവികളില്‍ സുവര്‍ണ നിറത്തിലുള്ള
കുണ്ഡലങ്ങളുണ്ട് , ചിലതൊക്കെ തിളതിളങ്ങുന്നു.
കഴുത്തില്‍ മാലയുണ്ട്, പല നിറങ്ങളില്‍ , പല പൂക്കള്‍കൊണ്ട്.
മെഴുക്കു തേച്ച് ഉടലാകെ മിനുക്കിയെടുത്തിട്ടുണ്ട്.
കുളമ്പുവെട്ടി നിറമടിച്ചു യുക്തമാക്കിയിട്ടുണ്ട്.
വാലുചീകി പൊടിയകറ്റിയിട്ടുണ്ട്, കണ്ടില്ലേ
വിടരാന്‍ വെമ്പി നില്ക്കുന്ന താമരമൊട്ടുപോലെ ?
മാംസളമായ ശരീരത്താല്‍ എല്ലുകളുണ്ടോയെന്നുപോലും
സംശയം.
ഒരു കാര്യമുറപ്പ്.
നന്നായി പരിലാളിക്കപ്പെട്ട കൂട്ടമാണിത്,
പച്ചക്കണ്ണട വെച്ച് ഉണക്കപ്പുല്ലു തീറ്റിയും മറ്റും മറ്റും.
ഓരോരുത്തരും നടന്നുവരുന്ന ആ വരവൊന്നു നോക്കൂ
താടയിളക്കി, കുടമണി കുലുക്കി
തലയൊന്നു ചെരിച്ച് കൊമ്പൊന്നുരച്ച്
ആരോടും പോര്‍ക്കുന്ന ആരവത്തോടെ
ഞാനാദ്യം ഞാനാദ്യം ഞാനാദ്യമെന്ന്.
വായിക്കാനറിയാത്തതു ഭാഗ്യം , അല്ലെങ്കില്‍
മൈതാനത്തിലെ അറവുശാലയെന്നല്ല
തങ്ങള്‍ക്കു മേളിക്കാനുള്ള
വെളിമ്പറമ്പെന്ന് ഇളകി മറിയില്ലല്ലോ!
മിടുക്കര്‍ മിടുക്കര്‍ ആദ്യമാദ്യം
കാരണം അവരാണല്ലോ മിടുക്കര്‍ !
ഞായറാഴ്ചക്കാഴ്ചകളിലെ അറവുശാലകളിലേക്ക് !
സ്വസ്തി പ്രജാഭ്യാം പരിപാലയന്താം....
Comments