#ദിനസരികള് 569
തേവന്‍, കിളിയന്‍,
പൈങ്കന്‍,
തേവന്‍ -
നാലു പുലയക്കുട്ടികള്‍.
ഈ നാലുകുട്ടികളാണ് തിരുവനന്തപുരത്തെ പുല്ലാട്ടെ പ്രധാന ജന്മിയായിരുന്ന ഊന്നുപാറ പണിക്കര്‍ സംഭാവന നല്കിയ സ്ഥലത്ത് നിര്മിച്ച സര്‍ക്കാര്‍ വക എല്‍ പി സ്കൂളില്‍ പഠിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 1914 ല് മുന്നോട്ടു വന്നത്.അന്നത്തെ സാമൂഹ്യസാഹചര്യത്തില്‍ പുലയവിഭാഗത്തില്‍ നിന്നുള്ളവര്‍ പഠിക്കുന്നതിനെപ്പറ്റി ചിന്തിക്കുക എന്നതുപോലും അസാധ്യമായിരുന്നുവെന്ന കാര്യം മനസ്സിലാക്കുക. കുട്ടികളെ പഠിപ്പിക്കാനയക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് രക്ഷിതാക്കളെ സമീപിച്ചവരോട് അതു കൊടിയ പാപമാണെന്നായിരുന്നു അവരുടെ മറുപടി.കന്നുകാലികളെ തീറ്റിപ്പോറ്റാനും വയലുകളില്‍ നേരം വെളുക്കുന്നതുമുതല്‍ കണ്ണിലിരുട്ടുകയറുന്നതുവരെ പണിയെടുക്കാനുമല്ലാതെ മറ്റൊന്നിനും അവകാശമില്ലാത്തവരാണ് തങ്ങളെന്ന് സ്വയം നിശ്ചയിച്ചുറപ്പിച്ച ഒരു വര്ഗത്തിന് ഇത്തിരിയെങ്കിലും മനംമാറ്റമുണ്ടാകാന്‍ കൃസ്ത്യാനികളായ അധ്യാപകര്ക്ക് നാളുകളൊരുപാട് നീക്കിവെക്കേണ്ടിവന്നു.മതം മാറുന്നതോടെ ജാതിയതയുടെ പല നൂലാമാലകളില്‍ നിന്നും രക്ഷ നേടിയ കൃസ്ത്യാനികളായ അധ്യാപകരെപ്പോലും സ്കൂളുകളില്‍ പ്രവേശിപ്പിക്കുവാന്‍ സവര്‍ണമാടമ്പിമാര്‍ തയ്യാറായിരുന്നില്ല.പുലയക്കുട്ടികളെക്കൂടി പഠിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടതോടെ ഈ അധ്യാപകരേയും ശത്രുക്കളായിട്ടാണ് അവര്‍ പരിഗണിച്ചത്.
പുല്ലാട്ടു സ്കൂളില്‍ പുലയക്കുട്ടികളെ പഠിക്കാന്‍ അനുവദിക്കണമെന്ന് അക്കാലത്തെ പ്രജാസഭാ മെമ്പറായിരുന്ന ചോതി സ്കൂളിന്റെ മാനേജറായിരുന്ന പണിക്കരെ കണ്ട് ആവശ്യപ്പെട്ടതോടെ കലാപത്തിനു തിരശീല ഉയരുകയായിരുന്നു.ഒരു കാരണവശാലും സ്കൂളില്‍ ചേര്‍ത്തു പഠിപ്പിക്കില്ല എന്ന പണിക്കര്‍ നിലപാടെടുത്തു. പിറ്റേ ആഴ്ച സ്കൂളില്‍ ചേരാന്‍ വന്നവരേയും കൂടെ വന്നവരേയുമൊക്കെ നായന്മാരുടെ സഹായത്തോടെ സവര്ണസംഘം അടിച്ചോടിച്ചു.
അവര്ക്ക് സ്കൂളില്‍ പ്രവേശനം അനുവദിക്കുന്നത് തടയാന്‍ കഴിഞ്ഞെങ്കിലും പുലയക്കുട്ടികളും മറ്റും തന്റെ സ്ഥലത്ത് അതിക്രമിച്ചു കടന്നതില്‍ ഖിന്നനായ കാരണവര്‍ സ്കൂളിനെ അഗ്നിക്കിരയാക്കി.കുറച്ചു ദിവസങ്ങള്ക്കു ശേഷം ഒറ്റ രാത്രികൊണ്ട് സ്കൂള്‍ ഉയര്‍ത്തെണീറ്റു.മുമ്പില്‍ പുലയ പള്ളിക്കൂടം എന്ന ബോര്ഡും സ്ഥാപിക്കപ്പെട്ടു.
പഠിക്കാന്‍ തയ്യാറായി വന്ന നാലുകുട്ടികളുടെ മുമ്പില്‍ നായര്‍ സംഘത്താല്‍ ആ പ്രയത്നവും അഗ്നിക്കിരയാക്കപ്പെട്ടു.
നിരാശനായ അധ്യാപകനും ചോതിയും അയ്യങ്കാളിയെ സമീപിച്ചു.പുലയക്കുട്ടികളുടെ വിദ്യാഭ്യാസം തന്റെ ജീവിതവ്രതമായി സ്വീകരിച്ച അയ്യങ്കാളും കൂട്ടരും ഇടപെട്ടതോടെ കാര്യങ്ങള്ക്കു തീരുമാനമായി.കുട്ടികളുടെ വിദ്യാഭ്യാസത്തിനു വിലങ്ങുതടിയായി നില്ക്കുന്നവരെ അറസ്റ്റു ചെയ്യാന്‍ ദിവാന് സി രാജഗോപാലാചാരിയുടെ ഉത്തരവിറങ്ങി. അനുകൂലമായി നിലപാടെടുത്ത വിദ്യാഭ്യാസ ഡയറക്ടരായിരുന്ന മിച്ചലും മാതൃകയായി.സവര്ണരായ കുട്ടികള്‌ക്കൊപ്പം എന്ന ആവശ്യത്തില്‍ ചില വിട്ടുവീഴ്ചകള്‍
ചെയ്യേണ്ടി വന്നുവെങ്കിലും പുലയക്കുട്ടികളേയും സ്കൂളില്‍ പ്രവേശിപ്പിച്ചു. നടന്ന കാര്യങ്ങള്‍ സഹിക്കാനാകാതെ അന്ന് രാത്രി ഊന്നുപാറ പണിക്കര്‍ ഹൃദയം പൊട്ടി മരിച്ചു.
ഇതുപോലെയുള്ള എത്രയോ പരിതോവസ്ഥകളെ പിന്നിട്ടുകൊണ്ടാണ് , വെല്ലുവിളികളെ എതിര്ത്തു തോല്പിച്ചുകൊണ്ടാണ് ഇന്നു കാണുന്ന ഒരു ജനത പരുവപ്പെട്ടു വന്നത് ? തുല്യത എന്ന ആശയം തന്നെ ഘോരപാപമെന്ന് ചിന്തിച്ചിരുന്ന ഒരു കാലത്തു നിന്നാണ് തുല്യത ഒരു അവകാശമാണെന്ന് തിരിച്ചറിഞ്ഞ് നാം നടപ്പില്‍ വരുത്തിയത്. ഇനി വേണ്ടത് ഈ തുല്യത നിലനിറുത്താനുള്ള ജാഗ്രതയാണ്.
ജാതിയുടേയും മതത്തിന്റേയും പേരില്‍ ലിംഗത്തിന്റേയും ഭാഷയുടേയും ദേശത്തിന്റേയും പേരില്‍ തുല്യത നഷ്ടപ്പെട്ടുപോകാതിരിക്കാനുള്ള ജാഗ്രതയാണ് കാലം നമ്മില്‍ നിന്നും ആവശ്യപ്പെടുന്നത്.
പട്ടേട്ട് - 04-11-2018
Comments