#ദിനസരികള് 570


(പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം തുടര്ച്ച )

“ഭക്ഷണ വിഷയത്തിലുള്ള വിവേചനം കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒരു പ്രത്യേകതയായിരുന്നു.അതൊരു സവിശേഷതയാക്കി അന്നുള്ളവര് വളര്ത്തിയെടുത്തിരുന്നു.കേരളീയരില് ഏറ്റവും സര്വ്വാദരണീയമായ സമുന്നത പദവി വഹിച്ചിരുന്നതു നമ്പൂതിരി സമുദായമായിരുന്നു.നമ്പൂതിരിമാരിലെ ആഡ്യ – ആസ്യ വിഭാഗം തൊട്ടു താഴോട്ടു പോകുന്തോറും ജാതിമേന്മ പന്തിമേന്മയായും – ഭക്ഷണത്തിന് ഒരു വരിയില് നിരന്നിരിക്കല് - ജാതിക്കിഴിവ് പന്തിക്കിഴിവായും വളര്ന്ന് പന്തലിച്ച് കേരളീയ സമുദായത്തെയാകെ പല തട്ടുകളായി വേര്തിരിച്ചു നിറുത്തിയിരിക്കുന്ന അത്ഭുതകരമായ കാഴ്ച കാണാ”മെന്ന് ഭാസ്കരനുണ്ണി എഴുതുന്നുണ്ട്. ജാതീയത ജീവിതത്തിന്റെ സമസ്ത നിലകളേയും എത്തിപ്പിടിക്കുകയും വരുതിയിലാക്കുകയും ചെയ്തിരുന്നു. നമ്പൂതിരിമാരില്തന്നെ ഒരേ പന്തിക്ക് ഇരിക്കാത്തവരും തൊട്ടുണ്ണാത്തവരുമുണ്ടായിരുന്നു.തൊട്ടുകൂടായ്മക്ക് സമാന്തരമായി തൊട്ടുണ്ണായ്കയും ആചരിക്കപ്പെട്ടിരുന്നു.ആഭിജാത്യം കുറഞ്ഞ ഇല്ലങ്ങളിലേക്ക് കല്യാണം കഴിപ്പിച്ച യുവതികള് എന്തെങ്കിലും കാരണത്താല് തിരിച്ചു വരാനിടയായാല് അവരുമൊത്ത് ഭക്ഷണം കഴിക്കുകയില്ല എന്നിടത്തോളം തൊട്ടുണ്ണായ്ക വളര്ന്നിരുന്നു.

‘ആഭിജാത്യത്തിന്റെ അധികമേന്മ’യായി കണ്ട ഇത്തരം ആചാരങ്ങള് കടുകിട വിട്ടുവീഴ്ച കൂടാതെ പാലിക്കാന് ജാതീകൃതമായ ആ സമൂഹം ബദ്ധശ്രദ്ധരായിരുന്നു.നൂറ്റിയറുപതോളം (1901 ലെ സെന്സസ് അനുസരിച്ച് ) ഉപജാതികള് ഇങ്ങനെ “വാക്കിലോ പെരുമാറ്റത്തിലോ സമത്വമോ ഭക്ഷണമോ വിവാഹമോ അന്യോന്യമുള്ള മറ്റു ചങ്ങാത്തമോ” ഒന്നമുണ്ടായിരുന്നില്ല.എന്നാല്പ്പീന്നീട് തമ്മില് കലര്ന്നും കലര്പ്പുകളെ തിരിച്ചറിയാനാകാതെയും 1931 ലേക്കെത്തുമ്പോഴേക്കും പല ഉപജാതികളും നാമാവശേഷമായിക്കഴിഞ്ഞിരുന്നു. നൂറ്റി മുപ്പത്തെട്ടു നായര് വിഭാഗങ്ങളുള്ളവയില്ച്ചിലത് പേരിനു വേണ്ടി മാത്രം അവശേഷിച്ചുവെന്ന മട്ടിലായി.നായരായ ഭര്ത്താവിന്റെ വീട്ടില് വെച്ച ഭക്ഷണം ചില ഉപജാതിയില് നിന്നും വരുന്ന ഭാര്യക്കുപോലും നിഷിദ്ധമാണെന്ന് അറിയുമ്പോഴാണ് എത്ര ഭീകരമായിരുന്നു ജാതിയുടെ വഴികളെന്ന് നാം തിരിച്ചറിയുക.കൃസ്ത്യാനികളുടെ ഇടയിലും ഇത്തരം ജാതി ഉപജാതി വേര്തിരിവുകള് കണ്ടെത്താനാകും. പൊയ്കയില് അപ്പച്ചനെ ബൈബിള് കത്തിക്കുന്നതിലേക്ക് നയിച്ചത് കൃസ്ത്യന് മതസമൂഹത്തിലെ ജാതി ചിന്തകളാണ് എന്ന കാര്യമോര്മ്മിക്കുക.

ഇത്തരം ആചാരങ്ങളെ ലംഘിച്ചാലുണ്ടാകുന്ന ശിക്ഷ ഏറ്റുവാങ്ങുന്ന ഒരാളില് മാത്രമല്ല അയാളുടെ അടുത്ത തലമുറകളിലേക്കും നീണ്ടുപോകുന്ന തരത്തിലായിരുന്നു. പന്തിയിലെ ഭേദങ്ങള് അഥവാ ജാത്യാചാരങ്ങള് അംഗീകരിക്കാത്തവര്ക്ക് ഭ്രഷ്ട് കല്പിക്കപ്പെട്ടാല് അയാളുടെ കുടുംബമൊന്നാകെ ഭ്രഷ്ടിന്റെ പരിധിയിലേക്ക് വന്നുചേരുമായിരുന്നു.അത്തരക്കാരുമായി പിന്നീടൊരിക്കിലും യാതൊരു വിധത്തിലുള്ള കൂടിച്ചേരലുകളും അനുവദനീയമായിരുന്നില്ല.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം