#ദിനസരികള് 573


ചരിത്രത്തില് നിന്ന് നിങ്ങളുടെ വര്ത്തമാനങ്ങളുടെ കാല്മടമ്പിലേക്ക് കുത്തിക്കയറുന്ന ചോദ്യങ്ങളുണ്ട് :-

അമ്പലത്തിച്ചെണ്ട കൊട്ടാന്
പശുവിന്റെ തോലതുകൊള്ളാം
അമ്പലത്തിപ്പൂപറിക്കാന്
പറയന്റെ കൊട്ടവേണം
എന്തു ശുദ്ധി ബ്രാഹ്മണാ?
ഏതു ശുദ്ധി ബ്രാഹ്മണാ?

ചോദ്യവും ചോദ്യത്തിലേക്ക് നയിച്ച സാമൂഹിക സാഹചര്യങ്ങളും ഒറ്റരാത്രി കൊണ്ട് ഏതെങ്കിലും തമ്പുരാന്റെ കനിവില് രൂപപ്പെട്ടു വന്നതല്ല. ഇഞ്ചോടിഞ്ചു പോരാടിയും വാളെടുക്കേണ്ടിടത്തു വാളെടുത്തും ചോര ചിന്തേണ്ടിടത്തു ചോരചീന്തിയും നെടുനാളത്തെ സമരം നയിച്ചതിന്റെ ബാക്കിപത്രമാണ് ഈ ചോദ്യങ്ങള്. അവയുടെ ഉത്തരമോ? അതുവരെ അനുഭവിച്ചു പോന്ന എല്ലാ ദുരിതങ്ങളേയും അസാധുവാക്കിക്കൊണ്ട്, ഞങ്ങളും നിങ്ങളും തമ്മിലൊരു വ്യത്യാസവുമില്ല എന്ന പ്രഖ്യാപനമായിരുന്നു. നോക്കുക

നിങ്കളെ കൊത്ത്യാലും
ചോര ചുമപ്പ്
നാങ്കളെ കൊത്ത്യാലും
ചോര ചുമപ്പ് –

ഈ ആര്ജ്ജവത്തിനെ നമുക്ക് ദാര്ഷ്ട്യമെന്നോ അഹങ്കാരമെന്നോ ഒക്കെ പേരിട്ടു വിളിക്കാം.പക്ഷേ അതൊരു ചരിത്രപരമായ അനിവാര്യതയായിരുന്നു എന്നു തിരിച്ചറിയുന്നവര് ഈ ഉത്തരത്തെ നെഞ്ചേറ്റും.
പറയനൊരു പള്ളി പുലയനൊരു പള്ളി
മീന്പിടുത്തക്കാരന് മരയ്ക്കാനൊരു പള്ളി
അപ്പനൊരു പള്ളി മകനിന്നൊരു പള്ളി
വീട്ടുകാര്‌ക്കെല്ലാം വേറെ വേറെ പള്ളി
തമ്പുരാനൊരു പള്ളി അടിയാനൊരു പള്ളി
- എന്ന് വ്യസനപ്പെടുന്നത് സാക്ഷാന് പൊയ്കയില് അപ്പച്ചനാണ്. ഇന്നാണെങ്കില് വിശ്വാസത്തിന്റേയും ആചാരത്തിന്റേയും പേരില് നാമിതിനെയൊക്കെ ന്യായീകരിക്കുമായിരുന്നുവെന്നോര്ക്കുമ്പോഴാണ് എത്ര ദൂരമാണ് നാം പിന്നിലേക്ക് നടന്നെത്തിയതെന്ന് ആലോചിക്കുക.

അതെ, നാം ഒരു പാടു ദൂരം പിന്നിലേക്ക് പുറപ്പെട്ടു പോന്നിരിക്കുന്നു. പിന്നോട്ടുള്ള ഓരോ ചുവടുവെപ്പുകളിലും ശ്രീനാരായണനും അയ്യങ്കാളിയും കെപി കറുപ്പനും ചട്ടമ്പിസ്വാമിയും കുമാരഗുരുദേവനും മക്തിത്തങ്ങളും ബ്രഹ്മാനന്ദ ശിവയോഗിയും അയ്യാവൈകുണ്ഠരും ആര്ത്തരായി വിലപിക്കുന്നതിനെ നാം അവഗണിച്ചു.ഇനി ചെന്നു വീഴാനുള്ളത് ഒരിക്കല് നാം ഉപേക്ഷിച്ചു പോന്ന ഇരുളിന്റെ കയത്തിലേക്കാണ്. അതാണോ അഭികാമ്യമെന്ന് നിങ്ങള്ക്കു തീരുമാനിക്കാം. പക്ഷേ , നാളെ വരാനിരിക്കുന്നവര് ചെളിയിലാണോ ജീവിച്ചുപോകേണ്ടതെന്നാണ് ഇന്നുന്നയിക്കുന്ന പ്രസക്തമായ ചോദ്യം.




Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം