#ദിനസരികള് 571


            ബി ജെ പിയുടെ കേരള ഘടകം പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള ഇന്നലെ ചാവേറുകളുടെ യോഗത്തില്‍ നടത്തിയ പ്രസംഗം കേട്ടപ്പോള്‍ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല. കാരണം ശബരിമല വിഷയം , കേരളത്തില്‍ പിടിച്ചു നില്ക്കാനുള്ള അവസാനത്തെ കച്ചിത്തുരുമ്പായി ബി ജെ പിയും സംഘപരിവാരവും ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് ഇടതുപക്ഷത്തിന് നന്നായി അറിയാമായിരുന്നു. പല തലത്തിലും തീവ്രവാദ ശക്തികളുടെ ഉള്ളിലിരുപ്പ് എന്താണെന്ന് കേരളത്തിലെ മുഖ്യമന്ത്രിയടക്കമുള്ള ഇടതുപക്ഷ നേതാക്കന്മാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിശ്വാസത്തിന്റെ പേരില്‍ ബി ജെ പി കുഴിച്ച കുഴിയില്‍ പോയി വീണത് കേരളത്തിലെ കോണ്‍‌ഗ്രസ്സായിരുന്നു.ഇന്നലെ ശ്രീധരന്‍ പിള്ള നടത്തിയ തുറന്നു പറച്ചിലുകളോടെ ബി ജെ പിയുടെ പാളയത്തോടു ചേര്‍ന്നു നിന്ന കോണ്‍ഗ്രസുകാര്‍ തങ്ങള്‍ക്കു പറ്റിയ തെറ്റു തിരുത്താന്‍‌ തയ്യാറാകുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്. വിശ്വാസത്തിന്റെ പേരില്‍ ബി ജെ പി പടച്ചുണ്ടാക്കിയ രാഷ്ട്രീയ അജണ്ടയ്ക്കു പിന്നാലെ പോകാതെ കേരളത്തെ മതാധിഷ്ഠിത ഫാസിസ്റ്റ് സംഘടനകളില്‍ നിന്നും രക്ഷിച്ചെടുക്കാനുള്ള വഴികളെക്കുറിച്ചാണ് ഒറ്റക്കെട്ടായി ആലോചിക്കേണ്ടതെന്ന് ഇനിയെങ്കിലും അവര്‍ മനസ്സിലാക്കണം.
            പിള്ള വളരെ വ്യക്തമായി കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നു.നോക്കുകഅജൻഡ‌ സെറ്റ് ചെയ്യാൻ സാധിക്കുന്നവരാണ് വിജയിക്കുക. നമുക്ക് ഇപ്പോൾ വന്നത് സുവർണാവസരമാണ്. ശബരിമല ഒരു സമസ്യയാണ്. ആ സമസ്യ എങ്ങനെ പൂരിപ്പിക്കാൻ കഴിയും എന്നാണ് നോക്കേണ്ടത്. മറ്റുള്ളവരുടെ അജൻഡയ്ക്ക് വഴങ്ങുന്നവരല്ല ബിജെപിക്കാർ. ഇപ്പോൾ നമ്മുടെ കൈയിലാണ് അജൻഡ. ആ അജൻഡയിൽ കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും വീഴണം. ഇപ്പോൾ നമ്മുടെ അജൻഡയിൽ അവർ ഓരോന്നായി അടിയറവ് പറഞ്ഞിരിക്കയാണ്. അവസാനം നമ്മളും ഭരണകൂടവും ഭരിക്കുന്ന കക്ഷിയും മാത്രമേ ഉണ്ടാകൂ. കോൺഗ്രസിന്റെ കൈയിലേക്ക് വീഴുമായിരുന്ന കളം നമ്മുടെ കൈയിൽ വന്നു.ശബരിമലയിൽ 10 വയസിനും 50 വയസിനും ഇടയിൽ പ്രായമുള്ള സ‌്ത്രീകൾ പോകാതിരിക്കാൻ പരമാവധി നമ്മൾ പേരാട്ടം നടത്തണം. താൽക്കാലിക നേട്ടമല്ല വേണ്ടത്. ദീർഘകാലം നീണ്ടുനിൽക്കുന്ന പോരാട്ടമാണ് ആവശ്യം.  കാര്യങ്ങള്‍ സുവ്യക്തമാണ്. ശബരിമല എന്ന സമസ്യ പൂരിപ്പിക്കപ്പെടുന്നത് ബി ജെ പിയുടെ ഇഷ്ടത്തിനനുസരിച്ചായിരിക്കണമെന്ന വാശി അവര്‍ക്കുണ്ട്. എങ്കില്‍ മാത്രമേ രാഷ്ട്രീയമായി കളമുറപ്പിക്കുകയെന്ന ദീര്‍ഘകാലത്തെ ആഗ്രഹം അവര്‍ക്കു നടപ്പിലാക്കാനാകൂ.ഈ ഉദ്ദേശം മുന്നില്‍ വെച്ചുകൊണ്ടാണ് വിശ്വാസ സംരക്ഷണമെന്ന മുദ്രാവാക്യത്തെ അവര്‍ വിദഗ്ദമായി ഉപയോഗിച്ചത്. പൊടുന്നനെ ബി ജെ പിയേക്കാള്‍ ശക്തമായി ആ മുദ്രാവാക്യം ഏറ്റു വിളിക്കാന്‍ കോണ്‍ഗ്രസുകാരെ കിട്ടി എന്നാണ് ബി ജെ പിയുടെ പ്രസിഡന്റിന്റെ വെളിപ്പെടുത്തലില്‍‌ നിന്നും വ്യക്തമാകുന്നത്. ബി ജെ പിയുടെ പാളയത്തിലേക്ക് ചെന്നു കയറുന്ന കോണ്‍ഗ്രസുകാരെക്കാണുമ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമാകും.
            ശബരിമലയിലെ സംഘപരിവാര അജണ്ടകള്‍ എന്താണെന്ന് കേരളത്തിന് അറിയാമായിരുന്നുവെങ്കിലും ഇപ്പോള്‍ അവര്‍തന്നെ തുറന്നു സമ്മതിച്ചു കഴിഞ്ഞിരിക്കുന്നു. തന്ത്രിയടക്കമുള്ളവര്‍ പങ്കാളികളായ ഒരു വലിയ ഗൂഡാലോചനയാണ് പിള്ളയുടെ വെളിപ്പെടുത്തലിലൂടെ പുറത്തു വന്നിരിക്കുന്നത്.ഇനി യഥാര്‍ത്ഥ വിശ്വാസികളും മതേതര മനസ്സുകളുമാണ് പ്രതികരിക്കേണ്ടത്.


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1