#ദിനസരികള് 574



            ടി കെ രാമചന്ദ്രന്‍ , നവോത്ഥാനം : കുറിപ്പുകളില്‍ ഇങ്ങനെ എഴുതുന്നു.- “ചക്രവാളത്തില്‍ നിന്നും സന്ധ്യാരാഗം മായുകയും ഇരുട്ടിന് കട്ടികൂടി വരികയും ചെയ്യുമ്പോഴാണ് ജ്ഞാനദേവതയുടെ മൂങ്ങ ചിറകുവിരിക്കുക എന്ന് ഗെഹല്‍.അതുകൊണ്ടുതന്നെ വൈരുദ്ധ്യവാദികളെ സംബന്ധിച്ചിടത്തോളം പൊയ്പ്പോയ സുവര്‍ണകാലങ്ങളെക്കുറിച്ചുള്ള ഓര്‍മ കാല്പനികമായ ഗൃഹാതുരത്വമല്ല.നിഷ്കൃഷ്ടമായ വിശകലനത്തിനും കര്‍ക്കശമായ ആത്മപരിശോധക്കുമുള്ള അവസരമാണത്.അങ്ങനെ നോക്കുമ്പോള്‍ കേരളീയ ജീവിതത്തില്‍നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നവോത്ഥാന നന്മകളെക്കുറിച്ചുള്ള ഏതൊരു ആലോചനയും നമ്മുടെ നവോത്ഥാനത്തിന്റെ ചരിത്രസന്ദര്‍ഭത്തിലേക്കും അതിന്റെ സവിശേഷതകളിലേക്കും കണ്ണയച്ചുകൊണ്ടാണ് ആരംഭിക്കേണ്ടത്.വിശ്രമകാലത്തിന്റെ വിനോദമല്ല നവോത്ഥാനകാലത്തിന്റെ സ്മരണകളിലേക്കുള്ള മടങ്ങിപ്പോക്ക് എന്ന ജാഗ്രതയെ സവിശേഷമായി ശ്രദ്ധിക്കുക. സൈനികന്‍ അടുത്ത യുദ്ധത്തിനു മുമ്പ് ഓര്‍മകളിലൂടെ നടത്തുന്ന ചോര പൊടിയുന്ന ഒരു സംഗ്രാമയാത്രയാണത്.ആ യാത്രയില്‍ യുദ്ധത്തെ, അതുല്പാദിപ്പിക്കുന്ന ദുഖങ്ങളെ അയാള്‍ അറിയുകയും അനുഭവിക്കുകയും ചെയ്യുന്നു.ആ അനുഭവത്തില്‍ നിന്ന് വര്‍ത്തമാനകാല ജാഗ്രതകള്‍ രൂപം കൊള്ളുകയും ഇന്നിന്റെ കെടുതികളോട് നേരിട്ടുനില്ക്കുവാന്‍ അയാള്‍ പ്രാപ്തനായി മാറുകയും ചെയ്യുന്നു.

            ആഴമുള്ള ചരിത്രബോധവും പുനരുത്ഥാനതാല്പര്യങ്ങളുടെ എതിര്‍ദിശയിലേക്ക് സഞ്ചരിക്കുവാനുള്ള ആര്‍ജ്ജവവുമാണ് നവോത്ഥാനബോധ്യങ്ങളുടെ എല്ലുറപ്പായിരിക്കുന്നത്.കഴിഞ്ഞ പത്തോ മുപ്പതോ കാലത്തിനുള്ളില്‍ ഹിന്ദു പുനരുത്ഥാനവാദത്തിന്റെ പ്രായോജികര്‍ ഇന്ത്യയൊട്ടാകെ ഏകമുഖമായ ഒരു വിശ്വാസ പദ്ധതിയെ നടപ്പില്‍ വരുത്താന്‍ കൃത്യമായ അജണ്ടകളോടെ ശ്രമിച്ചുകൊണ്ടിരിക്കുന്നു.നമ്മുടെ കാതലായിരിക്കുന്ന ബഹുസ്വരതയെ നിഷേധിക്കുന്ന ഈ പ്രവണത രാഷ്ട്രീയ ഹിന്ദുത്വയുടെ നടപ്പില്‍ വരുത്തല്‍ കൂടിയാണ്.ഇതു മനസ്സിലാക്കിക്കൊണ്ടുവേണം സര്‍വ്വദിക്കിലേക്കും നീണ്ടിരിക്കുന്ന പുനരുത്ഥാനവാദത്തിന്റെ മുനകളെ നാം നേരിടുവാന്‍. കെ എന്‍ പണിക്കര്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ ഹിന്ദു പുനരുത്ഥാന വാദം ഒരു ആധുനിക പ്രതിഭാസമല്ല.മുതലാളിത്ത വികസനവുമായും ആഗോളീകരണവുമായും സൌഹാര്‍ദ്ദത്തിലാണെങ്കിലും അത് യഥാര്‍ത്ഥത്തില്‍ ആധുനികതകയ്ക്ക് എതിരായ ഒന്നാണ്.അതിന്റെ സാമൂഹ്യ അജണ്ടയില്‍ മതപരമായ പിടിവാശിയും ശാസ്ത്രവിരുദ്ധതയും വളരെയേറെ മുന്നില്‍ നില്ക്കുന്നു (സെക്കുലര്‍ പാഠങ്ങള്‍, ചിന്ത പബ്ലിഷേഴ്സ്) ഇങ്ങനെ വിരുദ്ധ ശക്തികളുമായിപ്പോലും കൈകോര്‍ത്തു പിടിച്ചുകൊണ്ട് തങ്ങളെ അജണ്ടകളെ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഒരു സമസ്യ കേരളം കണ്ടുകൊണ്ടിരിക്കുകയുമാണല്ലോ. തങ്ങള്‍ സൃഷ്ടിച്ച അജണ്ടകളിലേക്ക് ഓരോരുത്തരായി സ്വയം വന്നുവീണുവെന്ന് പുനരുത്ഥാനവാദക്കാര്‍ പറയുന്നത് എത്ര കൃത്യമായ പാടവത്തോടെയാണ് ഇവര്‍ തങ്ങളുടെ താല്പര്യങ്ങളെ നടപ്പിലാക്കിയെടുക്കുന്നത് എന്നതിനുദാഹരണമാണ്.

            ഇവിടെയാണ് ടി കെ, വോത്ഥാന മണ്ണില്‍ നിന്നും തിടംവെച്ചുയര്‍ന്ന പ്രസ്ഥാനങ്ങളെ പ്രതിക്കൂട്ടിലേക്ക് ആനയിക്കുന്നത്  - ശ്രീ നാരായണ ഗുരുവിന്റേയും പെരിയോറുടേയും അംബേദ്കറുടേയുമൊക്കെ നേതൃത്വത്തില്‍ രൂപംകൊണ്ട കീഴാള വര്‍ഗ്ഗപ്രസ്ഥാനങ്ങളേയും നിഷ്കൃഷ്ടമായ അപഗ്രഥനത്തിന് വിധേയമാക്കേണ്ടതുണ്ട്.കാരണം അവയില്‍ അന്തര്‍ഭവിച്ചു കിടന്നിരുന്ന വൈരുധ്യങ്ങള്‍ തന്നെയാണ് ഇന്ന് പുനരുത്ഥാന വാദത്തിന് വളക്കൂറുള്ള മണ്ണ് ഒരുക്കിക്കൊടുത്തിരിക്കുന്നത്.ഉദാഹരണത്തിന് അയിത്തം തീണ്ടല്‍ തുടങ്ങിയ അനാചാരങ്ങള്‍ക്ക് അറുതി വരുത്തിയതടൊപ്പം കീഴാളവിഭാഗങ്ങളെ ബ്രാഹ്മണാധിപത്യപരമായ ക്ഷേത്രാചാരങ്ങളുടെ കൈകളിലേക്ക് തള്ളിവിടുകയും ഇന്നു സംഘപരിവാരത്തിന്റെ അജണ്ടയുടെ ഭാഗമായ  Pain Hindu Identity യുടെ നിര്‍മിതിക്കു വഴിതുറക്കുകയും ചെയ്തിട്ടുണ്ട്.സൂചന, ഏതൊക്കെയോ കാലസന്ധികളില്‍ നാം നവോത്ഥാന മൂല്യങ്ങളോട് ചെറുതായിച്ചെറുതായി മുഖം തിരിഞ്ഞു നിന്നിരുന്നുവെന്നു തന്നെയാണ്. അതുകൊണ്ടാണ് നമ്മുടെ ഉള്ളില്‍ സുപ്താവസ്ഥയില്‍ - ചിലപ്പോഴൊക്കെ മുള പൊടിഞ്ഞും കിടന്നിരുന്ന പിന്തിരിപ്പനാശയങ്ങളെ കണ്ടെത്തി പിഴുതുമാറ്റുവാന്‍ കഴിയാതിരുന്നത്.

            അതുകൊണ്ട് അടിയന്തിരമായി വേണ്ടത്, വര്‍ത്തമാനകാല സന്ദിഗ്ദതകളോട് സന്ധിയില്ലാതെ പോരാടുന്നതിനോടൊപ്പംതന്നെ ഏതൊക്കെ കവലകളില്‍ വെച്ചാണ് നവോത്ഥാന ബസ്സുകളില്‍ നിന്ന് നാമിറങ്ങിപ്പോയത് എന്ന് കുലങ്കഷമായി പരിശോധിക്കുവാനും തിരുത്തുവാനും തയ്യാറാകുകയെന്നതാണ്. ഇനിയുമുയര്‍ന്നു വരുന്ന അത്തരത്തിലുള്ള ഒരു പ്രതിരോധത്തിനു മാത്രമേ നാളേക്കുള്ള പാഠമാകാന്‍‌ കഴിയൂ എന്ന ബോധത്തിന് നാം ചെവി കൊടുക്കുക തന്നെ വേണം.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1