#ദിനസരികള് 514- നൂറു ദിവസം നൂറു പുസ്തകം – എണ്‍പത്തിനാലാം ദിവസം.‌




||ബോണ്‍സായ് പി ജെ ജോസഫ്, മേരിക്കുട്ടി എബ്രഹാം||
            ചെറുപ്പത്തില്‍ എന്നെ കുറച്ചുകാലത്തേക്ക് പിടികൂടിയിരുന്ന ഒരു സൂക്കേടായിരുന്നു ടാക്സിഡെര്‍മി. ആ അസുഖത്തിന്റെ ചികിത്സക്കുവേണ്ടി വളരെ കുറച്ച് ഓന്തുകളേയും തവളകളേയും ഞാനുപയോഗിച്ചിട്ടുണ്ട് എന്ന കാര്യം സമ്മതിക്കുന്നു. ബാലരമയില്‍ നിന്നോ പൂമ്പാറ്റയില്‍ നിന്നോ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷണങ്ങള്‍ സോത്സാഹം ആരംഭിച്ചത്.വളരെ പെട്ടെന്നുതന്നെ എന്റെ സൂക്കേട് ഭേദമാകുകയും കത്തിയും ബ്ലേഡും സൂചിയും നൂലുമൊക്കെ എവിടെയൊക്കെയോ ഉപേക്ഷിപ്പക്കപ്പെടുകയും ചെയ്തു.പിന്നീടൊരിക്കലും എനിക്ക് ആ അസുഖം തിരിച്ചു വന്നിട്ടില്ല, ഇനിയൊട്ടു വരാനും സാധ്യതയില്ല.എന്നുവെച്ച് ടാക്സിഡെര്‍മി മോശമാണെന്ന് എനിക്ക് അഭിപ്രായമുണ്ടെന്ന് തെറ്റിദ്ധരിക്കണ്ട. വേണ്ടത്ര പരിശീലനവും വൈദഗ്ദ്യമുള്ളവരുടെ മേല്‍‌നോട്ടവുമുണ്ടായാല്‍  വളരെ എളുപ്പം ഈ കലയില്‍ പ്രാവിണ്യം നേടാവുന്നതാണ്.
            ബോണ്‍സായ് മരങ്ങളെക്കുറിച്ചുള്ള പുസ്തകത്തിന്റെ വായന എന്റെ മനസ്സിലേക്കെത്തിച്ചതു ടാക്സിഡെര്‍മിയെപ്പറ്റിയുള്ള ഓര്‍മകളാണ്.ധനത്തിനും ആനന്ദത്തിനും ബോണ്‍സായ് എങ്ങനെയൊക്കെ ഉപകാരപ്പെടുന്നുവെന്നാണ് ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നത്. ഇത്തരത്തിലുള്ള വേറൊരു പുസ്തകം മലയാളത്തില്‍ എന്റെ ശ്രദ്ധയില്‍ പതിഞ്ഞിട്ടില്ലെന്നതുകൂടി സൂചിപ്പിക്കട്ടെ. -നഗരത്തിരക്കിന്റെ നടുവില്‍ ശ്വാസം മുട്ടിക്കഴിയുന്ന പ്രകൃതി സ്നേഹികളുടേയും സൌന്ദര്യാരാധകരുടേയും ഒരു മൃദുലവികാരമായി മാറുകയാണ് മുറികള്‍ക്കുള്ളില്‍ ഓമനത്വത്തോടെ പരിചരിക്കുന്ന ബോണ്‍സായികളുടെ ഹരിത സാന്നിധ്യം.മണ്ണുമായും അതിവിപുലമായ സസ്യ സമൂഹവുമായിട്ടുള്ള പ്രേമബന്ധം നിലനിറുത്താന്‍ അമൂല്യമായ ഒരു അവസരമാണ് ഇവ നമുക്ക് ഒരുക്കിത്തരുന്നത്. എന്ന് അവതാരികയില്‍ ഡോ.ആര്‍ ഹേലി എഴുതുന്നു.
            ഇതെഴുതുന്നതിനിടയില്‍ ഒരു കൌതുകത്തിന് ഏറ്റവും പഴക്കമുള്ള ബോണ്‍സായി മരങ്ങളെപ്പറ്റി ഗൂഗിളിനോടൊന്ന് ചോദിച്ചു.ഗൂഗിള്‍ പഴക്കമുള്ള അഞ്ച് ബോണ്‍സായ് മരങ്ങളെയാണ് എനിക്കു കാണിച്ചുതന്നത്. അതില്‍ ഒന്നാം സ്ഥാനം വഹിക്കുന്ന ഇറ്റലിയിലെ ക്രെസ്പി ബോണ്‍സായ് മ്യൂസിയത്തില്‍ സ്ഥാപിച്ചിരിക്കുന്ന ആല്‍മരബോണ്‍സായിയാണ്. അതിന് ഏകദേശം ആയിരം വര്‍ഷങ്ങളോളം പഴക്കമുണ്ട്.ജപ്പാനിലും ഇത്തരത്തില്‍ ആയിരത്താണ്ടുകള്‍ പഴക്കമുള്ള ഒരു ബോണ്‍സായ് മരത്തെ സംരക്ഷിച്ചിട്ടുണ്ട്.ജപ്പാനില്‍ വെച്ചു നടന്ന ഇന്‍റര്‍ നാഷണല്‍ ബോണ്‍സായ് കണ്‍‌വെന്‍ഷനില്‍ 1.3 മില്യണ്‍ ഡോളറിനു വിറ്റുപോയ, പൈന്‍ മരത്തിലുണ്ടാക്കിയെടുത്ത ഒരു ബോണ്‍സായിക്കാണ് ഇന്ന് ലോകത്തേറ്റവും വില ലഭിച്ചിട്ടുള്ളതെന്നു കൂടി അറിയുക.പ്രായത്തിനനുസരിച്ചാണ് പൊതുവേ ബോണ്‍സായികളുടെ വില നിശ്ചയിക്കപ്പെടുന്നത്.
            എഡി ഇരുന്നൂറാമാണ്ടുവരെ നീണ്ടെത്തുന്ന ചരിത്രം ചൈനയില്‍ ബോണ്‍സായികള്‍ക്കുണ്ടെന്ന് ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നു. പച്ചമരുന്നുകള്‍ കൊണ്ട് ചികിത്സ നടത്തിയിരുന്നവരാണ് ചെടികളുടെ ലഭ്യത ഉറപ്പുവരുത്താനായി വീടുകളിലും മറ്റു അധികം വലുപ്പം വെക്കാത്ത വിധത്തില്‍ ഇവയെ നട്ടു വളര്‍ത്തിയിരുന്നതെന്ന വാദം യുക്തിഭദ്രമാണ്.പിന്നീട് ബുദ്ധമതത്തിനോടൊപ്പം ഈ കലയും ജപ്പാനിലെത്തി. കാമകുര കാലഘട്ടമെന്നറിയപ്പെടുന്ന 1185 1333 കളില്‍ ജപ്പാനില്‍ ബോണ്‍സായ് രൂപപ്പെട്ടിരുന്നുവെന്ന് ജപ്പാന്‍ ചരിത്ര പുസ്തകങ്ങളില്‍ പറയുന്നുണ്ട്.ജപ്പാനിലെ ബുദ്ധവിഹാരങ്ങളില്‍ തുടങ്ങിയ ഈ കൃഷിരീതി അവിടുത്തെ സമ്പന്നരുടെ വീടുകളിലേക്ക് വ്യാപിച്ചു.ആഢ്യന്മാരുടെ അഭിമാനത്തിന്റേയും ബഹുമാന്യതയുടേയും കൊടിയടയാളമായി ബോണ്‍സായ് മാറി.മനുഷ്യനും ആത്മാവും പ്രകൃതിയും ഒന്നിക്കുന്ന കിഴക്കിന്റെ തത്വശാസ്ത്രവും പൌരാണിക പാരമ്പര്യവും ഇഴ ചേരുന്ന ഒരത്ഭുത പ്രതിഭാസമായി ജപ്പാന്‍ കാര്‍ ബോണ്‍സായിയെ കാണുന്നു.നല്ല ക്ഷമയും പരിചരണത്തിനുള്ള സാങ്കേതിക വിവരങ്ങളും പ്രകൃതിയെ സ്നേഹിക്കുന്ന നല്ലൊരു മനസ്സും ബോണ്‍സായി വളര്‍ത്തലിനു അനുപേക്ഷണീയമായ ഘടകങ്ങളാണ്.കേരളം ബോണ്‍സായി വളര്‍ത്തലിനു ഏറ്റവും പറ്റിയ സംസ്ഥാനമാണെന്നാണ് ലേഖകരുടെ പക്ഷം.
            സ്വഭാവികമായും ഏതൊക്കെയിനത്തില്‍‌പ്പെട്ട ചെടികളെയാണ് ബോണ്‍സായി മരമാക്കി വളര്‍ത്തുവാന്‍ ഏറ്റവും അനുകൂലമായത് എന്ന ചോദ്യത്തിന് ഉത്തരം പുസ്തകത്തിന്റെ അവസാനം ചേര്‍ത്തിരിക്കുന്ന ചോദ്യോത്തരങ്ങളില്‍ കാണാം. ആല്‍വര്‍ഗ്ഗത്തില്‍‌പ്പെട്ട ചെടികളാണ ഏറ്റവും നല്ലത്.അത്തി ,ഇത്തി , അരയാല്‍, പേരാല്‍ തുടങ്ങിയ നാടന്‍ ഇനങ്ങളും ഫൈക്കസ് ബഞ്ചാമിനയുടെ വിവിധ ഇനങ്ങളും ഫൈക്കസ് റെഡ് വുഡ്ഡ്, ഫൈക്കസ് ഗ്രീന്‍ ഐലന്റ് , ഫൈക്കസ് സാളിസിഫോളിയോ തുടങ്ങിയ വിദേശ ആലുകളും നമ്മുടെ കാലാവസ്ഥക്ക് യോജിച്ചതാണ്.കൂടാതെ നാടന്‍ പേര, സപ്പോട്ട, നാടന്‍ നെല്ലി കുടുംബുളി, വാളംപുളി തുടങ്ങിയ ചെറിയ ഇലകളുള്ള മരങ്ങളും ബോണ്‍‌സായിക്ക് ഏറെ അനുകൂലമാണ്
            ആത്മീയതയുടെ മേമ്പൊടി ചേരാത്ത ഒന്നുംതന്നെ ഇക്കാലത്തു ലഭ്യമാകാനുള്ള സാധ്യത കുറവാണെന്ന വസ്തുതതയെ ഊട്ടിയുറപ്പിക്കുന്ന വിധത്തില്‍ ഈ പുസ്തകത്തിലും കുറച്ച് അസ്വാഭാവിക നിര്‍‌ദ്ദേശങ്ങള്‍ ലഭ്യമാണ്. ജന്മനക്ഷത്രവും അതിനു ചേരുന്ന മരം , വീട്ടില്‍ എനര്‍ജി വരുന്ന വഴികള്‍, പുണ്യവൃക്ഷങ്ങള്‍ എന്നിങ്ങനെയുള്ളവയെ ഒഴിവാക്കാന്‍ ശ്രദ്ധ കാണിച്ചിരുന്നുവെങ്കില്‍ പുസ്തകം കുറച്ചു കൂടി ശാസ്ത്രീയവും യുക്തിഭദ്രവുമാകുമായിരുന്നു. എന്തായാലും വീട്ടിലിരുന്ന് നാലഞ്ചുകൊല്ലം കൊണ്ട് അത്യാവശ്യം നല്ല വരുമാനമുണ്ടാക്കുവാനും അതിലേറെ സന്തോഷം അനുഭവിക്കാനും ബോണ്‍സായ് നിര്‍മ്മാണം നമ്മെ സഹായിക്കും.

പ്രസാധകര്ഡി സി ബുക്സ് വില 75   രൂപ, രണ്ടാം പതിപ്പ് നവംബര്‍ 2012

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1