#ദിനസരികള് 511- നൂറു ദിവസം നൂറു പുസ്തകം – എണ്‍പത്തൊന്നാം ദിവസം.‌





||നവോത്ഥാന മൂല്യങ്ങളും കേരള സമൂഹവും   വി കാര്‍ത്തികേയന്‍ നായര്‍ ‌||

            ബഹിരാകാശപര്യവേക്ഷണത്തിനുള്ള സാമഗ്രികളെ വിക്ഷേപിക്കുമ്പോള്‍  വിഘ്നങ്ങളൊന്നുമുണ്ടാകാതെ സംരക്ഷിക്കുവാന്‍ വിഘ്നേശ്വര പൂജ, പാപപരിഹാരത്തിനു വേണ്ടി കവിളുകളിലൂടെ ശൂലം തുളച്ചു കയറ്റല്‍, പുറത്തെ മാംസളമായ ഇറച്ചിയില്‍ ചൂണ്ട കൊരുത്തുകയറ്റി ഗരുഢന്‍ തൂക്കം, വാസ്തുബലി, ശത്രുസംഹാരപൂജ, ലാഭമുണ്ടാകാന്‍ പൂജ, പരീക്ഷ ജയിക്കാന്‍ പൂജ, അസുഖം മാറ്റാന്‍ പൂജ, ഇലക്ഷന്‍ ജയിക്കാന്‍ പൂജ, മരിച്ചാല്‍ പൂജ, ജനിച്ചാല്‍ പൂജ കേരളത്തിന്റെ സമകാലിക അവസ്ഥ പരിശോധിക്കുമ്പോള്‍ കാണുന്ന ഇത്തരം പ്രതിലോമകരങ്ങളായ അനാശാസ്യങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് സമകാലിക കേരളം എന്ന ലേഖനത്തില്‍ ശ്രീ കാര്‍ത്തികേയന്‍ നായര്‍ ഇങ്ങനെ ചോദിക്കുന്നു -“ഏറ്റവും ആധുനികമായ ജീവിതരീതിയും ശൈലിയും പാലിച്ചു പോരുന്ന ശരാശരി കേരളീയന്റെ നിത്യജീവിതത്തിലെ ചില ആചാരങ്ങളെപ്പറ്റിയാണ് ഇതേവരെ പ്രതിപാദിച്ചത്.ഏകദേശം ഒരു നൂറ്റാണ്ടു കാലത്തോളം നീണ്ടു നിന്ന സാമൂഹികപരിഷ്കരണപ്രസ്ഥാനങ്ങളിലൂടെ ഇത്തരം ആചാരങ്ങള്‍ അനാചാരങ്ങളാണെന്നു പ്രഖ്യാപിച്ച് അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്തതിനു ശേഷവും അവ നിലനില്ക്കുകയും അവയ്ക്ക് പ്രചാരം വര്‍ദ്ധിക്കുകയും ചെയ്യുകയാണെങ്കില്‍ അത് പരിഷ്കരണപ്രസ്ഥാനങ്ങള്‍ പരാജയപ്പെട്ടതാണെന്നു പറയേണ്ടിവരും.വിഗ്രഹാരാധനയെ നിരാകരിക്കുകയും കാളികൂളി ദൈവങ്ങളെന്ന് വിളിച്ചാക്ഷേപിച്ച് ചില വിഗ്രഹങ്ങളെ തകര്‍ക്കുകയും ചെയ്തതിനു ശേഷം, വിഗ്രഹപ്രതിഷ്ഠ നടത്തി പുതിയ ആചാരങ്ങള്‍ക്കു തുടക്കം കുറിക്കുകയായിരുന്നോ പരിഷ്കരണ പ്രസ്ഥാനം? ഇത്തരം പരിഷ്കരണപ്രസ്ഥാനങ്ങളെ നവോത്ഥാന പ്രസ്ഥാനങ്ങളെന്ന് വിശേഷിപ്പിക്കുന്നതിന്റെ യുക്തിയെന്ത് ?”

ഒന്നര നൂറ്റാണ്ടു കാലത്തോളം കേരളത്തില്‍ നടന്നതും പലപ്പോഴും നാം നവോത്ഥാനമെന്നു കൊണ്ടാടിയതുമായ മുന്നേറ്റങ്ങള്‍ യൂറോപ്പില്‍ 14 മുതല്‍ ഏകദേശം രണ്ടു നൂറ്റാണ്ടുകാലത്തോളം നീണ്ടു നിന്ന റിനൈസന്‍സ് എന്ന പ്രക്രിയയുമായി താരതമ്യപ്പെടുത്താന്‍ കഴിയില്ല എന്ന വാദം കഴമ്പുള്ളതാണ്. ഇറ്റലിയില്‍ തുടങ്ങി യൂറോപ്പാകെ വ്യാപിച്ച ആ സാംസ്കാരികമുന്നേറ്റത്തിനോടു തുല്യമായ ഒന്നല്ല മറിച്ച് കേവലം  സാമൂഹപരിഷ്കരണശ്രമങ്ങള്‍ മാത്രമാണ് ഇവിടെ നടന്നത്.മാനവിക ചിന്തയുടേയും വിമര്‍ശന സ്വാതന്ത്ര്യത്തേയും പുനരുദ്ധാരണത്തെയാണ് നവോത്ഥാനമെന്ന് വിശേഷിപ്പിക്കുന്നത്.അതിനു സമാനമായ എന്തു പുനരുത്ഥാനമാണ് ഇന്ത്യയിലും കേരളത്തിലും പത്തൊമ്പതാം നൂറ്റാണ്ടിലുണ്ടായത്? പുനരുദ്ധരിക്കേണ്ട എന്തെങ്കിലും മൂല്യങ്ങളെ പരിഷ്കരണപ്രസ്ഥാനക്കാര്‍ ഉയര്‍ത്തിപ്പിടിച്ചതുമില്ല.യൂറോസെന്‍ട്രിക്‍ കാഴ്ചപ്പാടിലൂടെ ഇവിടുത്തെ സാമൂഹികപ്രതിഭാസങ്ങളെ വീക്ഷിച്ചതിന്റെ ഫലമായുണ്ടായതാണ് കേരളീയനവോത്ഥാനമെന്ന പ്രയോഗം” – ഗ്രന്ഥകാരന്‍ എഴുതുന്നു. അതുകൊണ്ടാണ് കേരളത്തില്‍ ഇന്നും പരിഷ്കരണവാദികള്‍ ഒരു കാലത്ത് ത്യജിക്കാന്‍ പ്രേരിപ്പിച്ചിരുന്ന മന്ത്രതന്ത്രാദികളും മറ്റു അന്ധവിശ്വാസങ്ങളും മടങ്ങിയെത്തിയതിന്റേയും അതു കേരളത്തിന്റെ പുരോഗമനാത്മകമായ മൂല്യങ്ങളെ വിഴുങ്ങാന്‍ ശ്രമിക്കുന്നതിന്റേയും കാരണം.ഏറ്റവും ലളിതമായി പറഞ്ഞാല്‍ ശിവനെ മാറ്റി ഈഴവശിവനെ പ്രതിഷ്ഠിച്ചാല്‍ തീരുന്നതല്ല കേരളത്തിന്റെ പ്രശ്നങ്ങള്‍ എന്ന് സമകാലിക കേരളം എന്ന ഈ ലേഖനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

ആദ്യകാലത്തെ കേരളത്തിലെ സാമൂഹികാവസ്ഥകള്‍ രൂപംകൊണ്ട സാഹചര്യത്തെ മനുഷ്യന്‍ ഒരു മിച്ച് കിളച്ച് കൃഷിയിടമാക്കിയ ഭൂമി പൊതുസ്വത്തായിരുന്നു.ഒരു കൂട്ടര്‍ സ്ഥിരമായി കൃഷി ചെയ്തുപോന്ന ഭൂമിയില്‍ മറ്റാരും സാധാരണഗതിയില്‍ അവകാശമുന്നയിച്ചിരുന്നില്ല.ഫലഭൂയിഷ്ടതയും ജലലഭ്യതയും സഞ്ചാരസൌകര്യങ്ങളും കൂടുതലായ സ്ഥലങ്ങള്‍ ബലപ്രയോഗത്തിലൂടെ കൈവശപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടായപ്പോഴൊക്കെ സംഘട്ടനങ്ങളുണ്ടായിട്ടുണ്ടാകും.ഇരുമ്പുകൊണ്ടുള്ള മെച്ചപ്പെട്ട കാര്‍ഷികോപകരണങ്ങളും കന്നുകാലികളെ ഉപയോഗിച്ച് നിലമുഴുതു മണ്ണിളക്കി കാലിവളവും ചാരവും പച്ചിലയും വളമാക്കിയുമുള്ള കൃഷി മിച്ചോല്പാദനത്തിന് കാരണമായി.മിച്ചോല്പാദനം വിതരണം ചെയ്യുന്നതിനും വിനിമയം ചെയ്യുന്നതിനുമുള്ള അധികാരശക്തികളും രൂപപ്പെട്ടു.എന്നാണ് രേഖപ്പെടുത്തുന്നത്. ഭക്ഷണം ഉത്പാദിപ്പിക്കപ്പെടാന്‍ തുടങ്ങുന്നതോടെ ഏതൊരു സമൂഹത്തിന്റെ സ്ഥിരമായ താമസം എന്നത് സ്വാഭാവികമായിവരുന്നു.സാധ്യതകളുടെ എളുപ്പത്തിലുള്ള ലഭ്യത അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതോടുകൂടി ഇടം ഉറയ്ക്കുകയും ഇടത്തെ ചുറ്റിപ്പറ്റി വിവിധ സാംസ്കാരികവിനിമയങ്ങള്‍ ഉരുവം കൊള്ളുകയും ചെയ്യുന്നു.

വണിക്കുകളോടൊപ്പം ഇവിടേക്കെത്തിയ ബുദ്ധ ജൈന മതക്കാര്‍ കേരളത്തില്‍ നിര്‍ണായസ്വാധീനമായി.കച്ചവക്കാരോടൊപ്പം അല്ലാതെയും നടത്തിയ സുദീര്‍ഘമായ യാത്രകളില്‍ വ്യത്യസ്ത ജനവിഭാഗങ്ങളുമായി നിരന്തരം ഇടപെടേണ്ടിവന്നതിന്റെ ഫലമായി ആര്‍ജ്ജിച്ച ഉന്നതമായ അറിവ് അവര്‍ കേരള ജനതയുമായി പങ്കുവെച്ചു.വിഹാരങ്ങള്‍ സ്ഥാപിച്ച് അവര്‍ പ്രചരിപ്പിച്ച നൂതനമായ അറിവുകള്‍ കേരളത്തില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്താന്‍ പ്രേരണയായി.ബ്രാഹ്മി ലിപിയുടെ പരിചയപ്പെടുത്തല്‍ എഴുത്തുവിദ്യയെ കൂടുതല്‍ ശാസ്ത്രീയമാക്കി.ബൌദ്ധസ്വാധീനത്തില്‍ നിന്നും ശാസ്താവും മുരുകനുമൊക്കെ ഉയര്‍ന്നുവന്നു.ഈ സാഹചര്യത്തിലേക്കാണ് ബ്രാഹ്മണര്‍ തങ്ങളുടേതായ വിദ്യകളുമായി കടന്നുവരുന്നത്.അസ്തിത്വത്തെക്കുറിച്ച് ഒരു പുതിയ ദാര്‍ശനികാവബോധം നിര്‍മിച്ചുകൊണ്ടായിരുന്നു അവര്‍ ഈ സമൂഹത്തില്‍ പ്രവര്‍ത്തിച്ചത്.ഇവിടംമുതല്‍ കേരളത്തിന്റെ ചരിത്രം മാറുകയാണ്.

ബ്രഹ്മത്തേയും ബ്രഹ്മവിദ്യയേയും അവതരിപ്പിച്ചുകൊണ്ട് ഒരു പുതിയ ആത്മീയ സിദ്ധാന്തത്തെ അവര്‍ അവതരിപ്പിച്ചതിനോടൊപ്പം ആ അറിവു കൈകാര്യം ചെയ്യുന്നവര്‍ മാന്യരാകാനും അധികാരകേന്ദ്രങ്ങളെ കൂട്ടുപിടിച്ച് സമൂഹത്തെ നിയന്ത്രിക്കുവാനും തുടങ്ങി.ഭൂമിയുടെ ഉടമസ്ഥതയെ ബ്രഹ്മസ്വമെന്നും ദേവസ്വമെന്നും തരംതിരിച്ചത് ഈ വര്‍ഗ്ഗത്തിന്റെ വലിയ നേട്ടമായി കണക്കാക്കേണ്ടതുണ്ട്.കൃഷി ഭൂമിയുടെ പൊതു ഉടമസ്ഥത എന്ന സങ്കല്പത്തില്‍ നിന്നും ദേവകളുടേയും പൂജാരികളുടേയും ഉടമസ്ഥത എന്ന പുതിയ സങ്കല്പം ഉടലെടുത്തു.പൊതുഉടമസ്ഥത എന്നാല്‍ നാടുവാഴികളുടെ ഉടമസ്ഥത എന്ന വ്യാഖ്യാനവുമുണ്ടായി. വ്യാഖ്യാനവുമുണ്ടായി. നാടുവാഴികളെ ക്ഷത്രിയരാക്കി ജാതീയമായ ശ്രേണിയില്‍ ബ്രാഹ്മണര്‍ക്കു തൊട്ടുപിന്നിലുള്ളവരെന്നു നിശ്ചയിക്കപ്പെട്ടത് ബ്രാഹ്മണര്‍ക്കു വലിയ സഹായമായി.ഹിരണ്യഗര്‍ഭനായ നാടുവാഴിക്ക് പൂണുനൂലിടാനും രാജ്യത്തിന്റെ അധികാരം പേറാനും അവകാശമുണ്ടായി.

ശങ്കരന്റെ അദ്വൈതത്തിന്റെ വരവോടുകൂടി ജൈന ബുദ്ധമതങ്ങള്‍ക്ക് ജനങ്ങളിലുണ്ടായിരുന്ന സ്വാധീനം ക്ഷയിക്കുകയും ജനങ്ങളെ സവര്‍ണരുടെ ദൈവങ്ങളുടെ ആരാധകരാക്കാന്‍ ബ്രാഹ്മണര്‍ മുന്നിട്ടിറങ്ങുകയും ചെയ്തു. സവര്‍ണനാണെങ്കിലും അവര്‍ണനാണെങ്കിലും അവനെ നിലനിറുത്തുന്ന ജീവചൈതന്യം ആത്മാവാണെന്നും അത് ജഗത്തിന്റെ ആത്മാവായ ബ്രഹ്മത്തിന്റെ അംശമാണെന്നുമുള്ള വേദാന്ത ദര്‍ശനത്തെ വിശ്വസനീയമായി ശങ്കരന്‍ അവതരിപ്പിച്ചു.ശങ്കരന്റെ അദ്വൈത ദര്‍ശനവും ബൂര്‍ഷ്വാജനാധിപത്യത്തിന്റെ സമത്വദര്‍ശനവും മനുഷ്യര്‍ തമ്മിലുള്ള വര്‍ഗ്ഗവ്യത്യാസത്തെ മായയെന്ന് ചിത്രീകരിച്ച് ഭൂരിപക്ഷത്തെ കബളിപ്പിക്കുന്നുവെന്ന ഗ്രന്ഥകാരന്റെ നിലപാട് സുഭദ്രമാണ്.

കേരളത്തിന്റെ ചരിത്രത്തെ ഒരു പുതിയ വെളിച്ചത്തില്‍ വായിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഗ്രന്ഥകാരന്‍ സഹായകഗ്രന്ഥങ്ങളായി സ്വീകരിച്ചിരിക്കുന്ന പുസ്തകങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ അവസാനം കൊടുത്തിരിക്കുന്നത് വളരെ ഉചിതമായിട്ടുണ്ട്.കേരളം രൂപപ്പെട്ടുവന്നതെങ്ങനെയെന്നും അവശേഷിക്കുന്നതെന്തൊക്കെയെന്നും ബോധ്യപ്പെടണമെങ്കില്‍ ഈ പുസ്തകം വായിക്കുക എന്നുമാത്രം.
             



പ്രസാധകര്‍ : എസ് പി സി എസ് വില 70 രൂപ, ഒന്നാം പതിപ്പ് നവംബര്‍ 2014



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1