#ദിനസരികള് 513- നൂറു ദിവസം നൂറു പുസ്തകം – എണ്‍പത്തിമൂന്നാം ദിവസം.‌




||മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രം   പ്രൊഫസര്‍ വി സുകുമാരന്‍‌||

            ബ്രഹ്റ്റ്, ഗ്രാംഷി, സിമോണ്‍ ദെ ബോവെ, ഫ്രെഡ്റിക്ക് ജയിംസണ്‍, റെയ്മണ്‍ണ്ട് വില്യംസ്, ലൂയി അല്‍ത്തൂസര്‍ ,ടെറി ഈഗിള്‍ടണ്‍ തുടങ്ങിയ വിശ്വപ്രസിദ്ധരായ സൈദ്ധാന്തികരെക്കുറിച്ചും മാര്‍ക്സിസം, പോസ്റ്റ് മാര്‍ക്സിസം , പോസ്റ്റ് കൊളോണിയല്‍ കാലഘട്ടത്തിലെ മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രത്തെക്കുറിച്ചും പ്രൊഫസര്‍ വി സുകുമാരന്‍ എഴുതിയ ചെറു ലേഖനങ്ങളും സമാഹാരമാണ് മാര്‍ക്സിയന്‍ സൌന്ദര്യശാസ്ത്രം  - നവസിദ്ധാന്തങ്ങള്‍ എന്ന ഈ പുസ്തകം.ഇംഗ്ലീഷ് അധ്യാപകനായിരുന്ന പ്രൊഫസര്‍ വി സുകുമാരന്‍ ഓരോ ചിന്തകരേയും വളരെ ലളിതമായി , എന്നാല്‍ നാം മനസ്സിലാക്കണമെന്ന് കരുതുന്ന സുപ്രധാനമായ ആശയങ്ങളെ വിട്ടുപോകാതെ അവതരിപ്പിക്കുന്നതില്‍ അസാധാരണമായ വൈഭവം പ്രകടിപ്പിച്ചിട്ടുണ്ട്.
            എപ്പോഴും ചരിത്രവത്കരിക്കുക എന്ന മുദ്രാവാക്യസദൃശമായ ഉദ്‌‍ബോധനത്തെ ഉയര്‍ത്തിപ്പിടിച്ച ജയിംസണ്‍1934 ലാണ് ജനിച്ചത്.വിഖ്യാതമായ യേല്‍ സര്‍വ്വകലാശാലയില്‍ പഠിച്ച ജയിംസണ്‍ മാര്‍ക്സിസ്റ്റ് ചിന്തകന്‍ എന്ന നിലയില്‍ ഇന്നു ജീവിച്ചിരിക്കുന്ന പ്രഗല്ഭരായ മറ്റേതൊരാളോടൊപ്പവും തലയുയര്‍ത്തിപ്പിടിച്ചുനില്കുന്നു. പാഠം, പാഠത്തിനപ്പുറത്തേക്ക് കടന്ന്  ചരിത്രത്തിലേക്കും സാമൂഹ്യഘടനയിലേക്കും സാമ്പത്തികസംവിധാനങ്ങളിലേക്കും വര്‍ഗ്ഗബന്ധങ്ങളിലേക്കും പരക്കുന്നു. അതാണ് ജയിംസണ്‍ പറയുന്ന പാഠത്തിനപ്പുറത്തേക്കുള്ള നീക്കം. അദ്ദേഹത്തിന്റെ മാര്‍ക്സിയന്‍ അപഗ്രഥനത്തിന് മൂന്നു ചക്രവാളങ്ങള്‍ ഉണ്ട്.ഒന്ന് പാഠത്തിന്റെ സമരവിചാരം, രണ്ട് പാഠത്തിന്റെ സാമൂഹ്യവിചാരം, മൂന്നു,  പാഠത്തിന്റെ ചരിത്രവിചാകരം കലയുടേയും സംസ്കാരത്തിന്റേയും അധിഷ്ഠാനമായിരിക്കുന്ന സാമ്പത്തികതയാണെന്നു വിശ്വസിക്കുന്ന ജെയിംസണ്‍ പക്ഷേ ഇതര മാര്‍ക്സിസ്റ്റ് ചിന്തകരില്‍ നിന്നും വിമര്‍ശനവും ഏറ്റുവാങ്ങിയിട്ടുണ്ട്.
            സമകാലിക മാര്‍ക്സിസ്റ്റ് ചിന്തകരില്‍ ഏറ്റവും തിളക്കമുള്ള മുഖമാണ് ടെറി ഈഗിള്‍ട്ടണ്‍. മാര്‍ക്സിസത്തെക്കുറിച്ച് പഠിക്കുന്ന ഏതൊരാളേയും തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന അസാധാരണമായ ശേഷി അദ്ദേഹത്തിന് സ്വന്തമാണ്.ഘടനാപരമായ മാര്‍ക്സിസ്റ്റ് വിചാരസംഹിതക്ക് ഈഗിള്‍ടണ്‍ നല്കിയ പരമപ്രധാനമായ സംഭാവനയാണ് ക്രിട്ടിസിസം ആന്റ് ഐഡിയോളജി എന്ന പ്രാമാണിക ഗ്രന്ഥം.അദ്ദേഹത്തിന്റെ ഏറ്റവും സങ്കീര്‍ണമായ സൈദ്ധാന്തിക പഠനവും അതുതന്നെയാണ്.വിമര്‍ശനമെന്ന് ഒരിക്കലും പ്രത്യയശാസ്ത്രപരമായ നിഷ്പക്ഷത പുലര്‍ത്തുന്ന ഒന്നല്ല എന്ന് ഈഗിള്‍ടണ്‍ വാദിക്കുന്നു.മെറ്റീരിയലിസ്റ്റ് ക്രിട്ടിസിസത്തിന്റെ അംഗീകാരമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.എന്ന് ഗ്രന്ഥകാരന്‍.
            മാര്‍ക്സിസവും പോസ്റ്റ് മോഡേണിസവും തമ്മിലുള്ള സംഘര്‍ഷാത്മകമായ ഇടപെടലുകളെക്കുറിച്ച് മാര്‍ക്സിസം , പോസ്റ്റ് മോഡേണിസം എന്ന ലേഖനത്തില്‍ ഇങ്ങനെ എഴുതുന്നു –“ പോസ്റ്റ് മോഡേണിസം എന്ന മൈക്രോ തിയററ്റിക്കല്‍ നിര്‍മിതി പല തലങ്ങളില്‍ പല സന്ധികളില്‍ മാര്‍ക്സിയന്‍ ആശയ ശാസ്ത്രവുമായി ഏറ്റുമുട്ടുകയും സംവാദത്തില്‍ ഏര്‍‌പ്പെടുകയും ചെയ്യുന്നുണ്ട്.പോയ നൂറ്റാണ്ടിന്റെ പില്‍ക്കാലങ്ങളില്‍ ആഗോളബുദ്ധി ജീവിതത്തെ സാംസ്കാരിക ചിന്തയെ പ്രത്യയശാസ്ത്ര വ്യാകരണങ്ങളെ പോസ്റ്റ് മോഡേണിസത്തിന്റെ ദുര്‍ഭൂതം ആവേശിക്കുകയുണ്ടായി.അപകടകരവും പ്രതിലോമകരവും നിഷേധാത്മകവുമായ ആശയവിതാനങ്ങള്‍ ആധുനികോത്തരവാദം അനാവരണം ചെയ്തു.ഒരു കപട ബുദ്ധിജീവിപാരമ്പര്യം ഉദ്ഘാടനം ചെയ്യാനാണ് പോസ്റ്റ് മോഡേണിസ്റ്റുകള്‍ ഉദ്യമിച്ചത് പോസ്റ്റ് മോഡേണിസത്തോടും ഉത്പന്നങ്ങളോടും കേരളത്തിലെ മാര്‍ക്സിസ്റ്റു ചിന്തന്മാര്‍ സ്വീകരിച്ച നിലപാടുകളെക്കൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കുന്നത് രസകരമായിരിക്കും.

           


പ്രസാധകര്‍ : ചിന്ത പബ്ലിഷേഴ്സ് വില 50 രൂപ, ഒന്നാം പതിപ്പ് മാര്‍ച്ച് 2009



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1