#ദിനസരികള് 510- നൂറു ദിവസം നൂറു പുസ്തകം – എണ്‍പതാം ദിവസം.‌




||സാഹിത്യമഞ്ജരി   വള്ളത്തോള്‍‌||
            ഒരു കൌതുകത്തിനു വേണ്ടി ചോദിക്കട്ടെ. മലയാളത്തില്‍ അധികമാളുകളും ഏറ്റുപാടിയ വരികളേതായിരിക്കും? ഉത്തരത്തിനായി മനസ്സില്‍ പരതുമ്പോള്‍ കുഞ്ചനും തുഞ്ചനും ചെറുശ്ശേരിയും ഉള്ളൂരും വള്ളത്തോളും ആശാനും ചങ്ങമ്പുഴയും ഇടപ്പള്ളിയും വൈലോപ്പിള്ളിയുമൊക്കെയടങ്ങുന്ന കുലപതികളും അവരുടെ എത്രയോയധികം വരികളും മനസ്സിലേക്കു പാഞ്ഞുകയറി വരുന്നില്ല? ഏതുത്തരം പറഞ്ഞാലും അതു ശരിയല്ല. എന്നാല്‍ ഇതാകാന്‍ വഴിയില്ലേ?’ എന്ന ചോദ്യമുയരുന്നതു ഞാന്‍ കേള്‍ക്കുന്നുണ്ട്.അതുകൊണ്ട് ഇന്ന വരിയാണ് മലയാളികള്‍ ഏറ്റവുമധികം ഏറ്റുപാടിയതെന്ന് തിട്ടമായി പറയാന്‍ കഴിയുകയില്ലെങ്കിലും വള്ളത്തോളിന്റെ
            ഭാരതമെന്ന പേര്‍ കേട്ടാലഭിമാന
            പൂരിതമാകണമന്തരംഗം
            കേരളമെന്ന പേര്‍ കേട്ടാലോ തിളയ്ക്കണം
            ചോര നമുക്കു ഞരുമ്പുകളില്‍ - എന്ന ഉണര്‍ത്തലിനുള്ള പിന്തുണ തീരെ കുറവാകാന്‍ തരമില്ലെന്നുറപ്പാണ്.വള്ളത്തോള്‍ മലയാളികളെ അത്രയേറെ സ്വാധീനിച്ച കവിയാണ്.
            വള്ളത്തോളിന്റെ കാവ്യജീവിതത്തിലെ സുപ്രധാനമായ ചുവടുവെപ്പായ സാഹിത്യമഞ്ജരിയുടെ ആദ്യഭാഗം 1917 ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. അപ്പോഴേക്കും കവിയെന്ന നിലയില്‍ വള്ളത്തോള്‍ മലയാളനാട്ടിലാകെ അറിയപ്പെട്ടു കഴിഞ്ഞിരുന്നു.രാമായണത്തിന്റെ മലയാളപരിഭാഷയും ബധിരവിലാപം, ഗണപതി ,ബന്ധനസ്ഥനായ അനിരുദ്ധന്‍ എന്നിങ്ങനെ വള്ളത്തോള്‍ ശൈലിയെ പ്രഘോഷിക്കുന്ന കൃതികളും മലയാളികളെ കീഴടക്കിക്കഴിഞ്ഞിരുന്നു.ആകെ പതിനൊന്നു ഭാഗങ്ങളിലായിട്ടാണ് സാഹിത്യമഞ്ജരി പ്രസിദ്ധീകരിക്കപ്പെട്ടത്.
            വള്ളത്തോള്‍ കവിതകളെക്കുറിച്ച് ആശാനേയും ഉള്ളൂരിനേയും താരതമ്യപ്പെടുത്തി കെപി ശങ്കരന്‍ എഴുതുന്നതു നോക്കുക -“ സംസ്കൃതവൃത്തത്തിലാണ് ആദ്യകാല പ്രശസ്തകൃതികളില്‍ പലതും വള്ളത്തോള്‍ എഴുതിയിട്ടുള്ളതെങ്കിലും ദ്രാവിഡശീലുകളോടുള്ള മമത ക്രമേണ ഏറിവന്നു.ആശാന്റേയും ഉള്ളൂരിന്റേയും കാര്യത്തിലും ഈ പ്രവണത നമുക്കു കാണാന്‍ കഴിയും.പ്രമേയപരമായി സജാത്യമുള്ള കരുണയും പിംഗളയും മഗ്ദലനമറിയവും ദ്രാവിഡവൃത്തങ്ങളിലായത് കേവലം ആകസ്മികമാകാനിടയില്ല.കവിതയില്‍ കാലം പ്രതിഫലിക്കുകയായിരുന്നു. തങ്ങളുടെ ശ്രോതാക്കളുടെ വൃത്തം വിപുലതരമാകുന്നതിനെപ്പറ്റി അറിയുകയും ഇമ്പവും ഈണവുമുള്ള ദ്രാവിഡവൃത്തങ്ങള്‍ ശ്രോതാക്കളോടു ഹൃദയംഗമമായ ഒരു ബന്ധം പുലര്‍ത്തുന്നതിന് കൂടുതല്‍ സഹായകമാകുമെന്നവര്‍ക്കു തോന്നുകയും ചെയ്തിട്ടുണ്ടാകാം    
            ദേശീയപ്രസ്ഥാനത്തിന്റെ മുദ്രാവാക്യങ്ങളില്‍ നിന്നും ഊര്‍ജ്ജമുള്‍‌ക്കൊണ്ടു കൊണ്ടു വള്ളത്തോള്‍ എഴുതിയ കവിതകള്‍ക്ക് ഒരു പ്രത്യേക ചാരുതയുണ്ട്.അഹിംസ, സര്‍വ്വമതസാഹോദര്യം, അടിമത്തില്‍ കഴിയുന്ന ഇതരരാഷ്ട്രങ്ങളുടെ മോചനത്തിനു വേണ്ടിയുള്ള ഉത്കണ്ഠ, വിശപ്പില്‍ ദഹിക്കുന്ന മനുഷ്യാവസ്ഥയോടും പാവങ്ങള്‍ പ്രാണമരുത്തുകൊണ്ടും പാപപ്രഭുക്കള്‍ക്ക് പങ്കവീശുന്ന വ്യവസ്ഥയോടുമുള്ള ധര്‍മ്മരോഷം, വല്ലായ്മ ദേവകള്‍ വരുത്തുവതുപോലും ക്ഷമിക്കാത്ത ഭാരതപൂര്‍വ്വരക്തത്തെക്കുറിച്ചുള്ള അഭിമാനബോധം, ഇവയെല്ലാം ചേര്‍ന്നിണങ്ങിയതായിരുന്നു വള്ളത്തോളിന്റെ  ദേശീയാവബോധംഅവയില്‍ ചിലതിനോടൊക്കെ ഒരാധുനിക സമൂഹമെന്ന നിലയില്‍ നമുക്കിപ്പോള്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും അന്നത്തെക്കാലത്തിനോടു ചേര്‍ത്തു വെച്ചു ചിന്തിക്കുമ്പോള്‍ അവ സമൂഹത്തിലുണ്ടാക്കിയ അനുരണനങ്ങള്‍ പുരോഗമനാത്മകമായിരുന്നുവെന്ന് കാണാതെ പോകരുത്. ഒരു ജനതയെ തട്ടിയുണര്‍ത്താന്‍ അദ്ദേഹത്തിന് , ആ കവിതകള്‍ക്ക് കഴിഞ്ഞിരുന്നു.
            തമ്പ്രാന്‍ - ഇതാണെങ്കലവന്‍ പതിച്ച
            സംബുദ്ധി ഹേ സാധുമനുഷ്യാ നോക്കൂ
            ഈ നമ്മളെല്ലാമൊരു തമ്പുരാന്റെ
            കീഴാള,രാര്‍ക്കിഹ തമ്പുരാനാം?
            നിന്റേതിലും മുന്തിയതായ് വരാമെ-
            ന്നുടുപ്പിതാര്‍ക്കും കടയില്‍ കിടയ്ക്കും.
            എന്നാലൊരേ നൂലുകകള്‍‌കൊണ്ടു നെയ്ത
            തത്രേ നമുക്കംബിക തന്ന വസ്ത്രം എന്ന വരികളെ അഭേദഭാവന ഒരു കാലത്തെ പ്രതിഫലിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു.                    
            വള്ളത്തോള്‍ എഴുതുന്നതുപോലെ എഴുതി അനുകര്‍ത്താവാകുന്നതിനു വേണ്ടിയല്ല, മറിച്ച് താളമുള്ള, വൃത്തമുള്ള കവിതകള്‍ മനുഷ്യന്റെ ഭാവനാലോകത്തെ ഏതറ്റം വരേയും വലിച്ചുകൊണ്ടുപോകാന്‍ കഴിയുമെന്ന് ബോധ്യപ്പെടാന്‍ വേണ്ടിമാത്രം കവിതയുടെ രൂപത്തെപ്പറ്റി എന്തിന് ഭാവത്തെപ്പറ്റിപ്പോലും യാതൊരു ആശയക്കുഴപ്പവും അനുഭവിക്കാത്ത നമ്മുടെ യുവകവിതക്കൂട്ടം ഒരിക്കലെങ്കിലും വള്ളത്തോളിന്റെ സാഹിത്യമഞ്ജരിയിലൂടെ ഒന്ന് സഞ്ചരിച്ചുപോകേണ്ടതാണ്. അങ്ങനെയാണെങ്കില്‍ അവരില്‍ തൊണ്ണൂറ്റിയൊമ്പതുശതമാനമാളുകളും കവിതയെഴുത്തുതന്നെ അവസാനിപ്പിക്കുമെന്ന കാര്യത്തില്‍ എനിക്കു സംശയമേതുമില്ല.

പ്രസാധകര്‍ ഡി സി ബുക്സ് വില 250 രൂപ, ഒന്നാം പതിപ്പ് സെപ്തംബര്‍ 2003



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1