#ദിനസരികള് 509- നൂറു ദിവസം നൂറു പുസ്തകം – എഴുപത്തിയൊമ്പത് ദിവസം.‌





||പെണ്ണു കൊത്തിയ വാക്കുകള്‍ – എസ് ശാരദക്കുട്ടി||

കേരളത്തിന് ഒരിടതുപക്ഷ മനസ്സുണ്ട് എന്ന് നാം അഭിമാനിക്കാറുണ്ട്. എത്ര വലതുപക്ഷത്തിലും അത്തരമൊരിടതുപക്ഷം പ്രതിപ്രവര്‍ത്തനവുമായി കൂടുകെട്ടിയിരിക്കുന്നതിനാല്‍ ഒരു പരിധിക്കപ്പുറം വലതു പക്ഷത്തിന് വലതുപക്ഷമാകാന്‍ കഴിയില്ലെന്നും നാം ധരിച്ചുവെക്കുന്നു.അയ്യാ വൈകുണ്ഠസ്വാമികളില്‍ നിന്ന് ആരംഭിച്ച് ചിലപ്പോഴൊക്കെ പതുക്കെയും മറ്റുചിലപ്പോള്‍ ഗതിവേഗമാര്‍ജ്ജിച്ചും കേരളമാകെ പരന്നൊഴുകിയ നവോത്ഥാനത്തിന്റെ കൈവഴികളാണ് ഇത്തരമൊരു അവബോധം സൃഷ്ടിച്ചെടുത്തതെന്നും നമുക്കറിയാം.ഈ അറിവിന്റെ അര്‍ത്ഥപരിസരങ്ങളില്‍ ചവിട്ടിനിന്നുകൊണ്ട് എസ് ശാരദക്കുട്ടി ഇങ്ങനെ ചോദിക്കുന്നു –“ യുക്തിമൂര്‍ച്ചയുള്ള സംശയങ്ങളുമായി വിശ്വാസത്തിന്റെ ഇടങ്ങളെ കീറിമുറിച്ചിരുന്നവരുടെ ഇടങ്ങള്‍ ഭയാനകമാംവിധം ഒഴിഞ്ഞുകിടക്കുകയാണ്.നിര്‍ത്താത്ത വേഗത്തില്‍ ദൈവമേ ... ദൈവമേ എന്നു നിലവിളിക്കുന്ന ആള്‍ക്കൂട്ടത്തിനു നടുവില്‍ പരിഭ്രാന്തിയോടെ നില്ക്കുകയാണ്.വിശ്വാസത്തിനും അവിശ്വാസത്തിനും ഇടയിലുള്ള നേര്‍ത്ത ഇഴയുടെ ദുര്‍ബ്ബലത അനുഭവിച്ചറിയാന്‍ കഴിയുന്നു. അവിശ്വാസിയായി ഇനി കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ഒരാള്‍ക്കു തുടരാന്‍ കഴിയില്ലേ എന്നു തോന്നിപ്പിക്കുന്നതുപോലെ ശക്തമാണ് വിശ്വാസത്തിലേക്കുള്ള പ്രലോഭനങ്ങള്‍. ചെറുത്തു നില്പിന്റേയോ പ്രതിരോധത്തിന്റേയോ ധിക്കാരസ്വരങ്ങളൊന്നും ഒരിടത്തുനിന്നും കേള്‍ക്കുന്നില്ല. കൂടുതല്‍ സമരസന്നദ്ധമായിരുന്ന ഒരു കാലത്തു ജീവിച്ചുകൊണ്ട് മനുഷ്യഭാഗധേയം തിരിച്ചറിഞ്ഞിരുന്ന ചിന്തകരേയും പരിഷ്കര്‍ത്താക്കളേയും ഒന്നൊന്നായി പരിഹസിച്ചു നിരാകരിക്കുകയാണോ വര്‍ത്തമാനകാല കേരളം? ” ഈ ചോദ്യത്തെ കേവലമായ ഒരാരോപണമായിട്ടല്ല പരിഗണിക്കേണ്ടത്, മറിച്ച് നാം നേരത്തെ പരമര്‍ശിച്ച, വലതുപക്ഷത്തില്‍‌പ്പോലും പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷത്തില്‍ ഏതെങ്കിലും തരത്തിലുള്ള ആശയദാരിദ്ര്യമോ ഉള്ളിളക്കങ്ങളോ സംഭവിച്ചിട്ടുണ്ടോ എന്നാണ്. ഉണ്ട് എന്നുതന്നെയാണ് ശാരദക്കുട്ടി ഉന്നയിക്കുന്ന ചില ഉദാഹരണങ്ങളെങ്കിലും വ്യക്തമാക്കുന്നത്.

ആത്മീയവ്യാപാരികളുടെ ഓഡിറ്റോറിയങ്ങളില്‍ നിറയുന്ന സ്ത്രീകളെ മുന്‍നിറുത്തി അവരില്‍ പൊതുവായി കണ്ടുവരുന്ന ഭക്ത്യൂന്മാദത്തെക്കുറിച്ചുള്ള അന്വേഷണമാണ് ശരീരം : മരണമുള്ള ദൈവം എന്ന ലേഖനം.സ്ത്രീകളെ അടക്കിനിറുത്തിക്കൊണ്ട് സംസ്കാരത്തെ സംരക്ഷിക്കാനുള്ള വ്യഗ്രതപ്പെടലില്‍ അവരുടെ ഉള്ളില്‍ പൊറുതിമുട്ടുന്ന സംന്ത്രാസങ്ങളെ മാനിക്കുവാന്‍ നാം ആവര്‍ത്തിച്ചുപറഞ്ഞു പുളകംകൊള്ളുന്ന ഇടതുപക്ഷമനസ്സ് ജാഗ്രതപ്പെടുന്നില്ല എന്ന ആക്ഷേപത്തെ വളരെ കരുതലോടെ വേണം പരിശോധിക്കുക.’ജന്മവാസനകളെ ‘ ബലപ്രയോഗത്തിലൂടെ തടയുമ്പോഴാണ് നമ്മടെ സമൂഹത്തില്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന രത്യാഭാസവും ഭക്ത്യാഭാസവുമൊക്കെ നടമാടുന്നത്.അടക്കി നിറുത്തുവാനാണ് അടുത്തു നിറുത്തുവാനല്ല നാം പഠിച്ചതും പരിശീലിപ്പിച്ചതുമെന്ന വസ്തുത ശാരദക്കുട്ടി ഊന്നിപ്പറയുന്നുണ്ട്-“ഏറ്റവും ഗാഢവും ആസ്വാദ്യവുമായ വിനിമയമാര്‍ഗ്ഗങ്ങളിലൊന്നായ സ്പര്‍ശത്തെ തിരിച്ചറിയുവാന്‍ നവോത്ഥാന പുരോഗമന വിപ്ലവപ്രസ്ഥാനങ്ങള്‍‌ക്കൊന്നിനും കഴിഞ്ഞിട്ടില്ല.സ്വന്തമായി ശരീരമുണ്ടെന്ന് തിരിച്ചറിയാതെ ‘ജീവിച്ചുപോകുന്ന’ ഒരു സാധാരണ സ്ത്രീയുടെ ഉള്ളില്‍ പോലും മറ്റൊരു ശരീരത്തിന്റെ സാമീപ്യത്തിനും സ്പര്‍ശനത്തിനും വേണ്ടിയുള്ള അടങ്ങാത്തമോഹമുണ്ടാകാം“ ഈ സ്വരം കേരളത്തിലെ ഇടതുപക്ഷം കേള്‍‌ക്കേണ്ടതാണ്.ഇല്ലെങ്കില്‍ ഭക്തിയും അതു വില്ക്കുന്നവരും അവരെ താങ്ങിനിറുത്തുന്ന മതശക്തികളും അടുക്കള വഴി കയറി ഉമ്മറത്തു കസേര വലിച്ചിട്ടിരിക്കുമ്പോള്‍ സ്വയം പഴിച്ചു വിലപിച്ചവസാനിക്കുക എന്നതായിരിക്കും ഇടതുപക്ഷത്തിന്റെ ഗതി എന്നത് നിസ്സാരമായ ഒരു മുന്നറിയിപ്പാണെന്നു മാത്രവുമല്ല , ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികൂടിയാണ്.

വൈലോപ്പിള്ളി : പാവം മലയാളി പുരുഷന്റെ കുമ്പസാരങ്ങള്‍ എന്ന ലേഖനത്തില്‍ സ്വന്തം അമ്മയെ പ്രതിക്കൂട്ടില്‍ നിറുത്തിക്കൊണ്ട് തന്റെ ദുര്‍ബ്ബലതകളെ മറികടക്കാന്‍ പ്രയത്നിച്ചിരുന്ന വൈലോപ്പിള്ളി എന്ന കവിയെ പരിശോധിക്കുന്നു. പ്രത്യക്ഷത്തില്‍ ശാന്തനും സൌമ്യനുമായിരുന്ന വൈലോപ്പിള്ളിയില്‍ ഒരു സാഡോമസോകിസ്റ്റ് സജീവമായുണ്ടായിരുന്നുവെന്ന് കണ്ടെത്തുന്ന ഈ ലേഖനം കൂടുതല്‍ വിശദമായി പരിശോധിക്കേണ്ടതുണ്ട്.കേവലമായ കൌണ്‍സിലിംഗ് നിര്‍‌ദ്ദേശങ്ങള്‍ കൊണ്ട് കുടുംബത്തില്‍ കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്ന സമാധാനത്തിനപ്പുറത്തേക്ക് ആരോഗ്യപരമായ സംവാദത്തിന്റെ സാധ്യതകള്‍ കൂടുതല്‍ നല്ലതാകുന്നുവോ എന്ന സന്ദേഹവും ശാരദക്കുട്ടി പങ്കുവെക്കുന്നു.

“ഭാഷയ്ക്കുള്ളിലെ വ്യവഹാരങ്ങള്‍ തമ്മിലും വാക്കുകളെ അര്‍‌ത്ഥോല്‍പാദനത്തിനു സജ്ജമാക്കുന്ന പ്രത്യയശാസ്ത്രങ്ങല്‍ തമ്മിലുമാണ് എല്ലാ സംവാദങ്ങളും നടക്കുന്നത്.മേലാളരുടെ മുന്നില്‍ സ്വയംനിന്ദിക്കാനും എല്ലാം എടുത്തുപറയാനുമായി കീഴാളന് പ്രത്യേക ശൈലി ഉള്ളതുപോലെ തന്നെ സ്വയം മേനി നടിക്കാനും അധികാരത്തിലെ ശ്രേണീവ്യത്യാസത്തെ നിലനിറുത്താനുമായി മേലാളര്‍ക്കും പ്രത്യേക ഭാഷകളുണ്ട്.ആ ഭാഷയുടെ ഉത്പന്നങ്ങളാകുമ്പോള്‍ ഫലിതങ്ങള്‍ക്കുമാത്രമായി ഒരു നിഷ്പക്ഷത ഉണ്ടാകുവാന്‍ വയ്യ” എന്ന നിരീക്ഷണം പങ്കുവെക്കുന്ന ചിരിയുടെ തീണ്ടല്‍ എന്ന ലേഖനം അധികാരഘടനയുടെ മേലാള സങ്കല്പനങ്ങളെയാണ് പരിശോധിക്കുന്നത്.ആണ്‍‌കോയ്മ നിലനില്ക്കുന്നിടത്ത് പെണ്ണം കീഴാളജാതിതന്നെ എന്ന നിലപാടിന്റെ തീര്‍ച്ചയും മൂര്‍ച്ഛയും കേരളമനസ്സ് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നു വേണം കരുതുവാന്‍ . “ചിരിയുടെ തീണ്ടല്‍” ഈ സമാഹാരത്തിന്റെ ശക്തിയും ഓജസ്സുമാകുന്നു.

“വേട്ടനായ്ക്കളേയും മുയലുകളേയും ഒരേ കൂട്ടില്‍ അടച്ചിടുക. വ്യക്തമായും കൃത്യമായും ഈ കൂട്ടിനകത്ത് എന്തെല്ലാം സംഭവിക്കുമെന്ന് നിര്‍വചിച്ചുവെയ്ക്കുകയും നിരീക്ഷിക്കുകയും ചെയ്യുക.പുറത്തുനിന്ന് ഇതിനെല്ലാം പരിഹാരമാര്‍ഗ്ഗങ്ങള്‍ നിശ്ചയിക്കുക.നിയമത്തിന്റെ കാവലില്‍ ഈ കൂട്ടില്‍ത്തന്നെ നായും മുയലും കഴിഞ്ഞുകൊള്ളണമെന്ന പ്രാകൃതസങ്കല്പത്തില്‍ നിന്ന് വിപ്ലവകരമായ ഒരു കുടുംബസങ്കല്പത്തിലേക്ക് നമ്മുടെ സമൂഹം വളരേണ്ടുതുണ്ട്.” എന്ന് ഓരോ നിമിഷവും വായനക്കാരനെ ഓര്‍മ്മപ്പെടുത്തുന്നു , ഈ പുസ്തകം

ഒരു പകലൊരിന്ദ്രജാലം എന്നൊരു ലേഖനമുണ്ട് ഈ പുസ്തകത്തില്‍. വായിക്കുക.



പ്രസാധകര്‍ ഡി സി ബുക്സ് വില 95 രൂപ, ഒന്നാം പതിപ്പ് മെയ് 2010



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1