#ദിനസരികള് 512- നൂറു ദിവസം നൂറു പുസ്തകം – എണ്‍പത്തിരണ്ടാം ദിവസം.‌





||ഇസ്ലാമിക രാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു   എം എന്‍ കാരശ്ശേരി ‌||

            ജമാ അത്തെ ഇസ്ലാമി ഉയര്‍ത്തിപ്പിടിക്കുന്ന ഇസ്ലാമികരാഷ്ട്രീയത്തിന്റെ ജനാധിപത്യവിരുദ്ധതയെക്കുറിച്ച് മുന്നറിയിപ്പു നല്കിക്കൊണ്ട് എം എന്‍ കാരശ്ശേരി എഴുതുന്നു ഇസ്ലാമിക രാഷ്ട്രീയം ജനാധിപത്യവ്യവസ്ഥയെ നിരാകരിക്കുന്നു.അതിന്റെ സംഘടനാരൂപങ്ങളില്‍ പ്രധാനപ്പെട്ടതാണ് ജമാ അത്തെ ഇസ്ലാമി. മതമൌലികത , മതഭീകരത തുടങ്ങിയ ജീര്‍ണതകളില്‍ വേരുറപ്പിച്ച് രാഷ്ട്രീയമായിക്കൂടി ഒളിഞ്ഞും തെളിഞ്ഞും വളരാന്‍ നോക്കുന്ന ഇവിടുത്തെ മറ്റു ചില മുസ്ലിം സംഘടനകള്‍ക്കും വെള്ളവും വളവും നല്കുന്നത് ജമാ അത്തെ ഇസ്ലാമിയാണ്”. സയ്യിദ് അബുല്‍ആലാ മൌദൂദിയുടെ ജമ അത്തെ ഇസ്ലാമി കേവലമൊരു മതസംഘടനയല്ല , മറിച്ച് രാഷ്ട്രീയ പ്രസ്ഥാനമാണ്.ഇസ്ലാമിക രാഷ്ട്രീയത്തിലൂടെ ഹുക്കുമത്തെ ഇലാഹി സ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെ പാകിസ്താനിലും അഫ്ഗാനിസ്താനിലും ബംഗ്ലാദേശിലുമൊക്കെ ഈ സംഘടന പ്രവര്‍ത്തിക്കുന്നു.ഇന്ത്യയില്‍ കാശ്മീരില്‍ത്തന്നെ 1953 മുതല്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തിച്ചുവരുന്നുണ്ട്.മുസ്ലിംരാഷ്ട്രീയത്തില്‍ നിന്നും വ്യത്യസ്തമായി ജമായത്തെ ഇസ്ലാമി മതത്തെത്തന്നെയാണ് രാഷ്ട്രീയമായും കാണുന്നത്.ഇസ്ലാമിക്‍ സ്റ്റേറ്റ് സ്ഥാപിക്കുവാനുള്ള പരിശ്രമങ്ങളിലേര്‍‌പ്പെട്ടിരിക്കുന്ന ഈ സംഘടനയുടെ ഇടപെടലുകളെ നാം ഫലപ്രദമായി ചെറുക്കേണ്ടതുണ്ടെന്നും മതത്തെ മതമായി കാണുന്ന മുസ്ലിം രാഷ്ട്രീയം വിഭിന്നമായ മറ്റൊരു നിലപാടിനെയാണ് മുന്നോട്ടു വെക്കുന്നതെങ്കില്‍ പൊളിറ്റിക്കല്‍ ഇസ്ലാം എന്ന സങ്കല്പത്തിനാണ് മദൂദി പ്രാധാന്യംകൊടുക്കുന്നത്. “ഇസ്ലാം എന്നത് സാധാരണ നിലയ്ക്കുള്ള ഒരു മതം അല്ല, ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമാണെന്ന് മദൂദി ഉറച്ചു വിശ്വസിക്കുന്നു.മറ്റു സംഘടനകള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് മതത്തിന്റെ സാംസ്കാരികപ്പഴമകളാണ്.മദൌദിസം ഉയര്‍ത്തിക്കാട്ടുന്നത് മതത്തിന്റെ രാഷ്ട്രീയ മുഖമാണ്.അത് നിലകൊള്ളുന്നത് രാഷ്ട്രീയ ഇസ്ലാമിന് വേണ്ടിയാണ്.രാഷ്ട്രീയാധികാരത്തിനുവേണ്ടി നിലകൊള്ളുന്ന ഒരു സംഘടന തികച്ചും രാഷ്ട്രീയ പാര്‍ട്ടിയാണ്. ഇസ്ലാമിക രാഷ്ട്രം സംസ്ഥാപിക്കുവാനുള്ള ഉദ്ദേശത്തോടുകൂടി ജീവിക്കുവാനും മരിക്കുവാനും തയ്യാറാകുന്നതിനെയാണ്  മദൂദി ജിഹാദ് അഥവാ വിശുദ്ധയുദ്ധം എന്നു വിശേഷിപ്പിക്കുന്നത്. മതേതര ജനാധിപത്യമെന്ന ആധുനിക സങ്കല്പങ്ങളെ വാദത്തിനു പോലും അംഗീകരിക്കാത്ത മദൂദിയുടെ വാദങ്ങള്‍ പല കൂട്ടായ്മകളിലൂടേയും പല മുഖംമൂടികളണിഞ്ഞും നമ്മിലേക്ക് കടന്നെത്തുന്നതിനെക്കുറിച്ച് കരുതിയിരിക്കണമെന്ന്  കാരശേരി വ്യക്തമാക്കുന്നു.

            ശരിയത്തില്‍ ഇ എം എസ് ഇടപെട്ടതിനെക്കുറിച്ച് രസകരമായ ചില നിരീക്ഷണങ്ങള്‍ കാരശേരി നടത്തുന്നുണ്ട്.മതങ്ങളിലെ ശരിതെറ്റുകള്‍ അതാതുമതങ്ങളില്‍ ജനിച്ചു വളര്‍ന്നവര്‍ തിരുത്തുന്നതായ ഒരു പാരമ്പര്യം നമുക്കുണ്ടായിരുന്നുവെന്നും അതിനെയാണ് ഇ എം എസ് അട്ടിമറിച്ചതെന്നും ചിന്തിക്കുന്ന വിഭാഗങ്ങളോട് അദ്ദേഹം മറുപടി പറയുന്നുണ്ട്.താന്‍ ജനിച്ചു വളര്‍ന്ന പാരമ്പര്യങ്ങളെ ന്യായീകരിച്ചുകൊണ്ട് അന്യമതങ്ങളെ കുറ്റപ്പെടുത്തുകയായിരുന്നു ഇ എം എസ് ചെയ്തതെങ്കില്‍ അത് അപരാധമാകുകമായിരുന്നുവെന്ന് കാരശേരി ചൂണ്ടിക്കാണിക്കുന്നു.നിരീശ്വരനും നിര്‍മതനുമായ ഒരു കമ്യൂണിസ്റ്റിന് തന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രമല്ലാതെ മറ്റൊന്നുംതന്നെ ഉയര്‍ത്തിപ്പിടിക്കാനില്ലെന്നു സൂചിപ്പിക്കുന്ന ഇ എം എസും ശരിയത്തും എന്ന ലേഖനം ശ്രദ്ധയാകര്‍ഷിക്കുന്നു.

            ഭീതിയുടെ ഊര്‍ജ്ജം എന്ന വിശേഷണത്തോടെ എന്‍ ഡി എഫിനെക്കുറിച്ച് എഴുതുന്ന ലേഖനം കാരശേരി ആരംഭിക്കുന്നത് ഇങ്ങനെയാണ് :- “ ഹിന്ദുക്കള്‍ക്കു വേണ്ടി പൊരുതുന്നുവെന്ന് അവകാശപ്പെടുന്ന തീവ്രവാദ സംഘടനയായ ആര്‍ എസ് എസിനെ ന്യായീകരിക്കുന്നത് മഹാപാതകമാകുമ്പോള്‍ മുസ്ലീങ്ങള്‍ക്കു വേണ്ടി പൊരുതുന്നു എന്നവകാശപ്പെടുന്ന തീവ്രവാദ സംഘടനയായ എന്‍ ഡി എഫിനെ ന്യായീകരിക്കുന്നത് മനുഷ്യാവകാശ പ്രവര്‍ത്തനമാകുന്നത് എങ്ങനെയാണ് ? “ ഏതു തലത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനത്തേയും അതു ചെറുതാവട്ടെ വലുതാവട്ടെ ഒരേ നിലയില്‍ കണ്ടു കൊണ്ടു വേണം പ്രതിരോധങ്ങള്‍ തീര്‍ക്കുവാന്‍ എന്ന വാദത്തിന് കഴമ്പുണ്ടെന്ന് ലേഖകന്‍ സൂചിപ്പിക്കുന്നു.സമുദായങ്ങളുടെ സൌഹാര്‍ദ്ദപരമായ ഇടപഴകലുകളെ സ്വാഗതം ചെയ്യുന്ന കാരശേരി , മലബാര്‍ കലാപത്തിന്റെ പ്രതിലോമകരമായ സ്വാധീനങ്ങളെപ്പോലും നാം വളരെ വേഗം മറികടന്നത് സമുദായൈക്യം  എന്ന സങ്കല്പത്തിന്റെ പിന്‍ബലത്തില്‍ മറക്കാനും പൊറുക്കാനും തയ്യാറായതുകൊണ്ടുതന്നെയാണ്. ആ ശേഷിയെയാണ് ഇന്ന് ചിലര്‍ വെല്ലുവിളിക്കുന്നതും ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നതും. ഐക്യപ്പെടലുകള്‍ക്കാണ് അനൈക്യങ്ങളെക്കാള്‍ സമകാലികപ്രസക്തി എന്ന പ്രഖ്യാപനമാണ് കാരശേരി ഈ പുസ്തകത്തിലൂടെ നടത്തുന്നത്.   


പ്രസാധകര്‍ : മാതൃഭൂമി വില 100 രൂപ, ഒന്നാം പതിപ്പ് സെപ്തംബര്‍ 2012



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1