#ദിനസരികള് 507- നൂറു ദിവസം നൂറു പുസ്തകം – എഴുപത്തിയേഴാം ദിവസം.‌




||നോവല്‍ പ്രശ്നങ്ങളു പഠനങ്ങളും പ്രൊഫ. എം അച്യുതന്‍||
            നോവല്‍സാഹിത്യത്തെക്കുറിച്ച് മലയാളത്തില്‍ നാളിതുവരെ വന്നിരിക്കുന്ന പഠനങ്ങളില്‍ നിന്നും പ്രധാനപ്പെട്ട പുസ്തകങ്ങളെ വ്യത്യസ്തരായ പത്താളുകള്‍ തിരഞ്ഞെടുക്കുന്നുവെങ്കില്‍ ആ പത്തിലും പെടുമെന്ന് ഉറപ്പുള്ള രണ്ടെണ്ണമുണ്ട്. ഒന്ന് പി കെ ബാലകൃഷ്ണന്‍ എഴുതിയ നോവല്‍ - സിദ്ധിയും സാധനയും , മറ്റൊന്ന് എം അച്യുതന്റെ നോവല്‍ - പ്രശ്നങ്ങളും പഠനങ്ങളും.എന്നല്ല നോവലുകളെക്കുറിച്ചുള്ള പഠനം എന്നതിനപ്പുറം, നോവല്‍ സാഹിത്യത്തെക്കുറിച്ചുള്ള സമഗ്ര പഠനങ്ങള്‍ നമ്മുടെ ഭാഷയില്‍ തുലോം കുറവാണെന്നു തന്നെ പറയാം.ഒരു പട്ടിക തയ്യാറാക്കുകയാണെങ്കില്‍ എം പി പോളിന്റെ നോവല്‍ സാഹിത്യം , പി കെ രാജശേഖരന്റെ ഏകാന്തനഗരങ്ങള്‍, ഷാജി ജേക്കബിന്റെ മലയാള നോവല്‍ ഭാവനയുടെ രാഷ്ട്രീയം, വി രാജകൃഷ്ണന്റെ മറുതിര കാത്തുനിന്നപ്പോള്‍, ഇവി രാമകൃഷ്ണന്റെ മലയാള നോവലിന്റെ ദേശകാലങ്ങള്‍, എം ലീലാകുമാരിയുടെ നോവല്‍ വിചിന്തനങ്ങള്‍, ഇ ബാനര്‍ജിയുടെ മിത്തും മലയാളഭാവനയും, എസ് രാജശേഖരന്റെ നവോത്ഥാനന്തരനോവല്‍ , കെ പി അപ്പന്റെ ഫിക്ഷന്റെ അവതാരലീലകള്‍ മുതലായവയൊക്കെ പെട്ടുവെന്നു വരാം. നമുക്കു അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കാവുന്ന എന്‍ കൃഷ്ണപിള്ളയുടേ  പ്രതിപാത്രം ഭാഷണഭേദം, പി കെ രാജശേഖരന്റെ മലയാളനോവലിന്റെ നൂറു വര്‍ഷങ്ങള്‍ - അന്ധനായ ദൈവം എന്നീ പഠനങ്ങള്‍ വേറെയുമുണ്ട് എന്ന കാര്യം കൂടി സ്മരിക്കുക
            നോവല്‍ പ്രശ്നങ്ങളും പഠനങ്ങളും എന്ന പുസ്തകം പ്രസ്തുത സാഹിത്യശാഖയുടെ ഉള്‍വഴികളെ പരിചയപ്പെടുത്തുന്നു.നോവലിന്റെ പ്രത്യേകതകളും വിശേഷസാധ്യതകളും മലയാളവായനക്കാരനെ ധരിപ്പിക്കാനുള്ള എന്റെ ആഗ്രഹത്തിന്റെ ഫലമാണ് ഈ പുസ്തകം തന്റെ പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് എന്ന് പി കെ ബാലകൃഷ്ണന്‍ എം അച്യൂതനും യോജിക്കുമെന്നു കരുതാം.നോവലും മധ്യവര്‍ഗ്ഗ സിദ്ധാന്തവും ,നോവലും രചനാസങ്കേതങ്ങളും , രാജാവിന്റേയും രാജ്ഞിയുടേയും മരണം, കാലവും നോവലും , പാത്രസൃഷ്ടിയുടെ സരണികള്‍, റിയലിസ്റ്റായ ദൈവം , അനുഭവകേന്ദ്രത്തിലേക്ക്, യാഥാര്‍ത്ഥ്യം നോവലിലും സിനിമയിലും ,തലമുറകളുടെ മാറ്റം, നോവലും ചരിത്രവും എന്നീ അധ്യായങ്ങളിലൂടെയാണ് പൊതുവായ നോവല്‍ പഠനങ്ങള്‍ പ്രൊഫസര്‍ എം അച്യുതന്‍ നിര്‍വ്വഹിക്കുന്നത്.കൂടാതെ ധര്‍മ്മരാജയേയും സിവിയുടെ സംഭാഷണരചനയേയും ഇന്ദുലേഖയേയും ഉറൂബിനേയും അവകാശികളേയും സവിശേഷമായി പഠിക്കുകയും ചെയ്യുന്നു.
മധ്യവര്‍ഗ്ഗ സിദ്ധാന്തവും നോവലും എന്ന അധ്യായം അന്വേഷിക്കുന്നത് നോവല്‍ രൂപപ്പെട്ടു വന്ന കാലത്തെസംബന്ധിച്ച് നിലനില്ക്കുന്ന തര്‍ക്കങ്ങളേയും അക്കാലങ്ങളുടെ സവിശേഷതകളേയും കുറിച്ചാണ്.പതിനെട്ടാം നൂറ്റാണ്ടിലെ ബൂര്‍ഷ്വാസികളായ മധ്യവര്‍ഗ്ഗത്തിന്റെ ഉദയമാണ് നോവലിന്റെ ആവിര്‍ഭാവത്തിനു കാരണം എന്ന വാദം പ്രബലമാണെങ്കിലും അതിനുമുമ്പുതന്നെ നോവല്‍ ടെക്നിക്ക് ഉണ്ടായിക്കഴിഞ്ഞുവെന്നാണ് അച്യുതന്‍ പറയുന്നത്.നോവല്‍ വ്യവസായ വിപ്ലവത്തിന്റെ ഉത്പന്നമല്ലെന്നത് ചരിത്രത്തിലേക്കൊന്നെത്തിനോക്കിയാല്‍ അറിയാം.യൂറോപ്പില്‍ 1740 കാലത്ത് വിപ്ലവകരമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് നമുക്കറിയാം.വ്യവസായവിപ്ലവലും ഫ്രഞ്ചുവിപ്ലവവും പതിനെട്ടാം നൂറ്റാണ്ടിനു ശേഷമാണ് ഉണ്ടായത്.എന്നാല്‍ മനുഷ്യരിലെ ഭാവനാവിപ്ലവം അപ്പോഴേക്കും യൂറോപ്പില്‍ പരിണാമങ്ങള്‍ വരുത്തിക്കഴിഞ്ഞിരുന്നു” The Craft of the novel എന്ന പുസ്തകത്തിന്റെ രചയിതാവായ കോളിന്‍ വിത്സനെ പുരസ്കരിച്ച് എഴുതുന്നു.            വര്‍ഗ്ഗതാല്പര്യങ്ങള്‍ സാഹിത്യത്തില്‍ ഇടപെടാന്‍ തുടങ്ങിയ ശേഷം പുതിയ ഒരു ഭാവുകത്വം നോവലിന് ലഭ്യമായി എന്നത് വസ്തുതയാണ്.
എച്ച് ജി വെത്സിന്റെ മാഹാത്മ്യമേറിയ കീറച്ചാക്ക് എന്ന പ്രയോഗത്തിനപ്പുറം എക്കാലത്തും നിലനില്ക്കുന്ന ഒരു നിര്‍വ്വചനം നോവലിന് അസാധ്യമാണെന്ന് സൂചിപ്പിച്ചുകൊണ്ടാണ് നോവലും രചനാസങ്കേതങ്ങളും അധ്യായം തുടങ്ങുന്നത്. അന്നെന്ന പോലെ ഇന്നും നോവലിന് ദൃഢവും സര്‍വ്വാദൃതവുമായ നിര്‍വചനമോ രൂപപരമായ നിയമങ്ങളോ ഇല്ല എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് നോവല്‍ രംഗത്തു നിലനില്ക്കുന്ന ചില പരീക്ഷണവ്യഗ്രതകളെ അവതരിപ്പിക്കുന്നു.റിയലിസത്തെക്കുറിച്ചും റൊമാന്റിസിസത്തെക്കുറിച്ചും കൃതികള്‍ സമൂഹത്തോടു പ്രതിപ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചും രൂപ ഭാവ സവിശേഷതകളെക്കുറിച്ചുമൊക്കെ സംവദിക്കുന്ന ഈ അധ്യായം ഒരു സൃഷ്ടി എന്ന നിലയില്‍ നോവലിനെ അഴിച്ചു പരിശോധിക്കുന്നു.ഫ്ലോബറിനേയും ഡോസ്റ്റോവ്സ്ക്കിയേയും ഹെന്‍റി ജയിംസിനേയും മുന്‍നിറുത്തി അധികം വിശാലമല്ലാത്ത വായനകള്‍ നടക്കുന്നു.വസ്തുതകള്‍ വാരിവലിച്ചു കാട്ടാതെ ഇതിവൃത്തത്തിനാവശ്യമുള്ളവ മാത്രം തിരഞ്ഞെടുത്ത് തെളിമയോടെ പ്രകാശിപ്പിക്കുയാണ് ആവശ്യമെന്ന മോപ്പസാങ്ങിന്റെ നിലപാടിനോട് മമതയുള്ളയാളാണ് ഗ്രന്ഥകാരന്‍. നോവലിനെന്നല്ല ഏതു സാഹിത്യകൃതിക്കും ഇതുതന്നെയാണ് ആവശ്യമെന്നു കൂടി സൂചിപ്പിക്കട്ട!നോവലുകളില്‍ കാലം പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്ന് പരിശോധിച്ചുകൊണ്ട് ആധുനിക നോവലിലെ ഘടനാപരവും സാങ്കേതികവുമായ പല സ്വഭാവങ്ങളും കാലങ്ങളുടെ ഭൌതികകാലം, ആനുഭൂതികകാലം-  നേരെയുള്ള പ്രതികരണമെന്ന നിലയിലേ ഗ്രഹിക്കാനാകൂവെന്ന് സിയാല്‍ കോവ്സ്കിയെ ഉദ്ധരിക്കുന്നുണ്ട്.കാലത്തിലൂടെ രേഖീയമായ അല്ലാതെയോ ആവിഷ്കരിക്കപ്പെടുന്ന അനുഭൂതികളെ കൂടുതല്‍ സൂക്ഷ്മമായി പഠിക്കേണ്ടുന്നതിന്റെ ആവശ്യകത ഇവിടെ കൂടുതല്‍ വ്യക്തമാകുന്നു.
അച്ചടക്കത്തിന്റേതായ തീര്‍പ്പുകളെ ഒരു വിധത്തിലും അനുവദിക്കാത്ത നോവലുകളുടെ ആധുനിക സ്വഭാവത്തോട് താരതമ്യപ്പെടുത്തിക്കൊണ്ടാണ് ഇ എം ഫോസ്റ്ററേയും എം പി പോളിനേയുമെന്നതുപോലെ ഭരതമുനിയേയും അരിസ്റ്റോട്ടിലിനേയും രാജാവിന്റേയും രാജ്ഞിയുടേയം മരണം എന്ന ചര്‍ച്ചക്കെടുക്കുന്നത്.രേഖീയമായ ആഖ്യാനരീതിയെ അതിലംഘിക്കുകയും എഴുത്തുകാരന്റെ കൈയ്യില്‍ ഏതുനിമിഷം ക്രമം തെറ്റാവുന്ന പകിടമാത്രമായി കാലം മാറുകയും ചെയ്തു.പഴയ ഇതിവൃത്തസങ്കല്പത്തിനു വന്ന മാറ്റങ്ങള്‍ക്കു കാരണം കഥക്കു പ്രാധാന്യം നഷ്ടമായതും മാനസികപ്രശ്നങ്ങള്‍ക്കു പ്രാധാന്യം കൂടിയതുമാണ്.ഇതുതന്നെ മറ്റൊരു വിധത്തില്‍‍ പറഞ്ഞാല്‍ കലാമൂല്യകല്പനയില്‍ വന്ന മാറ്റമാണ് കാരണമെന്നാകും.കാലം നോവലിന്റെ ഉള്ളടക്കത്തേയും സങ്കേതങ്ങളേയും മാറ്റിമറിച്ച് ഗൌരവാവഹമായ നൂതനാവബോധങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു ജെയിംസ് ജോയ്സിനേയും കാഫ്കയേയും തോമസ് മന്നിനേയുമൊക്കെ ഉദാരഹരണമാക്കി കാലരാഹിത്യം (Timelessness) എന്ന വിശേഷത്തേയും ചര്‍ച്ചക്കെടുക്കുന്നു.
പ്രകൃതിവസ്തുക്കളെ ചിത്രീകരിക്കുകയല്ല, മാനസികാവസ്ഥകളെ അഭിവ്യഞ്ജിപ്പിക്കാന്‍ അവയെ ഉപാധികളാക്കുകയാണ് പുതിയ തലമുറക്കാര്‍.വസ്തുവിന്റെ സ്വത്വത്തിന്  - സ്വതന്ത്രതക്ക് പരിമിതി വരുന്നു എന്ന നഷ്ടം ഇവിടെ മാനസികമായ ലാഭംകൊണ്ട് നികത്തുന്നുവെന്ന് പറയാം.വസ്തുവും മനസ്സും നോവലില്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്നാണ് ഈ അധ്യായം പരിശോധിക്കുന്നത്.
നോവലുകളെ ക്രിയാ നോവല്‍, പാത്രനോവല്‍, നാടകീയ നോവലുകള്‍ എന്നിങ്ങനെ വേര്‍തിരിച്ചു കൊണ്ട് കഥാപാത്രങ്ങളുടെ രൂപവത്കരണത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന അധ്യായമാണ് പാത്രസൃഷ്ടിയുടെ സരണികള്‍.എല്ലാ ഇടുങ്ങിയ ഇടത്തുനിന്നും മഹാപ്രപഞ്ചത്തോളം വലുതാകുന്ന സ്റ്റീഫന്‍ ഡഡലോസിന്റെ ദര്‍ശനത്തെപ്പോലെതന്നെ ഇടുങ്ങിയ ഇടങ്ങളിലേക്ക് മടങ്ങിപ്പോകുന്നവരേയും നോവലുകളെ ആനയിക്കുന്നുണ്ട്.നോവല്‍കാരനു പാത്രങ്ങളോടുള്ള ബന്ധം നമുക്ക് അന്യരോടുള്ള ബന്ധം പോലെയല്ല.അതു ദൈവത്തിനു തന്റെ സൃഷ്ടികളോടുള്ള ബന്ധം പോലെയാണ്.എത്രതന്നെ ഒളിഞ്ഞ് അകന്നു നിന്നാലും നോവല്‍കാരന്‍ സര്‍ജ്ഞനും സര്‍വ്വവ്യാപിയുമണ്.ഈ അവസ്ഥയുടെ ആനുകൂല്യം അയാള്‍ വായനക്കാരനും നല്കുന്നു. 
നോവല്‍ സമൂഹത്തിലേക്ക് വിക്ഷേപിക്കുന്ന വിവിധങ്ങളായ ആവിഷ്കാരങ്ങളെ ഇഴ വിടര്‍ത്തി പരിശോധിക്കുന്നതിന് ഈ പുസ്തകം ഒരു മാതൃകയാണ്. നോവല്‍ എന്താണെന്നും എങ്ങനെയാണ് അത് പ്രവര്‍ത്തിക്കുന്നതെന്നും നോവലിന്റെ ചരിത്രമെന്തായിരുന്നുവെന്നും ചര്‍ച്ച ചെയ്യുന്നു.നോവലിന്റെ ഘടകങ്ങളെ വ്യത്യസ്തവിതാനങ്ങളില്‍ വെച്ച് മാറ്റുരച്ചുനോക്കി യോജിപ്പും വിയോജിപ്പും നിര്‍ണയിച്ചുകൊണ്ട് പ്രൊഫസര്‍ എം അച്യുതന്‍ മലയാള സാഹിത്യത്തില്‍ പുതിയൊരു മാതൃക തീര്‍ക്കുകയാണ്.
__________________________________________________________
പ്രസാധകര്എന്‍ ബി എസ് വില 90 രൂപ, രണ്ടാം പതിപ്പ് ജൂണ്‍ 2001

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1