#ദിനസരികള് 508- നൂറു ദിവസം നൂറു പുസ്തകം – എഴുപത്തിയെട്ടാം ദിവസം.‌




||പഞ്ചമഹാനിഘണ്ടു നീലകണ്ഠനുണ്ണി||

എന്റെ അമ്മാവന്‍ വലിയ പുസ്തകസ്നേഹിയായിരുന്നു. അളവുതൂക്കം ഓഫീസില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം , ധാരാളം പുസ്തകങ്ങള്‍ വാങ്ങിക്കുമായിരുന്നു. പിന്നീട് അദ്ദേഹം മറ്റു സ്ഥലങ്ങളിലേക്ക് ഔദ്യോഗികമായി മാറിപ്പോയെങ്കിലും പുസ്തകങ്ങള്‍ ഒട്ടൊക്കെ വീട്ടിലവശേഷിപ്പിച്ചിരുന്നു.അതുകൊണ്ടുതന്നെ എന്റെ കുട്ടിക്കാലത്ത് പുസ്തകങ്ങള്‍ക്ക് പഞ്ഞമില്ലായിരുന്നു. പുല്ലുമേഞ്ഞ വീടിനുള്ളില്‍ ശേഖരിച്ചിരുന്നവയില്‍ പലതും അക്കാലത്തു നനഞ്ഞു പോയിട്ടുണ്ടെങ്കിലും  അമ്മാവന്റെ ഒപ്പോടും എഴുത്തോടും കൂടിയ അവയില്‍ ചിലതൊക്കെ ഇന്നും എന്റെ കൈവശമുണ്ട്. എഴുത്ത് എന്നു പറഞ്ഞത് പുതിയൊരു പുസ്തകം വാങ്ങിച്ചാല്‍ ആദ്യപേജില്‍ത്തന്നെ ഇങ്ങനെ എഴുതും ഞാനെന്റെ ജീവനെക്കാളേറെ സ്നേഹിക്കുന്ന ഇവ മാത്രമാണ് എന്റെ സമ്പാദ്യങ്ങള്‍. നശിപ്പിച്ചു കളയരുതേ കൂടെ അനനുകരണീയമായ അദ്ദേഹത്തിന്റെ ഒപ്പും. ചങ്ങമ്പുഴയുടെ സമ്പൂര്‍ണകൃതികള്‍, വള്ളത്തോളിന്റെ കൃതികള്‍ , ആയിരത്തൊന്നു രാവുകള്‍, കുഞ്ചന്‍‌ നമ്പ്യാരുടെ തുള്ളല്‍ കൃതികള്‍ എന്നിവയൊക്കെ ഇന്നും വളരെ സുഖമായി എന്റെ അലമാരയില്‍ ഇരിക്കുന്നു.പലതിനും എന്നെക്കാള്‍ പ്രായമുള്ളതുകൊണ്ട് വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും കരുതലോടെയും മാത്രമേ ഞാനവയോടു പെരുമാറാറുള്ളു. ഇക്കാലമായിട്ടും വളരെ ഭദ്രമായും ശക്തമായും അവയുടെ പേജുകളും കുത്തിക്കെട്ടുകളും നിലകൊള്ളുന്നുവന്നു കൂടി സാന്ദര്‍ഭികമായി സൂചിപ്പിച്ചുകൊള്ളട്ടെ. അക്കൂട്ടത്തില്‍ എന്റെ കരലാളനം ഏറ്റവും അധികമുണ്ടായ പുസ്തകങ്ങള്‍ ചങ്ങമ്പുഴകൃതികളായിരിക്കും. രണ്ടാം സ്ഥാനം വി പബ്ലിഷേഴ്സ് കോട്ടയത്തുനിന്നും പ്രസിദ്ധീകരിച്ച പഞ്ചമഹാനിഘണ്ടുവാണ്.

            പഞ്ചമഹാനിഘണ്ടുവിന് ഡിസി ബുക്സിന്റേതാണെന്നു തോന്നുന്നു ഇപ്പോള്‍ പുതിയ പതിപ്പ് വന്നിട്ടുണ്ട്. എത്രമത്തെ പതിപ്പാണെന്നു അറിയാനൊരു വഴിയുമില്ലെങ്കിലും കവര്‍ പേജ് പോയ എന്റെ കൈവശമുള്ള പുസ്തകത്തില്‍ കൊടുത്തിരിക്കുന്ന തീയ്യതി പ്രകാരം 28 8 1976 ലാണ് ഈ പുസ്തകം അച്ചടിച്ചിരിക്കുന്നത്. പുരാണ സാഹിത്യ നിഘണ്ടു, ശൈലി നിഘണ്ടു, പഴഞ്ചൊല്‍ നിഘണ്ടു, പര്യയ നിഘണ്ടു, നാനാര്‍ഥ നിഘണ്ടു എന്നിങ്ങനെ അഞ്ചു നിഘണ്ടുക്കളെ ഉള്‍‌പ്പെടുത്തിയ ഈ പുസ്തകത്തിന് എണ്ണൂറോളം പേജുകളുമുണ്ട്.

            അവതാരികയില്‍ മഹാകവി ജി ശങ്കരക്കുറിപ്പ് ഇങ്ങനെ എഴുതുന്നു. :- പ്രസിദ്ധ പണ്ഡിതനും പ്രശസ്ത ലേഖകനുമായ ശ്രീ നീലകണ്ഠനുണ്ണിയുടെ മഹാപരിശ്രമത്തിന്റെ ഫലമാണ് പഞ്ചമഹാനിഘണ്ടു.പഞ്ചകോശങ്ങളുടെ സങ്കലനമായ ഈ വിശിഷ്ടഗ്രന്ഥം പൌരാണിക സാഹിത്യത്തിന്റെ സജീവങ്ങളായെ സെല്ലുകളുടെ സമന്വയമാണെന്നു പറയാം.പുരാണങ്ങളിലൂടെ ശ്രദ്ധാപൂര്‍വ്വം സഞ്ചരിക്കുന്ന ജിജ്ഞാസുക്കള്‍ ഒരു ഉത്തമമാര്‍ഗദര്‍ശകനായിരിക്കും പുരാണ സാഹിത്യ നിഘണ്ടു.പദങ്ങളുടെ നാനാര്‍ത്ഥങ്ങള്‍ ആശയാവബോധത്തില്‍ ദിഗ്ഭ്രമം ഉണ്ടാക്കുകയില്ല, ഈ പുസ്തകം കൂടെയുണ്ടെങ്കില്‍.പര്യായപദങ്ങള്‍ , ഒരു സംക്ഷിപ്താഭിധാനഗ്രന്ഥത്തിന്റെ കൃത്യം സാധിക്കുന്നു.ശൈലികളും പഴഞ്ചൊല്ലുകളും കുറേക്കൂടി സഞ്ചയിക്കുന്നത് സ്പൃഹണീയമായിരിക്കും.വളരെ പ്രയോജനമുള്ള ഈ കൃതിയുടെ പ്രസാധനവും പ്രകാശനവും അത്യന്തം അഭിനന്ദനാര്‍ഹമാണെന്ന് എനിക്കു തോന്നുന്നു.ജി അവതാരികയായി ആകെ എഴുതിയത് ഇത്രയേയുള്ളുവെങ്കിലും പുസ്തകത്തിന്റെ ഉള്ളടക്കത്തെ പരിചയപ്പെടുത്താന്‍ ശക്തമായതുകൊണ്ടു മുഴുവനായിത്തന്നെ ഞാന്‍ പകര്‍ത്തിയിട്ടുണ്ട്.
            ഈ പുസ്തകത്തിന്റെ ആവശ്യകതയെക്കുറിച്ച് നര്‍മ്മം കലര്‍ന്ന ഭാഷയില്‍ ഗ്രന്ഥകാരന്‍ രേഖപ്പെടുത്തുന്നത് നോക്കുക.-“നമ്മുടെ ദൈനംദിനാവശ്യങ്ങള്‍ക്കു വേണ്ട സാധനങ്ങള്‍ അവയില്‍ ഓരോന്നും ശേഖരിച്ചുവെച്ചിട്ടുള്ള മൊത്തക്കടകളില്‍ പോയി നിത്യവും വാങ്ങിച്ചുകൊണ്ടുവരുന്നതിന് എത്രമാത്രം ധനനഷ്ടവും സമയനഷ്ടവും ബുദ്ധിമുട്ടും ഉണ്ടാകാം.ചിലപ്പോള്‍ വാങ്ങിക്കൊണ്ടുവരുന്ന സാധനങ്ങള്‍ ആവശ്യത്തിന് ഉതകിയില്ലെന്നും വരാം.അങ്ങിനെയായാല്‍ ആവശ്യങ്ങള്‍ നിറവേറിയില്ലെന്നും വരാം.ഈ വിധത്തിലുള്ള ബുദ്ധിമുട്ടുകളും സമയനഷ്ടവും ധനവ്യയവും ഒഴിവാക്കുന്നതിനുള്ള ഏകമാര്‍ഗ്ഗമാണ് ചില്ലറക്കടകള്‍ തുറക്കുക എന്നുള്ളത്.ആവശ്യത്തിനുള്ള സാധനങ്ങള്‍ അവിടെനിന്നും ഒന്നാകെ വാങ്ങാം. പല സ്ഥലത്തും ഓടി വിഷമിക്കണ്ടഅതുപോലെ അവശ്യം വേണ്ട സാധനങ്ങളെ ലഭ്യമാക്കിയിരിക്കുന്ന ഒരു ചില്ലറ വില്പന ശാലയാണ് ഈ കടഎന്നു പറയാന്‍ എനിക്കും കൌതുകമുണ്ട്.

            അഞ്ചെണ്ണത്തില്‍ എല്ലാംതന്നെ ഒരു കാലത്ത് നമുക്ക് ഗുണപ്പെട്ടിട്ടുണ്ടെങ്കിലും പര്യായ നിഘണ്ടുവാണ് കൂടുതലായും ഉപകാരപ്പെട്ടിട്ടുള്ളതെന്ന് തോന്നുന്നു. നാനാര്‍ത്ഥ നിഘണ്ടുവിന്റെ സ്ഥാനവും അത്രക്കങ്ങോടു പിന്നിലാകാന്‍ വഴിയില്ല.പഴഞ്ചൊല്‍ നിഘണ്ടുവും ശൈലീ നിഘണ്ടുവുമായിരിക്കും താരതമ്യേന ഉപയോഗത്തില്‍ കുറവ്. കണക്കെടുത്താല്‍ ഏറ്റവും പിന്നിലായിപ്പോകുന്നത് പുരാണ നിഘണ്ടുവായിരിക്കും. വെട്ടം മാണിയുടെ പുരാണിക്‍ എന്‍‌സൈക്ലോപീഡിയ അമ്മാവന്റെ ശേഖരത്തിലുണ്ടായിരുന്നുവെന്നത് അതിനൊരു കാരണമാണ്.എന്തായാലും ഓര്‍മകളില്‍ ഒരു കാലത്തെ അടയാളപ്പെടുത്തുന്ന ഇത്തരം പുസ്തകങ്ങളെക്കുറിച്ച് ആലോചിക്കുന്നതുതന്നെ രസംതന്നെയാണ്.സി രാധാകൃഷ്ണന്റെ ഭാഷയില്‍ അവയൊക്കെ നമുക്ക് ഒരു നിറകണ്‍ചിരിയുടെ കാരണമാകുന്നു.

പ്രസാധകര്വി പബ്ലിഷേഴ്സ് വില -- --  രൂപ, ഒന്നാം -------------------


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1