#ദിനസരികള്‍ 409


            സമയം രാവിലെ പതിനൊന്നായിരിക്കുന്നു.വെളുപ്പിന് നാലുമണിക്ക് എഴുന്നേറ്റതാണ്.പത്രത്തില്‍ വെച്ച് വിതരണം ചെയ്യേണ്ടിയിരുന്ന കുറച്ച് നോട്ടീസ് ഉണ്ടായിരുന്നു. അത് പത്ര വിതരണക്കാര്‍ക്ക് എത്തിച്ചുകൊടുത്തു.അതിനുശേഷം ഇന്നലെ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ കുറച്ച് പെയിന്റിംഗ് ജോലി തീര്‍ത്തു.കിട്ടുമെങ്കില്‍ കുറച്ച് മത്തി മേടിക്കാമെന്ന് കരുതി ടൌണിലൊന്ന് ചുറ്റി. എവിടേയും മത്സ്യക്കച്ചവടക്കാരെ കണ്ടില്ല. ഞാന്‍ താമസിച്ചു പോയിട്ടുണ്ടാകണം. അവരൊക്കെ നേരത്തെ ഉള്‍‌പ്രദേശങ്ങളിലേക്ക് കടന്നിട്ടുണ്ടാകണം.ശരി ഇന്ന് മത്തിയില്ലാതെ മറ്റെന്തെങ്കിലും കറിവെക്കട്ടെ.കറി വെക്കാന്‍ ഭാര്യ മിടുക്കിയാണ്. ചക്കയായാലും ചക്കക്കുരുവായാലും മറ്റെന്ത് ചണ്ടിപണ്ടാരമായാലും അവള്‍ നന്നായി കറിവെക്കും.കറി വെക്കുന്ന കാര്യത്തില്‍ അവളുടെ വൈദഗ്ദ്യം അംഗീകരിക്കാതെ വയ്യ.ഇന്നും അവള്‍ എന്തെങ്കിലും ഒപ്പിക്കും.ഒപ്പിക്കട്ടെ.
            അമ്മ വെക്കുന്ന കറിയ്ക്കും നല്ല രുചിയാണ്. അമ്മക്ക് ഇപ്പോള്‍ വയ്യാതിരിക്കുന്നു.അടുത്ത രണ്ടാംതീയതി കണ്ണിന് ഓപ്പറേഷനാണ്.പണ്ട് അമ്മ ഉണ്ടാക്കിത്തന്ന കറികളുടെ രുചി ഇന്നും നാവിന്‍തുമ്പിലുണ്ട്.അതില്‍ ചേമ്പിന്‍താളില്‍ പുളി പിഴിഞ്ഞൊഴിച്ച് അമ്മയുണ്ടാക്കുന്ന കറിയാണ് എനിക്ക് ഏറെ ഇഷ്ടം. ഇന്നത്തെപ്പോലെ ഉരുളക്കിഴങ്ങിന്റേയും ഉള്ളിയുടേയുമൊക്കെ ധാരാളിത്തത്തിലുണ്ടാക്കിയെടുക്കുന്നവയല്ല അതൊന്നും. നാടന്‍ സാധനങ്ങളായിരിക്കും കൂടുതലും ഉപയോഗിക്കുക. പക്ഷേ നല്ല രുചിയായിരിക്കും.അല്ലെങ്കില്‍ത്തന്നെ പട്ടിണിക്കാലത്ത് കിട്ടുന്നതിന് എല്ലാത്തിനും നല്ല രുചിയായിരിക്കുമല്ലോ.അരിമേടിക്കാന്‍ കാശില്ലാത്ത കാലത്ത് കടകളില്‍ നിന്ന് പച്ചക്കറി വാങ്ങി കറിവെക്കാന്‍ സാധ്യത വളരെ കുറവായിരിക്കും.അതുകൊണ്ട് ഉള്ളതുകൊണ്ട് ഓണം പോലെ എന്ന രീതിയില്‍ അമ്മ ഓരോ കറിയുണ്ടാക്കും.വിശപ്പും കൈപ്പുണ്യവും കൂടിച്ചേര്‍ന്ന് അതിന് നല്ല രുചിയും നല്കും.ചക്കക്കുരുവും മാങ്ങയും രസകരമായ ഒരു കൂട്ടാണ്. അതുപോലെ ചക്കക്കുരുവും മുരിങ്ങയിലയും ചക്കക്കുരവും ചുവന്ന ചീരയുമൊക്കെ ഇന്നും നാവിന്‍തുമ്പത്ത് പ്രിയപ്പെട്ട രുചികളായി നിലകൊള്ളുന്നു.ചക്കയുടെ കൂഞ്ഞിലുകൊണ്ട് വറത്തരച്ച് അമ്മയുണ്ടാക്കുന്ന കറി ബീഫുപോലെയിരിക്കും.അസാമാന്യ രുചിയാണ് ആ കറിക്ക്. വീട്ടില്‍ അമ്മയൊഴിച്ച് ബാക്കിയെല്ലാവരും നോണ്‍ വെജ്ജാണ്. അമ്മയാകട്ടെ കടുത്ത പച്ചക്കറിവാദിയും. അതുപോലെ ചില ചമ്മന്തികളെപ്പറ്റി പറയാതെ വയ്യ. ഇഞ്ചിമാങ്ങാച്ചമ്മന്തിയാണ് ഏറ്റവും രസം. പിന്നെ മാങ്ങാച്ചമ്മന്തി. ഇഞ്ചിച്ചമ്മന്തിയും ഇത്തിരി തൈരുമുണ്ടെങ്കില്‍ ഒരു കിലോ അരിയുടെ ചോറുണ്ണും. പരീക്ഷിക്കേണ്ടവര്‍ക്ക് പരീക്ഷിക്കാവുന്നതാണ്.അങ്ങനെ എത്രയോ പ്രിയപ്പെട്ട രുചികള്‍. ഞാനിന്നും എന്റെ രുചിസങ്കല്പങ്ങളെ ഈ ചക്കയും മാങ്ങയുമൊക്കെയായി താരതമ്യപ്പെടുത്തിയാണ് വിലയിരുത്തുന്നത്.ആ ചക്കക്കുരുവിന്റേയും മാങ്ങയുടേം അത്ര പോര എന്ന മട്ടില്‍ .
            ശരി. വിളി വന്നിട്ടുണ്ട്.കഞ്ഞി ആയിരിക്കുന്നു. കറിയെന്തെങ്കിലുമാവട്ടെ.വിശപ്പാണല്ലോ മുഖ്യം.ഇനിയും പണി ബാക്കിയുണ്ട്.എന്നാല്‍ ശരി.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം