#ദിനസരികള്‍ 402
ചോദ്യോത്തരങ്ങള്‍
ചോദ്യം : യെഡിയൂരപ്പ?
ഉത്തരം : ചില
പ്രതീക്ഷകള്‍ അവശേഷിക്കുന്നുണ്ട് എന്നു തന്നെയാണ് കര്‍ണാടക എപ്പിസോഡിനു ശേഷം നാം
മനസ്സിലാക്കിയെടുക്കുന്ന ഒരു പാഠം.ഒന്നിച്ചു നിന്ന് പ്രതിരോധിച്ചാല്‍
തീരാവുന്നതേയുള്ള അമിത് ഷായുടെ ചാണക്യതന്ത്രങ്ങള്‍ എന്ന ബോധ്യം ഇനി വരുന്ന
തിരഞ്ഞെടുപ്പുകളേയും പ്രതിപക്ഷ കക്ഷികളേയും ഒന്നുകൂടി ഊര്‍ജ്ജപ്പെടുത്തുമെന്ന
കാര്യത്തില്‍ എനിക്കു സംശയമില്ല.ശേഷികളെ കൃത്യമായി വിന്യസിക്കുകയും സംരക്ഷിച്ചു
നിറുത്തുകയും ചെയ്യുന്ന തന്ത്രങ്ങള്‍ ഇനിയും ഭാരതത്തിലെ പ്രതിപക്ഷം സംഭരിക്കേണ്ടതുണ്ട്.
കടം എഴുതിത്തള്ളിയതിലൂടെ നിസ്സാര
മണിക്കൂറുകള്‍ കൊണ്ട് അടുത്ത അഞ്ചു കൊല്ലക്കാലത്തേക്കും പ്രയോഗിക്കാന്‍ കഴിയുന്ന
ഒരായുധത്തെയാണ് യെഡിയൂരപ്പ ഉണ്ടാക്കിയെടുത്തത്. ലോകസഭ വരെയെങ്കിലും അവരതു നന്നായി
വിനിയോഗിക്കുകയും ചെയ്യും. ആ തന്ത്രത്തിന് ചുറ്റും കറങ്ങുന്നവരായിപ്പോകാതെ സ്വന്തം
കാലില്‍ നില്ക്കാന്‍ കുമാരസ്വാമിക്കും കൂട്ടര്‍ക്കും കഴിയണം.അതിനിനിയും
ഭഗീരഥപ്രയത്നം തന്നെ വേണ്ടി വരും.എന്തൊക്കെപ്പറഞ്ഞാലും അമിത് ഷായും കൂട്ടരൂം
യെഡിയൂരപ്പയെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതും കോടികളുടെ
വാഗ്ദാനങ്ങള്‍ പുറത്തുവന്നും സംഘപരിവാരത്തിനെ ഒട്ടൊന്നുമല്ല ക്ഷീണിപ്പിച്ചത് എന്ന
കാര്യം വസ്തുതയാണ്. അതേ സമയം മുഖ്യമന്ത്രിയാകാനുള്ള ശൂരത്വം കാണിക്കാതെ
കാത്തിരുന്ന് കളി കാണാനായിരുന്നു ബി ജെ പിയുടെ തീരുമാനമെങ്കില്‍ കര്‍ണാടക ഇന്നു
കാണുന്ന അവസ്ഥയിലേക്ക് എത്തുമോയെന്ന കാര്യം പല തവണ ചിന്തിക്കേണ്ടതാണ്.
ചോദ്യം : എന്തിനാണ്
ബി ജെ പിയെ ഇത്രമാത്രം എതിര്‍ക്കുന്നത് ? മറ്റേതൊരു രാഷ്ട്രീയ പാര്‍ട്ടി പോലെ
തന്നെയല്ലേ അവരും പ്രവര്‍ത്തിക്കുന്നത് ?
ഉത്തരം :- 1947
മുതല്‍ സ്വതന്ത്ര
ഇന്ത്യ ഭരിച്ച മറ്റേതൊരു രാഷ്ട്രീയ കക്ഷിയേയുംപോലെ തന്നെയാണ് ബി ജെ പിയും എന്ന്
പറയുന്നവരുടെ അന്ധതക്ക് അതിരുണ്ടാകില്ല. പ്രധാനമായും ബി ജെ പി
മുന്നോട്ടുവെക്കുന്നത് മതരാഷ്ട്രവാദമാണ്. ബി ജെ പി എന്നല്ല മതത്തെ
അടിസ്ഥാനപ്പെടുത്തി രാഷ്ട്രീയത്തില്‍ ഇടപെടുന്ന ഏതൊരു വിഭാഗത്തേയും
ഒറ്റപ്പെടുത്തേണ്ടതുതന്നെയാണ്. ഏറ്റവും സംഘടിതമായി ഇങ്ങനെ ചെയ്യുന്നത് ബി ജെ പി
ആയതുകൊണ്ട് കൂടുതലായി അവരെ എതിര്‍ക്കേണ്ടിവരുന്നുവെന്നത് സ്വാഭാവികമാണ്. ഇന്ത്യ
മുഴുവന്‍ ഒരു മതാത്മക ഫാസിസത്തിന്റെ കീഴിലേക്ക് കൊണ്ടുവരാനാണ് ബി ജെ പി
ശ്രമിക്കുന്നത്. അവര്‍ക്ക് ജനങ്ങളോട് വേറൊന്നും പറയാനില്ല, മതം മാത്രമേയുള്ളു.മതത്തെ
ഉപയോഗിച്ചുകൊണ്ട് രാഷ്ട്രീയാധികാരം പിടിച്ചടക്കുവാനുളള നീക്കങ്ങളെ ജനാധിപത്യവിശ്വാസികള്‍ക്ക്
അസഹനീയമാണ്. ഭരണഘടനയോടും അതിന്റെ സ്ഥാപനങ്ങളോടും അവര്‍ക്കുള്ള നിലപാട് എന്താണെന്ന്
ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞിട്ടുള്ളത്. ഒരു വിധത്തിലുള്ള ജനാധിപത്യവും അവര്‍
അംഗീകരിക്കുന്നില്ല.അതുകൊണ്ട് ഒരു ജനാധിപത്യ രാജ്യമായി ഇന്ത്യ നിലനില്ക്കണം എന്ന്
ആഗ്രഹിക്കുന്നവര്‍ മാതാധിഷ്ടിത കക്ഷികളെ എതിര്‍ക്കുക തന്നെവേണം.
Comments