#ദിനസരികള്‍ 403
||മനുസ്മൃതിയിലൂടെ||
ഹിന്ദുമതം സമത്വത്തെ അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യമുന്നയിച്ചുകൊണ്ട്
അംബേദ്കര്‍ എഴുതുന്നു :- “ ഈ ചോദ്യം കേള്‍ക്കുന്ന ക്ഷണത്തില്‍ ജാതി വ്യവസ്ഥ ഓര്‍മ
വരും.ശ്രദ്ധാര്‍ഹമായ സവിശേഷത , ആ വ്യവസ്ഥയില്‍ വ്യത്യസ്ത
ജാതികള്‍ ഒരു തിരശ്ചീന പരമ്പരയായി എല്ലാം ഒരേ തലത്തില്‍ നില്‍ക്കുന്നില്ല
എന്നതത്രേ.ഒന്നിനു മുകളില്‍
ഒന്നായി ലംബമാനപരമ്പരയില്‍ വ്യത്യസ്ത ജാതികളെ പ്രതിഷ്ഠിച്ചിരിക്കുന്ന
വ്യവസ്ഥയാണത്.” ഉപരി തലത്തില്‍ നിന്ന് താഴേക്ക് ഒഴുകിയിറങ്ങുന്ന ജാതിയുടെ ഈ
ശ്രേണിയെ സൃഷ്ടിച്ചത് മനു അല്ലായിരിക്കാമെന്ന് തുടര്‍ന്നു പറയുന്ന അംബേദ്കര്‍ , പക്ഷേ ആ വ്യവസ്തയെ നിലനിറുത്തുന്നതിന് ഏറ്റവും സഹായകമായ രീതിയില്‍
പ്രവര്‍ത്തിച്ചത് മനു ആവിഷ്കരിച്ച് നടപ്പിലാക്കിയ നിയമസംഹിതയാണെന്ന് അടിവരയിട്ടു
പറയുന്നു. ജാതി വ്യവസ്തയിലെ
ശ്രേണീകരണത്തെ ഒരു നിയമമാക്കി സംരക്ഷിക്കുകയും അതുവഴി ബ്രാഹ്മണന്‍ ക്ഷത്രിയന്‍
വൈശ്യന്‍ ശൂദ്രന്‍ എന്നിങ്ങനെയുള്ള വിഭജനത്തെ സംരക്ഷിക്കുകയും ചെയ്തത് മനുവും
അദ്ദേഹത്തിന്റെ സംഹിതയുമാണെന്ന് പറയാം. ശ്രേണീബദ്ധമായ ജാതിവ്യവസ്ത നിലനില്‍ക്കുന്നിടത്തോളം
കാലം , അല്ലെങ്കില്‍ മനുവിനാല്‍ വിരചിതമായ നിയമസംഹിതക്ക് പിന്തുടര്‍ച്ചക്കാരുള്ളിടത്തോളം
കാലം ഹിന്ദുമതത്തില്‍ സമത്വം എന്ന ആശയത്തിന് സ്ഥാനമുണ്ടാവില്ല.അംബേദ്കര്‍
തുടരുന്നു “ മനുവിന്റെ പദ്ധതിയില്‍
ബ്രാഹ്മണനെ അഗ്രിമസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു.അവന് താഴെ ക്ഷത്രിയന്‍
ക്ഷത്രിയന് താഴെ വൈശ്യന്‍ , വൈശ്യന് താഴെ ശൂദ്രന്‍ , ശൂദ്രന് താഴെ അതിശൂദ്രന്‍ അഥവാ അസ്പൃശ്യര്‍ എന്നിങ്ങനെയുള്ള
സ്ഥാനനിര്‍ണയവും ശ്രേണീകരണവും അസമത്വത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്”
ചാതുര്‍വര്‍ണ്യത്തിന്റെ
അലംഘനീയമായ നിയമസംഹിതമായാണ് മനുസ്മൃതി.പന്ത്രണ്ട് അധ്യായങ്ങളിലായി 2685 ശ്ലോകങ്ങളില്‍ പരന്നു കിടക്കുന്ന ഈ സ്മൃതിയുടെ മുഖ്യമായ
ഉദ്ദേശമെന്തായിരുന്നുവെന്ന് നാം അംബേദ്കര്‍ ചൂണ്ടിക്കാണിച്ച സവിശേഷമായ
സാഹചര്യങ്ങളിലൂടെ കണ്ടുകഴിഞ്ഞു.ബ്രാഹ്മണാധിപത്യപരമായ ചാതുര്‍വണ്യ വ്യവസ്ഥയെ
സംരക്ഷിക്കുക എന്ന ഒറ്റവരിയിലേക്ക് നമുക്കതിനെ ചുരുക്കിയെഴുതാം.എന്നു വെച്ചാല്‍
പ്രാചീന ഭാരതത്തില്‍ ബ്രാഹ്മണികമായ മേല്‍ക്കോയ്മ നിലനിന്നിരുന്ന ഒരു കാലത്ത് , ആ
മേധാവിത്വത്തെ നിലനിറുത്തിക്കൊണ്ടു പോകുക
എന്ന ലക്ഷ്യത്തോടു കൂടി എഴുതപ്പെട്ട മനുസംഹിത , ഔപനിഷദികമായ ധാര്‍ശനിക
ധാരകളെക്കൂടി തങ്ങള്‍ക്ക് അനുരൂപമായ വിധത്തില്‍ വ്യാഖ്യാനിച്ചെടുക്കുകയുണ്ടായി. വിശ്വദര്‍ശനം
എന്നു പേര്‍കൊണ്ട അദ്വൈതം പോലും ബ്രാഹ്മണികമേല്‍ക്കോയ്മകളെ നിലനിറുത്തുന്നതിന്
വേണ്ടി സ്വരൂപിച്ചെടുത്തതാണെന്നതാണ് വസ്തുത.ഏതായാലും മനുസ്മൃതിയെ ആധാരമാക്കിയുള്ള
ഒരു സമൂഹരൂപീകരണത്തിന് കോപ്പുകൂട്ടിയിറങ്ങിയ സംഘപരിവാര ശക്തികളുടെ ഇക്കാലത്ത് ,
എന്താണ് മനു പറയുന്നതെന്ന് മനസ്സിലാക്കുന്നത് ചാതുര്‍ വര്‍ണ്യത്തെ
അരക്കിട്ടുറപ്പിക്കുന്ന ആ ആശയസംവിധാനത്തെ എങ്ങനെയെല്ലാം പ്രതിരോധിക്കാം എന്നതിന്
സഹായകമാകുമെന്നു കരുതുന്നു.
Comments