#ദിനസരികള്‍ 406
മഞ്ഞുകാലപ്രഭാതങ്ങളിലൂടെ നടക്കുക എന്നത് വളരെ മനോഹരമായ ഒരനുഭവമാണ്. നടക്കുക എന്നു പറഞ്ഞത് തെറ്റാണ്. നിങ്ങള്‍ ഒഴുകുകയായിരിക്കും. ഭാരമില്ലാതെ. ശരീരത്തിലെ ദുര്‍മേദസ്സുകളെ കരിച്ചു കളയാനുള്ള വ്യായാമത്തിന്റെ ഭാഗമായി നാം നടത്തുന്നു ആയാസപ്പെടലല്ല ഈ നടപ്പ് എന്ന് വ്യക്തമായിക്കാണുമെന്ന് കരുതുന്നു.ഞാന്‍ , മനുഷ്യന്‍ , പ്രകൃതിയേയും അതിന്റെ സൌഭാഗ്യങ്ങളേയും കീഴടക്കി വെക്കുവാന്‍ അധികാരമുള്ളവനാണ് എന്ന ഭാവമായിരിക്കരുത് നമുക്ക് വേണ്ടത്.എല്ലാ ആലഭാരങ്ങളേയും കൈവെടിഞ്ഞുകൊണ്ട് , എല്ലാ കൊമ്പുകളേയും താഴ്ത്തിവെച്ചുകൊണ്ട് എല്ലാ വേവലാതികളേയും പിന്നിലുപേക്ഷിച്ചുകൊണ്ട് നാം കടന്നുപോകുക. കലപിലകൂട്ടുന്ന കിളികളോട് സംസാരിക്കുക. തണുതണുപ്പാര്‍ന്ന ചിരി പകരുന്ന പൂക്കളോട് തിരിച്ചു ചിരിക്കുക.
എനിക്ക് ഇത്തരം നടത്തത്തിനിടയില്‍ അല്ലെങ്കില്‍ ഒഴുകലിനിടയില്‍ സംസാരിക്കുന്നത് വലിയ ഇഷ്ടമുള്ള കാര്യമാണ്.നാഗരികലോകം കേട്ടാല്‍ ഭ്രാന്ത് എന്ന് വിളിക്കാവുന്ന തരത്തിലായിരിക്കും മിക്കപ്പോഴും ആ സംസാരമെന്നു മാത്രം. പൂവിന് വലുപ്പം കുറഞ്ഞുപോയാല്‍ ചെടിയെ ചീത്തപറയുക, വെറുതെ പേടിച്ചോടുന്ന അണ്ണാറക്കണ്ണനെ സ്നേഹപൂര്‍വ്വം തിരികെ വിളിക്കുക, നേരത്തെ ഉണര്‍ന്ന് ഇരതേടാനിറങ്ങിയ വിസ്മയങ്ങളെ അഭിനന്ദിക്കുക, മരങ്ങളെ അത്ഭുതാദരങ്ങളോടെ നോക്കി കവിത ചൊല്ലുക, മടിയനായിപ്പോയതില്‍ സ്വയം പഴി പറയുക എന്നതൊക്കെയാകും എന്റെ വര്‍ത്തമാനങ്ങളുടെ പൊതുസ്വഭാവം.അപൂര്‍വ്വം ചിലപ്പോള്‍ ചില പൂവുകളെ ഒന്നു തൊട്ടുതലോടുകയും , ചില കായ്കളെ രുചിച്ചുനോക്കുകയും ചെയ്യാറുമുണ്ട്.
ലോകമേ തറവാടു തനിക്കീച്ചെടികളും പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍ എന്നു കവി പാടിയതുപോലെ ഈ ലോകത്തെയാകമാനം തന്റെ തറവാടായി കാണേണ്ടതിനു പകരം , എന്റെ എന്റെ എന്ന ചെറിയ വട്ടങ്ങളിലേക്ക് മനുഷ്യര്‍ പരിമിതപ്പെട്ടു പോകുന്നത് എത്ര കഷ്ടമാണ്.മാറ്റിനിറുത്തി അപരരെ സൃഷ്ടിക്കുകയും ആ അപരരെ വിവിധങ്ങളായ താല്പര്യങ്ങള്‍ക്കനുസരിച്ച് ശത്രുവായും മിത്രമായും കള്ളികളില്‍പ്പെടുത്തിയും നാം നമ്മുടെ ലോകങ്ങളെ രണ്ടായി പകുത്തുവെക്കുന്നു.ആ രണ്ടിന്റെ ഉപോല്പന്നങ്ങളാണ് പിന്നാലെ വരുന്നതെല്ലാം തന്നെ.എന്റെ ദൈവം, എന്റെ ലോകം, എന്റെ രാജ്യം , എന്റെ മതം, എന്റെ വീട്. എന്റെ എന്റെ എന്റെ എന്ന സ്വാര്‍ത്ഥതകള്‍ പോലെ തന്നെ അവന്റെ എന്നൊരു ഭേദവും നാം സൃഷ്ടിച്ചെടുക്കുന്നു.പിന്നീടങ്ങോട്ടുണ്ടാകുന്ന എല്ലാ കുഴപ്പങ്ങളുടേയും അടിസ്ഥാന കാരണം ഇവിടെ തുടങ്ങുന്നു.നമുക്ക് എന്റേയും നിന്റെയുമെന്ന വേര്‍തിരിക്കലുകളെ എങ്ങനെ ഇല്ലാതാക്കാം എന്നൊരു ചോദ്യം ഇപ്പോള്‍ പ്രസക്തമാകുന്നു.
നാഗരികത നമ്മെ കൂടുതല്‍ കൂടുതല്‍ നമ്മിലേക്ക് വലിച്ചടുപ്പിക്കുന്നു, ചുരുക്കിയെടുക്കുന്നു.ലോകത്തിന്റെ വിശാലമായ പൊതുമുറ്റത്തേക്ക് ഇറങ്ങുവാനല്ല, തന്റെ വീടിനോടു ചേര്‍ന്ന ഇത്തിരിവട്ടത്തോടൊട്ടാനാണ് അവന് താല്പര്യം.അയലുകള്‍ എങ്ങനെ ജീവിക്കുന്നു എന്ന് അവനറിയില്ല. താനായി തന്റെ പാടായി എന്നൊരു ചിന്ത രൂഢമൂലമായിരിക്കുന്നു.തന്റെ സുഖങ്ങള്‍ക്ക് കോട്ടം തട്ടുമ്പോള്‍ മാത്രം അവന്‍ തുനിഞ്ഞിറങ്ങുന്നു. ഉറഞ്ഞു തുള്ളുന്നു.’മുതല്‍’ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ചിന്തയുടെ അടിസ്ഥാനത്തിലാണ് അവന്‍ ജീവിതത്തെ കരുപ്പിടിപ്പിച്ചിരിക്കുന്നത്.ആ മുതലാകട്ടെ അവന്റെ സ്വാസ്ഥ്യങ്ങളായി പരിണമിക്കുമെന്ന് അവന്‍ മോഹിക്കുന്നു.മുതല്‍ എത്രകണ്ടു കുന്നുകൂടുന്നുവോ അത്ര കണ്ട് തന്റെ സന്തോഷവും കുന്നുകൂടും എന്നാണ് ധാരണ.അത്തരക്കാര്‍ക്ക് പൂക്കളോടും പുല്ലുകളോടും ചിരിക്കുക എന്നത് അസാധ്യമാണ്. കാരണം അവരുടെ മൂല്യങ്ങളില്‍ ഒരിക്കലും ഇതളുകളുടേയും പുല്ലുകളുടേയും മാര്‍ദ്ദവങ്ങളെ നമുക്ക് കണ്ടെത്താന്‍ കഴിയില്ല. അണ്ണാറക്കണ്ണന്‍ ചവച്ചു തുപ്പിയ മാങ്ങയെ കാണുമ്പോള്‍ ആ മാങ്ങയുടെ വിപണിമൂല്യത്തെക്കുറിച്ചായിരിക്കും അവന്‍ ചിന്തിക്കുക.
അതുകൊണ്ട് നമുക്കു നടക്കുക,മഞ്ഞുകാല പ്രഭാതങ്ങളിലൂടെ കുയിലിനോട് പാട്ടുകള്‍ പാടിയും പക്ഷികളോട് കലപിലകൂട്ടിയും.
Comments