#ദിനസരികള്‍ 404
പ്രിയപ്പെട്ടവരേ ,
ശാസ്ത്രത്തിന് തെറ്റു
പറ്റിയിട്ടില്ല എന്ന് ഇതുവരെ ആരും അവകാശപ്പെട്ടിട്ടില്ല.ഇനിയും തെറ്റു പറ്റിക്കൂട
എന്നുമില്ല. പക്ഷേ ഏതൊരു വിഷയത്തിലും ശാസ്ത്രം ഒരു നിലപാടിലേക്ക് എത്തുന്നത് ലഭ്യമായ വിവരങ്ങളുടെ
അടിസ്ഥാനത്തിലുള്ള വസ്തുനിഷ്ഠമായ പരീക്ഷണ നിരീക്ഷണങ്ങളിലൂടെയാണ്. ശാസ്ത്രം
വിശ്വസനീയമായി മാറുന്നതും ഇക്കാരണം കൊണ്ടുതന്നെയാണ്.തിരുത്തുക വീണ്ടും തിരുത്തുക
എന്നുതന്നെയാണ് ശാസ്ത്രത്തിന്റെ ലക്ഷ്യംതന്നെ.അതുകൊണ്ടാണ് ശാസ്ത്രം ശ്രമിക്കുന്നത്
തെറ്റു കണ്ടെത്താനാണ് എന്നു പറയുന്നത്.ഇത്രയും പറയാന്‍ കാരണം നിപ വൈറസ് പരത്തുന്ന
പനിയാണ്. എനിക്ക് നമ്മുടെ മാധ്യമങ്ങളിലൂടെ കിട്ടിയിരിക്കുന്ന തുച്ഛമായ വിവരമല്ലാതെ
ഈ പനിയെക്കുറിച്ചോ അതു പരക്കുന്ന രീതികളെക്കുറിച്ചോ മരുന്നുകളെക്കുറിച്ചോ
ഒന്നുമറിയില്ല. പ്രതിരോധിക്കേണ്ടതെങ്ങനെയെന്നും പനി വന്നവരുടെ ചികിത്സ എങ്ങനയെന്നും
അറിയില്ല. പക്ഷേ ഈ പനി മൂലം ചിലര്‍ മരണപ്പെട്ടിരിക്കുന്നുവെന്ന് അറിയാം. നമ്മുടെ
സര്‍ക്കാറുകള്‍ ഇതിനെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്നറിയാം. ശാസ്ത്രലോകം
ഈ പനിക്കെതിരെ ഉണര്‍ന്നിരിക്കുന്നുവെന്നറിയാം.
ഈ സമയത്താണ് ഒരു വിധത്തിലുള്ള അന്വേഷണത്തിന്റെ പിന്‍ബലവുമില്ലാതെ
ജേക്കബ് വടക്കാഞ്ചേരിയെപ്പോലെയുള്ളവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന
വാദമുഖങ്ങളുമായി രംഗത്ത് വന്നിട്ടുള്ളത്.അയാള്‍ക്ക് സിന്ദാബാദ് വിളിക്കാന്‍ ഒരു
കൂട്ടം ആളുകളുമുണ്ട്. അവര്‍ സര്‍ക്കാറിനെതിരെ ശാസ്ത്രത്തിനെതിരെ ചികിത്സാ രീതികള്‍ക്കെതിരെ
പ്രചാരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു.തങ്ങള്‍ തോന്നിയ കാര്യങ്ങള്‍
ആധികാരികമാണെന്ന നാട്യത്തോടെ വിളിച്ചു പറയുന്നു.മരുന്നു കച്ചവടക്കാര്‍
ഉണ്ടാക്കുന്നതാണ് ഇത്തരം അസുഖങ്ങളെന്ന വാദം സാഹചര്യത്തെ മുതലെടുത്തു കൊണ്ട് അയാള്‍
സമര്‍ത്ഥമായി ഉന്നയിക്കുന്നു.മരുന്നുപോലും ലഭ്യമല്ലാത്ത പനിയെക്കുറിച്ചാണ് ഇദ്ദേഹം
ഇങ്ങനെയൊക്കെ പറയുന്നതെന്നു കൂടി നാം മനസ്സിലാക്കുമ്പോഴാണ് ഇവര്‍
പ്രചരിപ്പിക്കുന്ന വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ എത്ര ഭയാനകമാണെന്ന് നമുക്ക്
ബോധ്യമാകുന്നത്
അതുകൊണ്ട് ജേക്കബ് വടക്കാഞ്ചേരിയെപ്പോലെയുള്ള മുതലെടുപ്പുകാരുടെ
ഉഡായിപ്പുകള്‍ക്കു പിന്നാലെ നാം പോകാതിരിക്കുക, അത്തരക്കാര്‍ക്ക് പ്രചാരണം
കൊടുക്കാതിരിക്കുക, നമ്മൂടെ ആരോഗ്യ സംവിധാനങ്ങളെ വിശ്വസിക്കുക, അവര്‍ പറയുന്ന
കാര്യങ്ങള്‍ പ്രചരിപ്പിക്കുവാന്‍ സഹായിക്കുക.മനുഷ്യവംശം ഇതിലും മാരകമായ എത്രയോ
പകര്‍ച്ച വ്യാധികളെ രോഗങ്ങളെയൊക്കെ പരാജയപ്പെടുത്തിയിട്ടുണ്ട്. പ്ലേഗും
വസൂരിയുമൊക്കെ അതില്‍ ചിലതുമാത്രമാണ് അതുപോലെതന്നെ നിപയും നമുക്കു മുന്നില്‍
കീഴടങ്ങുക തന്നെ ചെയ്യും. അതിന് ഒറ്റമനസ്സോടെ നാം പ്രവര്‍ത്തിക്കുവാന്‍
സജ്ജരാകണമെന്നു മാത്രം.അശാസ്ത്രീയമായ പ്രചാരണങ്ങളെ ചെറുക്കണമെന്നുമാത്രം.
നിപ പനി ബാധിച്ച രോഗികളെ
ശുശ്രൂഷിക്കുന്നതിനിടെ അതേ രോഗം പിടിപെട്ട് മരിച്ച ലിസി എന്ന പാവം പെണ്‍കുട്ടിയുടെ
സ്മരണകള്‍ക്കു മുന്നില്‍ ശിരസ്സു നമിച്ചുകൊണ്ട് ഏഷ്യാനെറ്റ് നിപയെക്കുറിച്ച്
പ്രസദ്ധീകരിച്ച ഒരു ലേഖനം ചുവടെ ചേര്‍ക്കുന്നു.
-------------------------------------------------------------------------------------------------------
വീണ്ടുമൊരു പനി കാലം കൂടിയെത്തിയിരിക്കുന്നു.
പകർച്ചപ്പനിക്ക് പിന്നിൽ നിപ്പാ വൈറസ് എന്ന് സ്‌ഥിരീകരിച്ചിരിക്കുന്നു.
അഞ്ച് പേരാണ് ഇതുവരെ ഇതുമൂലം മരിച്ചത്. പരിഭ്രാന്തിയോ ഭീതിയോ കൊണ്ട് നമുക്ക് ഇതിനെ നേരിടാനാകില്ല.
പകരം, വിവേകത്തോടെയും വകതിരിവോടെയും നമുക്ക് ഈ ഭീഷണിയെ നേരിടാനായി ഒന്നിച്ച് നിൽക്കാം.
എന്താണ് നിപ്പാ വൈറസ്
മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ്പാ വൈറസ്.
വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്.
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം.
അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാൻ വളരെ വലിയ സാധ്യതയുണ്ട്.
അതുപോലെതന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം.
വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും പകരാം.
അഞ്ച് മുതൽ 14 ദിവസം വരെയാണ് ഇൻകുബേഷൻ പീരിയഡ്.
രോഗബാധ ഉണ്ടായാലും ലക്ഷണങ്ങൾ വ്യക്തമാകാൻ ഇത്രയും ദിവസങ്ങൾ വേണം.
പ്രധാന ലക്ഷണങ്ങള്‍
പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം.
രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങൾക്കകം തന്നെ കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള ശ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് എന്നിവയിൽനിന്നും റിയൽ ടൈം പോളിമറേസ് ചെയിൻ റിയാക്ഷൻ ഉപയോഗിച്ച് വൈറസിനെ വേർതിരിച്ചെടുക്കാൻ സാധിക്കേണ്ടതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. പക്ഷിമൃഗാദികളും വവ്വാലും ഭാഗികമായി ആഹരിച്ച പേരയ്ക്ക, ചാമ്പയ്ക്ക, മാങ്ങ തുടങ്ങിയ കായ്ഫലങ്ങൾ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
2.
വവ്വാലിന്റെ കാഷ്ഠം വീഴാൻ സാധ്യതയുള്ള ഒന്നും ഉപയോഗിക്കാതിരിക്കുക. ഉദാഹരണമായി വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ തുറന്ന കലത്തിൽ ശേഖരിക്കുന്ന തെങ്ങ്/പന കള്ള് ഉപയോഗിക്കാതിരിക്കുക.
3.
പനി, ചുമ, മയക്കം തുടങ്ങിയ ലക്ഷണങ്ങളുമായി വരുന്ന രോഗികളുമായി ഇടപഴകുമ്പോൾ ആരോഗ്യപ്രവർത്തകർ വ്യക്തിഗതമായ സുരക്ഷാമാർഗ്ഗങ്ങൾ ഉപയോഗിക്കണം. പനി, ചുമ, മയക്കം തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളെ പരിചരിക്കുന്നവരും ശ്രദ്ധിക്കേണ്ടതുണ്ട്.
4.
രോഗികളുടെ അടുത്ത് കൂടുതൽ സമയം ചെലവാക്കാതിരിക്കുക.
5.
പനി ഉള്ളവരെ സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കുക.
6.
രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടശേഷം സോപ്പുപയോഗിച്ച് കൈ നന്നായി കഴുകി വൃത്തിയാക്കുക.
7.
പനി ബാധിച്ചവരുടെ ശരീരം സ്പർശിച്ചവർ ഉടനെ സോപ്പുപയോഗിച്ച് നന്നായി കഴുകുക. മൃതദേഹ ശുശ്രൂഷ ചെയ്തവർ ഉടനെതന്നെ സോപ്പുപയോഗിച്ച് നന്നായി കുളിക്കുക.
Comments