#ദിനസരികള്‍ 407



നേരു പാടുന്ന പാണനാരേ,യെന്റെ
നാടു തേടുന്ന നേരൊന്ന് പാടുമോ?”

നേരു കെട്ടൊരിക്കാലത്തിൽ ഞാനിനി
നേരു തേടുവതെങ്ങെന്റെ പൈതലേ
പാടുവാന്‍ ? നമുക്കായിരം കാതങ്ങള്‍
പോകുവാനുണ്ടിരുളുവീഴും മുന്നേ -
നാം നടക്കുക ! ചൂണ്ടലില്‍ കോര്‍‌ത്തൊരെന്‍
ഭൂതകാലം പൊതിഞ്ഞെടുക്കട്ടെ ഞാന്‍.

നീ തുടിക്കാൻ തുടങ്ങുന്നതിൻ മുമ്പീ
ക്കാലമാകെ കലങ്ങിക്കഴിഞ്ഞല്ലോ ?


ദിക്കു നീട്ടുമിരുട്ടിലിരുന്നൊരാൾ
കൊട്ടിപ്പാടുന്നു പാതാളഭൈരവി

വരിക പൈതലേ പേടിയാവുന്നെനി-
ക്കരുതു പാടുവാൻ നീ ചേർന്നിരിക്കുക
ദുരിതകാലം കടിച്ചു കുടഞ്ഞു നിൻ
മൃദുലതകളെ തീണ്ടാതിരിക്കുവാൻ
കരുതു! ചുറ്റിനുമാർക്കുന്നു കൂളികൾ,
ക്കരുത് നിന്നെപ്പകുത്തു കൊടുക്കുവാൻ
നരമുഖമാർന്നു മായം ചമച്ചു നിൻ
കരുമനകളെക്കട്ടെടുത്തീടുവോർ !
അരികിലേക്കൊന്നൊതുങ്ങിയിരിക്കുക
കരുതലാവുക നമ്മൾ പരസ്പരം

പേടി തൂവുന്ന വീഥികൾ വിട്ടു നാം
കാടകങ്ങളെത്തേടുക പൈതലേ !
കാടിറങ്ങിക്കളിക്കുന്നു ജന്തുക്കൾ
കാടു തേടുന്നു മാനുഷരങ്ങനെ
നാടുകാടാകും നാളിൽ നമുക്കിനി
നാടു തേടാം , പതിയെ നടക്കുക.!



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1