#ദിനസരികള്‍ 122
അറുപത്തിനാലു കുഞ്ഞുങ്ങള്‍
!
അറുപത്തിനാലു ജീവനുകള്‍ !
അധികാരികളുടെ അനാസ്ഥ മൂലം യുപിയിലെ ഗോരഖ്പൂര്‍ ബാബാ രാഘവദാസ് മെഡിക്കല്‍ കോളേജില്‍
കൊല്ലപ്പെട്ടത് അറുപത്തിനാലു പിഞ്ചുകുഞ്ഞുങ്ങളാണ്.ആശുപത്രിയില്‍ ഓക്സിജന്‍ വിതരണം
നിലച്ചതോടെയാണ് സമാനതകളില്ലാത്ത ദുരന്തം
നടന്നത്. ഓക്സിജന്‍ വിതരണം ചെയ്യുന്ന കമ്പനിക്ക് കൊടുക്കാനുള്ള കുടിശ്ശിക
നല്കാത്തതോടെ അവര്‍ വിതരണം അവസാനിപ്പിക്കുകയായിരുന്നു. കുടിശിക നല്കിയില്ലെങ്കില്‍
ഓക്സിജന്‍ വിതരണം നിലക്കുമെന്ന മുന്നറിയിപ്പ് ആരോഗ്യവകുപ്പിന് ആശുപത്രി അധികൃതര്‍
നല്കിയിരുന്നുവെങ്കിലും സര്‍ക്കാര്‍ തുക അനുവദിക്കാതിരുന്നത് ഗുരുതരമായ വീഴ്ചയും
അപകടത്തിന്റെ കാരണവുമായി. അതോടൊപ്പം സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ പൊതുജനങ്ങളെ
തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വസ്തുതാവിരുദ്ധമായ വിശദീകരണങ്ങളാണ്
നടത്തുന്നത്.
യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദീര്‍ഘകാലം എംപിയായി
പ്രവര്‍ത്തിച്ച മണ്ഡലത്തിലാണ് പ്രസ്തുതമെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്നത്.
മൂന്നു ദിവസം മുമ്പ് ആശുപത്രിയുടെ വികസനകാര്യങ്ങള്‍ മുഖ്യമന്ത്രി നേരിട്ടെത്തി
വിലയിരുത്തിയതാണ് എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഈ
ആശുപത്രിയെക്കുറിച്ച് ജനങ്ങള്‍ക്ക് വിരുദ്ധ അഭിപ്രായമാണ് നിലവിലുള്ളത്.ആശുപത്രി
സംവിധാനങ്ങള്‍ നവീകരിക്കുവാന്‍ മുപ്പത്തിയേഴുകോടി രൂപ വകയിരുത്തണമെന്ന് ആശുപത്രി
അധികൃതര്‍ സന്ദര്‍ശന സമയത്ത് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെങ്കിലും
അനുവദിച്ചില്ല.ജീവനക്കാര്‍ക്ക് അഞ്ചുമാസമായി ശമ്പളംപോലും മുടങ്ങിയ
അവസ്ഥയിലായിരുന്നു.ഓക്സിജന്‍ വിതരണക്കാര്‍ക്കുതന്നെ അറുപത്തിയെട്ടു ലക്ഷം രൂപ
കുടിശ്ശികയാണ്. അതു നല്കണമെന്നും അല്ലെങ്കില്‍ ഓക്സിജന്‍ വിതരണം
നിറുത്തിവെക്കുമെന്നും കമ്പനി ആവശ്യപ്പെട്ടതും സര്‍ക്കാര്‍ അവഗണിച്ചു.അപകടം ഉണ്ടായ
ശേഷമാണ് പത്തുലക്ഷത്തോളം രൂപ പ്രസ്തുത കമ്പനിക്ക് കൊടുക്കാനും വിതരണം
പുനസ്ഥാപിക്കാനുമുള്ള നടപടി സര്‍ക്കാര്‍ കൈക്കൊണ്ടത്.ഓക്സിജന്‍ വിതരണത്തിലെ
അപകതയല്ല അപകടകാരണം എന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. എങ്കില്‍ തിരക്കിട്ട്
പത്തുലക്ഷം രൂപ അനുവദിച്ചതെന്തിന് എന്ന ചോദ്യത്തിന് ഉത്തരമില്ല.
ഫലത്തില്‍
യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയും കഴിവില്ലായ്മയുമാണ് ഈ അപകടത്തിന്
വഴി തുറന്നത്. കോളേജ് പ്രിന്‍സിപ്പാളിനെ സസ്പെന്റ് ചെയ്ത് അപകടത്തിന്റെ
ഉത്തരവാദിത്തം അടിച്ചേല്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അതിനുമുമ്പേ അദ്ദേഹം രാജി
വെച്ചിരുന്നു. രാജ്യത്തെ നടുക്കിയ ശിശുമരണങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം
മുഖ്യമന്ത്രി ഏറ്റെടുക്കണം. മരണം തുടരുന്നത് അവസാനിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍
സ്വീകരിക്കണം.
Comments