കവിതാവാരം - ആഴ്ചപ്പതിപ്പുകളിലെ കവിതകളിലൂടെ – 1.
എനിക്ക് കവിത
വായിക്കാനറിയില്ല. എഴുതാനറിയില്ല. ചൊല്ലാനറിയില്ല. ഇതുമൂന്നും ലളിതബുദ്ധികളുടെ
വ്യായാമകേന്ദ്രങ്ങളോ ആശ്രയസ്ഥാനങ്ങളോ അല്ല എന്ന ബോധ്യമെനിക്കുണ്ട്. കവിതാവായന
വെറും വായനയല്ല. ഉള്ളിലുള്ളത് തോണ്ടിപ്പുറത്തിടുകയും പുറത്തുള്ളത് അകംമറിക്കുകയും
ചെയ്യുന്ന മായാജാലമാണ്. പറഞ്ഞതും പറഞ്ഞതിനപ്പുറവും കണ്ടെത്തേണ്ടുന്ന , അധികമധികം
ഉത്തരവാദിത്തം പ്രകടിപ്പിക്കേണ്ട ചിത്തവൃത്തിയാണ് കവിതവായിക്കുക എന്നത്.അടുക്കാന്‍
ശ്രമിക്കവേ , ആയുധികളുടെ വിദഗ്ദമായ വിളയാട്ടത്താല്‍ മുറിപ്പെടുത്തിയ മഹാകവികളുണ്ട്
.കവിയുടെ ആയുധമെന്ന് പറയുന്നത് ലോഹക്കൂട്ടിന്റെ നിശിതമായ തലപ്പുകളല്ല ,
കല്പനാശക്തിയുടെ വൈഭവമാണ്. നിമ്നോന്നതങ്ങളിലൂടെ തേരുരുള്‍ പായിക്കലാണ്. ഹാ
വിജിഗീഷു മൃത്യവിന്നാമോ ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്തുവാന്‍ ? എന്ന
കൊള്ളിയാന്‍ മിന്നിക്കലാണ്.ഭക്തിമയസ്വരത്തില്‍ ആനന്ദലബ്ദി തേടുന്നതു മാത്രമല്ല ,
നിരത്തില്‍ മുലചപ്പി വലിക്കുന്ന നവാതിഥിയെ കണ്ടെത്തലും കവിതയാണ്.അതുകൊണ്ട് കവിത
വായിച്ചാല്‍ മാത്രം പോര , ആ ഗര്‍ഭഗൃഹത്തിലേക്ക് നൂണ്ടുകയറി പ്രതിഷ്ഠ ഉറപ്പിച്ചിരിക്കുന്ന രസക്കൂട്ടിനെ
കണ്ടെത്തുകതന്നെ വേണം. അത്രയും ആണ്ടിറങ്ങുക എന്നത് എന്റെ മേധാശക്തിയുടെ
പരിധിക്കപ്പുറമായതിനാല്‍ ഞാന്‍ എന്നെ കവിത വായിക്കാന്‍ കഴിയുന്നത്ര
പ്രോത്സാഹിപ്പിക്കാറില്ല.എഴുത്തിന്റെ കഥ പറയേണ്ടതില്ലല്ലോ. ചൊല്ലലാകട്ടെ , കേള്‍വിക്കാരനെ
കവിതയുടെ കേന്ദ്രത്തിലേക്ക് ആവാഹിച്ചെത്തിക്കുന്ന ആഭിചാരമാണ്.ഇണങ്ങി നില്ക്കും
ശ്രുതിയുടേയും രാഗത്തിന്റേയും ഭാവത്തിന്റേയും മുക്കൂട്ടാണ് ചൊല്ലല്‍. അതിലും ഞാന്‍
അസമര്‍ഥന്‍ തന്നെ !
കവിത മനസ്സിലാക്കാന്‍ ഞാന്‍ അസമര്‍ത്ഥന്‍ എന്ന്
പറഞ്ഞുവല്ലോ. അതെനിക്ക് കൂടുതലായി മനസ്സിലാക്കിത്തന്നത് ഈ ആഴ്ച മലയാളം വാരികയില്‍
സുനില്‍ ജോസിന്റേതായി വന്ന വിത വായിച്ചപ്പോഴാണ്. വീട്ടുയാത്രകള്‍ എന്ന പേരു
പേറുന്ന പ്രസ്തുത കവിത എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കിയെടുക്കാന്‍
എത്ര തവണ വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല.എന്നാലും മെനഞ്ഞിലു പോലെ
പിടിതരാതെ വഴുതിവഴുതിപ്പോകുകയാണ് ഈ വാങ്മയം. എന്റെ വിധി കഷ്ടം തന്നെ. ആ കവിത
മുഴുവനായും ഞാനുദ്ധരിക്കാം. മനസ്സിലാകുന്നവര്‍ പറഞ്ഞുതന്നാല്‍ നന്ന്.
ആളുകളെല്ലാമുറങ്ങുമ്പോള്‍
ചില രാത്രികളില്‍
വീടുകള്‍ യാത്ര
പോകാറുണ്ട്.
ഉറക്കത്തിന്
ഉലച്ചില്‍ തട്ടാതിരിക്കാന്‍
ശ്വാസമടക്കിപ്പിടിച്ച്
പൂച്ചനടത്തത്തോടെയുള്ള
അതിന്റെ
യാത്ര കണ്ടിരിക്കാന്‍
രസമാണ്.
കോഴികൂവും മുമ്പേ
ചെറിയൊരു ചിരിയോടെ
ഒന്നുമറിയാത്ത
ഭാവത്തില്‍
അതു തിരികെയെത്തി
മുരടനക്കി
കിളിയൊച്ചകള്‍കൊണ്ട്
ഓരോരുത്തരെയായി
വിളിച്ചുണര്‍ത്തും.
വീട്ടുകിണറിനീ
യാത്രയെക്കുറിച്ചറിയാം
അതുകൊണ്ടാണ്
അതു വീടിന്റെ
മുഖത്തുനോക്കാതെ
ആകാശത്തേക്കു നോക്കി
ഒന്നുമറിയാത്ത
ഭാവത്തില്‍
തനിച്ചു കിടക്കുന്നത്
യാത്രപോയി
തിരിച്ചു വരാത്ത
വീടിനുള്ളില്‍
പെട്ടുപോകുന്നവരുടെ
കാര്യമാണ്
മഹാകഷ്ടം.
ഈ കവിത എന്താണ് പറയാന്‍ ശ്രമിക്കുന്നത്? എനിക്കൊന്നും
മനസ്സിലായിട്ടില്ല. എനിക്കു മനസ്സിലായിട്ടില്ല എന്നുള്ളതുകൊണ്ട് പത്രാധിപര്‍ക്കു
മനസ്സിലായിട്ടില്ല എന്നര്‍ത്ഥമില്ലല്ലോ. അദ്ദേഹത്തിന് മനസ്സിലായതുകൊണ്ടായിരി ക്കുമല്ലോ
ഇത് കഷണം കഷണം മുറിച്ച് ഒരു പേജാകെ നിരത്തിവെച്ചിരിക്കുന്നത്? അപ്പോള്‍
ഇത് മനസ്സിലാക്കുക എന്നത് വാരിക കാശുകൊടുത്തു വാങ്ങുന്ന എന്റെ ഉത്തരവാദിത്തമായി.അതു
നിറവേറ്റണമല്ലോ. പല തവണ വായിച്ചു. വീടിന്റെ യാത്രയേയും പുച്ചയുടെ നടത്തത്തേയും
കിണറിന്റെ സാക്ഷ്യത്തേയും വീടിനുള്ളില്‍ പെട്ടുപോകുന്നവരുടെ മഹാകഷ്ടത്തേയും പല തവണ
കീഴ്മേല്‍ മറിച്ചു പരിശോധിച്ചു. കവിത കണ്ടെത്തിയില്ലെന്നു മാത്രമല്ല , കവിത എവിടെ
എന്നായി ഇപ്പോള്‍ ഞാന്‍ എന്നോടു ചോദിക്കുന്നത്. അവസാനം
അവസാനം വാരികയുടെ പ്രസ്തുത പേജ് കീറിയെടുത്ത് ഒരു തോണിയാക്കി മഴവെള്ളത്തിലൊഴുക്കി
വീട്ടുയാത്രകളെ യാത്രയാക്കി. ഇപ്പോള്‍ എനിക്കൊരു സുഖം തോന്നുന്നുണ്ട്.വാരിക
വീണ്ടും മറിച്ചു നോക്കി. ആ കവിത അവിടെ ഇല്ലാത്തതിന്റേതായ ഒരു വിഷമവും എനിക്ക്
കണ്ടെത്താന്‍ കഴിഞ്ഞില്ല. വാരികയുടെ ആകെത്തുകയില്‍ നിന്ന് ഒറു പേജിന്റെ ചില്വാനം
വെറുതെ പോയി. എന്നാലും മനസ്സിലാകാത്ത ഒരു വമ്പന്‍ മലയെ ഉദരത്തിലേറ്റുന്ന
അസ്വസ്ഥതക്ക് അവസാനമായല്ലോ. സമാധാനമായി .
തൊട്ടുപിന്നിലത്തെ പേജില്‍ ജിനേഷ് മടപ്പിള്ളി കറക്കം എന്ന
പേരില്‍ ഒരു കവിത കുറിച്ചിരിക്കുന്നു.അദ്ദേഹം എന്തോ പറയാന്‍ ശ്രമിക്കുന്നുണ്ടെന്ന്
എനിക്കു മനസ്സിലായി.എഡിറ്റര്‍ എഡിറ്ററാകാഞ്ഞതിന്റെ ഒരസ്കിത കണ്ടെത്താമെങ്കിലും എവിടെയൊക്കെയോ
കവിതയുടെ ചെറിയ ചെറിയ സൂചിനീട്ടലുകള്‍ സ്പര്‍ശിക്കുന്നത് എനിക്കറിയാന്‍
കഴിയുന്നുണ്ട്.ആ കവിതയില്‍ നിന്ന് ഒരു നാലുവരി
കണ്ണില്‍ പെടുമ്പോഴേക്കും
ആഴങ്ങളിലേക്ക് ഊര്‍ന്നിറങ്ങുന്ന
പുതിയ ചില കളിരീതികള്‍
വെള്ളം ശീലമാക്കിയിരിക്കുന്നു.
ദേശാഭിമാനിയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സുന്ദരമായ
ചിത്രത്തോടെ വ്രണിതഗീതം (പ്രിയ ചുള്ളിക്കാടിന് ) എന്ന പേരില്‍ എം എന്‍ ശശിധരന്‍
എഴുതിയ ഒരു കവിത മഞ്ഞപ്രതലത്തില്‍ അച്ചടിച്ചിരിക്കുന്നു. കവിത വായിച്ചതിനുശേഷം
ഞാന്‍ ചുള്ളിക്കാടിന് ഫോണ്‍ ചെയ്തു ചോദിച്ചു “ അങ്ങ് മരിച്ചുവല്ലേ ? ആദരാഞ്ജലികള്‍
കവേ “ ചുള്ളിക്കാട്
പറഞ്ഞു “ ഞാനോ
? ഞാന്‍
മരിച്ചിട്ടില്ല സുഹൃത്തേ, ജീവിച്ചിരിക്കുന്നു, ജീവിച്ചിരിക്കുന്നു. “ അങ്ങനെയോ
?” ഞാന്‍
തുടര്‍ന്നു. “എങ്കില്‍
അങ്ങ് ദയവായി ദേശാഭിമാനി വാരികയിലെ വ്രണിതഗീതം എന്ന കവിത വായിക്കരുത്.അതുവായിച്ചാല്‍
അങ്ങേക്ക് ആത്മഹത്യ ചെയ്യേണ്ടിവരും. പ്ലീസ് “ ഫോണ്‍ മുറിച്ചു. ഞാന്‍ ചാരുകസേരയിലേക്ക്
ചാരി.
കേരള
കൌമുദി . ലക്കം 2187.പേജ് ഒമ്പത്. സ്നേഹത്തിനപ്പുറം. ജോയ് വാഴയില്‍. കവിത എന്ന്
പേജിന്റെ തുടക്കത്തില്‍ കൌമുദി ടീം അടിച്ചിരിക്കുന്നതിനാല്‍ കവിത. തന്റെ രാജ്യത്ത്
കവികളെ പ്രവേശിപ്പിക്കരുതെന്ന് പ്ലേറ്റോ പറഞ്ഞത് ഇത്തരം കവികളേയും കവിതകളേയും
കണ്ടിട്ടാകണം. കഷ്ടമേ കഷ്ടം.ഗ്രഹണി പിടിച്ച പിള്ളാരുടെ മത്സരിച്ചുള്ള ഓണത്തീറ്റ
പോലെ എന്തൊക്കെയോ വലിച്ചു വാരി വരിവരിയായി എഴുതിവെച്ചിരിക്കുന്നു.എത്ര മനുഷ്യരെ
വെള്ളിടി വെട്ടുന്നു എന്ന് പാടിയതാരാണെന്ന് ഞാന്‍ മറന്നുപോയല്ലോ എന്റെ തേവരേ ! ഇതാ
അടുത്തൊരു കവിത. അതേ വാരികയില്‍ത്തന്നെ. കവി റൂബി ഇരവിപുരം.കവിതയുടെ പേര്
കണ്ണടച്ചിരുട്ടാക്കാതെ മനുഷ്യാ എന്നാണ്.കുറേ വരികള്‍ മുറിച്ച് കുഞ്ഞുകുഞ്ഞാക്കി
എഴുതിയിരിക്കുന്നു. സാമൂഹിതപ്രതിബദ്ധതയാല്‍ വിജൃംഭിക്കുക എന്റെ സ്വഭാവമായതിനാല്‍
പ്രാരാബ്ദം കുഞ്ഞിനെ ഉദ്ധരിക്കാം.
തഴപ്പായിലൊന്നുമില്ലാതല്ലോ ഞാന്‍
ജനിച്ചൂ വീണു.....
വിഴുപ്പാര്‍ന്ന
ജതിമതപേരുകളെല്ലാമേ
യതിനു ശേഷമെന്നിലെടുത്തു
വെച്ചുതന്നു
പ്രാരാബ്ദ, മന്നുമുതല്‍
ജീവിതാന്ത്യം വരെ ചുമപ്പൂ... ഇതു സഹിക്കാം. സഹിക്കണം. കാരണം അതിലൊരല്പം
കാര്യമുണ്ട്. വായനക്കാരനോട് അല്പമെങ്കിലും സ്നേഹമുണ്ടെങ്കില്‍ ബാക്കിയുള്ളവ
എഡിറ്റര്‍ തന്നെ കത്തിക്കേണ്ടതായിരുന്നു.
കൌമുദിയുടെ 49 പേജില്‍ ഒരു കവിതയുണ്ട് ബിന്ദു പി വക.അവര്‍ എന്തെങ്കിലുമൊക്കെ പറയും എന്ന
പ്രതീക്ഷിക്കാം.ആശംസിക്കാം. ഇനിയും ഈ വാരികയില്‍ കുമാരി എം , നിഷ നാരായണന്‍ , സനല്‍
പോറ്റി , ആദിത്യ ശങ്കര്‍ എന്നിവരുടെയൊക്കെ വിതകളുണ്ട്. അത് മുളച്ച് പടുമുളകളായി
നില്ക്കുന്നുമുണ്ട്. എനിക്കു വയ്യ അതിനിനിയും ഇടയിളക്കാന്‍ . പിന്നെ ഒരു നല്ല
കാര്യം പത്രാധിപര്‍ ചെയ്തിട്ടുണ്ട്. എല്ലാ കവികളുടേയും ഫോണ്‍ നമ്പറും മെയില്‍
ഐഡിയും അദ്ദേഹം കൊടുത്തിട്ടുണ്ട്. കൈകാര്യം ചെയ്യുന്നവര്‍ നേരിട്ടായിക്കോട്ടെ
എന്നായിരിക്കാം വ്യംഗ്യം.അതേതായാലും നന്നായി.
Comments