#ദിനസരികള്‍ 119


കെ മുരളിധരന്‍ പറഞ്ഞതുപോലെ അഹമ്മദ് പട്ടേല്‍ കേവലമൊരു അലൂമിനിയം പട്ടേല്‍ അല്ല എന്നു തെളിയിച്ചിരിക്കുന്നു.സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ ചാണക്യനെന്നറിയപ്പെടുന്ന അമിത് ഷായുടെ തന്ത്രങ്ങളെയാണ് ഗുജറാത്തില്‍ അഹമ്മദ് പട്ടേല്‍ കടപുഴക്കിയത്. അതുകൊണ്ടുതന്നെ കേവലമൊരു രാജ്യസഭാ സീറ്റിലേക്കുള്ള വിജയം എന്നതിനപ്പുറം എതിരാളികളില്ലാത്ത തന്ത്രങ്ങളുടെ അധിപന്‍ എന്നു പലരും പാടിപ്പുകഴ്ത്തുന്ന അമിത് ഷായുടെ നീക്കങ്ങളെ തടയിടാന്‍ കഴിഞ്ഞു എന്നതു തന്നെയാണ് ആ വിജയത്തിന്റെ മാറ്റു കൂട്ടുന്നത്.അമ്പേ തകര്‍ന്നടിഞ്ഞിരിക്കുന്ന മതേതര കക്ഷികള്‍ക്ക് ആത്മവിശ്വാസവും ഉണര്‍വ്വും പകരുന്നതാണ് ഈ വിജയം എന്നതുകൂടി എടുത്തുപറയേണ്ടിരിക്കുന്നു.
            എതിരാളി അമിത് ഷാ ആണെങ്കില്‍ വിജയിക്കുന്നതിന് വേണ്ടി ഏതറ്റം വരേയും പോകും എന്ന ബോധ്യത്തില്‍ നിന്നാണ് അഹമ്മദ് പട്ടേലും കൂട്ടരും കോണ്‍‌ഗ്രസിന് ഉറപ്പുള്ള നാല്പത്തിനാലു എം എല്‍ എമാരെ ബാംഗ്ലൂരിലെ റിസോര്‍ട്ടിലേക്ക് എത്തിച്ച് കുതിരക്കച്ചവടം ഒഴിവാക്കിയെടുത്തത്.ജെ ഡി യുവിന്റെ ഒന്നും എന്‍ സി പിയുടെ ഒന്നും ബി ജെ പി വിമതന്റെ ഒന്നും വോട്ടുകള്‍ പട്ടേല്‍ നേടി. അതോടൊപ്പം രണ്ടു വിമത കോണ്‍ഗ്രസ് എം എല്‍  എമാരുടെ വോട്ട് തിരഞ്ഞെടുപ്പുകമ്മീഷന്‍ അസാധുവാക്കിയതോടെ വിജയം അഹമ്മദ് പട്ടേലിനെ തേടിയെത്തുകയായിരുന്നു.
            രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള , ഇന്ത്യയുടെയാകെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു തിരഞ്ഞെടുപ്പായിരുന്നു ഗുജറാത്തില്‍ നടന്നത്.കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട നേതാക്കളിലൊരാളായ ജയ്റാം രമേഷ് , പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ചേര്‍ന്നൊരുക്കുന്ന തന്ത്രങ്ങളില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടു പോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സൂചിപ്പിച്ചത് കഴിഞ്ഞ ദിവസങ്ങളിലാണ്. പാര്‍ട്ടിയില്‍ അടിമുടി മാറ്റം വരണമെന്നും നയസമീപനങ്ങളെക്കുറിച്ച് പുനശ്ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസ് നേരിടുന്നത് വെറും തിരഞ്ഞെടുപ്പ് പ്രതിസന്ധി മാത്രമല്ലെന്നും , കോണ്‍ഗ്രസിന്റെ നിലനില്പുതന്നെ പ്രതിസന്ധിയിലായിരിക്കുക യാണെന്നും അദ്ദേഹം പറഞ്ഞത് വസ്തുതയായിരുന്നു. എന്നാല്‍ ഗുജറാത്തിലെ വിജയം മതേതരമനസ്സുകളില്‍ ആഹ്ലാദമുണ്ടാക്കുന്നുണ്ട്. ദീര്‍ഘവീക്ഷണ ത്തോടെയും കൃത്യമായ പ്ലാനിംഗിലൂടേയും കാര്യങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ ഇനിയും കോണ്‍ഗ്രസിന് തിരിച്ചു വരാന്‍ കഴിയും എന്നാണ് ഗുജറാത്ത് നമ്മെ പഠിപ്പിക്കുന്നത്. അമിത് ഷായേയും നരേന്ദ്ര മോദിയേയും മറികടക്കാന്‍ കഴിയുന്ന തന്ത്രശാലികളുടെ ഏകോപനമാണ് ഉണ്ടാവേണ്ടത്. കഴിവില്ലാത്തവരെ തലപ്പത്തു നിലനിറുത്തുന്ന രീതി ഒഴിവാക്കപ്പെടണം. രാജ്യം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് മനസ്സിലാക്കാനും ഉത്തരവാദിത്തബോധത്തോടെ പ്രതികരിക്കാനും കഴിയുന്നവരെയാണ് ഇന്ന് നമുക്കാവശ്യം. അത്തരക്കാരെ കണ്ടെത്താനും നേതൃത്വത്തിലേക്ക് എത്തിക്കാനും കോണ്‍ഗ്രസ് പാര്‍‌ട്ടിക്ക് കഴിയേണ്ടതുണ്ട്.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1