#ദിനസരികള്‍ 117

( സര്‍ക്കാസം അഥവാ നിന്ദാസ്തുതി മനസ്സിലാകാത്തവര്‍ ഈ പോസ്റ്റ് വായിക്കരുത് എന്ന് അപേക്ഷിക്കുന്നു എന്നൊരു മുന്‍കുറിപ്പ് ചേര്‍ക്കേണ്ടി വന്നതാണ് ഈ കുറിപ്പിന്റെ ദുര്യോഗം )
ഉയര്‍ന്ന സാക്ഷരത , ഉന്നതമായ മൂല്യബോധം , ഉദാത്തമായ മനുഷ്യസ്നേഹം ആഹാ മലയാളികളുടെ ഗുണഗണങ്ങള്‍ക്ക് ആകാശത്തോളം ഔന്നത്യമുണ്ട്. ആഴിയോളം ആഴമുണ്ട്. ഹിമാലയത്തോളം അചഞ്ചലത്വമുണ്ട്. എടുത്തു പറയുകയാണെങ്കില്‍ ഇനിയും ഒരുപാടു സവിശേഷതകളുണ്ട് നമ്മുടെ കേരളത്തിന്. അതില്‍ അഭിമാനം കൊള്ളാത്ത മലയാളികളുണ്ടാവില്ല.മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനും മലയാളികള്‍ എന്നും മുന്നിലുണ്ടാകും.നാം ലോകത്തിന് തന്നെ മാതൃക എന്നാണ് നമ്മളില്‍ പലരും വിശ്വസിക്കുന്നതും പാടി നടക്കുന്നതും. അവകാശ വാദങ്ങളെല്ലാം തന്നെ സത്യവുമാണ് .മലയാളിപ്പോലെ മലയാളി മാത്രം. ഇനിയും എത്ര വേണം വിശേഷണങ്ങള്‍.കവിതകളിലൂടെ കഥകളിലൂടെ നീതിസാരങ്ങളിലൂടെ നാടന്‍ പാട്ടുകളിലൂടെ പശ്ചമഘട്ടങ്ങള്‍ കേറി മറിഞ്ഞ് അന്യനാടുകളിലേക്കെത്തി നില്ക്കുന്നു മലയാളിയുടെ തിളക്കമേറിയ ജീവിതകഥകള്‍. ഞാനും നിങ്ങളും അതിലഹങ്കരിക്കുന്നു ഊറ്റം കൊള്ളുന്നു. അഭിമാനിക്കുന്നു.
            അതിനിടയിലാണ് ആ മലയാള മനോരമ പത്രം ഒന്നാം പേജില്‍ വൃത്തികെട്ട , നമ്മുടെ നിറം കെടുത്തുന്ന ഒരു  വാര്‍ത്തയുമായി വന്നെത്തുന്നത്. മറ്റൊരു പ്രധാന പത്രത്തിലും പ്രസ്തുത വാര്‍ത്തയില്ല.മറ്റാരും അറിഞ്ഞിട്ടില്ലാത്ത ഈ വാര്‍ത്ത ഈ മനോരമക്കെവിടെ നിന്ന് കിട്ടി? ഒന്നാം പേജില്‍ വെണ്ടക്കാവലുപ്പത്തില്‍ ചുവന്ന അക്ഷരത്തില്‍ സര്‍വ്വരുടേയും ശ്രദ്ധ ഒറ്റ നോട്ടത്തില്‍ കിട്ടുന്ന തരത്തില്‍ കൊടുത്തതും പോര , പത്രാധിപരുടെ വക അതേ വിഷയത്തില്‍ എഡിറ്റോറിയലും ചേര്‍ത്തിരിക്കുന്നു.കഷ്ടമേ കഷ്ടം. ഈ മനോരമ ഇങ്ങനെ അധപതിക്കാമോ ? മലയാളികളെ ഇങ്ങനെ ആക്ഷേപിക്കാമോ ? നമ്മുടെ മനുഷ്യപ്രേമത്തെ അധിക്ഷേപിക്കാമോ ? നാം ഉയര്‍ത്തിപ്പിടിക്കുന്ന ചിരന്തനമായ മൂല്യബോധങ്ങളെ നിരാകരിക്കാമോ?
            മനോരമ ചെയ്ത ചതി നിങ്ങളറിയണം സുഹൃത്തുക്കളേ. ഏതോ ഒരു മുരുകന്‍. അതും അന്യസംസ്ഥാന തൊഴിലാളി. ഉറ്റവരും ഉടയവരും കൂടെ ഇല്ലാത്തവന്‍. കൊല്ലത്തെ ചാത്തന്നൂരിനടുത്ത് ഇത്തിക്കര വളവില്‍ വെച്ച് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഈ മുരുകന് ഗുരുതരമായി പരിക്കേറ്റുവത്രേ ! സംഭവം നടക്കുന്നത് രാത്രി പത്തരമണിയോടെയാണ്.തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പരിക്ക് ഗുരുതരമായതിനാല്‍ ആ ആശുപത്രിയില്‍ വെന്റിലേറ്റര്‍ ഇല്ലാത്തതിനാല്‍ അടുത്ത ആശുപത്രി നോക്കണമെന്ന് പറഞ്ഞു.വെന്റിലേറ്ററുള്ള ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കൂടെ നില്ക്കാന്‍ ആളുണ്ടെങ്കിലേ അഡ്മിറ്റു ചെയ്യൂ എന്നാണ് അവര്‍ പറഞ്ഞത്.അത് വിചിത്രമായ ന്യായമാണെന്ന് മനോരമ.പിന്നേ , ആരോരുമില്ലാത്തവരെ നോക്കാനല്ലേ കോടികള്‍ മുടക്കി ആശുപത്രി കെട്ടിയിട്ടേക്കുന്നത് ഒന്ന് പോ എന്റെ മനോരമേ . തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ . ഒരു മൂന്നുമണിക്കൂര്‍ അവിടെ കാത്തു കിടന്നു. ചുറ്റുവട്ടത്തുള്ള ആശുപത്രിയിലൊക്കെ അന്വേഷിച്ചു.ആരും അഡ്മിറ്റ് ചെയ്യാന്‍ തയ്യാറായില്ല പോലും.കൊല്ലത്ത് വെന്റിലേറ്ററുണ്ടെന്ന് അറിഞ്ഞ് അവിടെയെത്തിച്ചപ്പോള്‍ ന്യൂറോ സര്‍ജ്ജനില്ലത്രേ ! മറ്റാശുപത്രികള്‍ നോക്കുമ്പോഴേക്കും മുരുകന്റെ നില വഷളായിയത്രേ . അവസാനം കൊല്ലം ജില്ലാ ആശുപത്രിക്കുമുന്നില്‍ അപകടം നടന്നിട്ട് ഏഴരമണിക്കൂര്‍ കഴിഞ്ഞ് മുരുകന്‍ അതേ ആംബുലന്‍സില്‍ മരിച്ചത്രേ !

            ഇതാണ് സംഭവം. ആ സംഭവമാണ് മനോരമ ഊതിപ്പെരുപ്പിച്ച് ഒന്നാംപേജിലെ വാര്‍ത്തയും എഡിറ്റോറിയലുമൊക്കെയാക്കിയത്.ആശുപത്രിക്കാര് മനസ്സാക്ഷിയില്ലാത്തവരാണ്. ചികിത്സ നിഷേധിക്കപ്പെട്ടു. പ്രാഥമിക ചികിത്സ കൊടുക്കാന്‍ പോലും തയ്യാറായില്ല. കടുത്ത അനീതി. ഗുരുതരമായ അപകടങ്ങളില്‍പ്പെടുമ്പോള്‍ കൂട്ടിരിക്കാന്‍ ആളുവേണമെന്ന് ശഠിച്ചു.ഇങ്ങനെ എന്തൊക്കെ ആരോപണങ്ങളാണെന്നോ മനോരമ നിരത്തുന്നത്. ഇതൊന്നും മലയാളികള്‍ ചെയ്യുന്ന കാര്യങ്ങളല്ലെന്ന് നമുക്കറിയാമല്ലോ? മലയാളികളെ അപമാനിക്കാന്‍ മനോരമ ഓരോന്നും എഴുതിക്കൂട്ടുകയാണ്. അത്രമാത്രം ഹൃദയത്തെ തൊടുന്നരീതിയിലുള്ള ഈ എഴുത്ത് കണ്ണുനിറയാതെ നിങ്ങള്‍ക്ക് വായിക്കാന്‍ കഴിയില്ല.കാരണം മറ്റൊരാളുടേയും സങ്കടം കണ്ടുനില്ക്കാന്‍ നമുക്ക് കഴിയില്ലല്ലോ. ഉയര്‍ന്ന സാക്ഷരത , ഉന്നതമായ മൂല്യബോധം , ഉദാത്തമായ മനുഷ്യസ്നേഹം നമ്മള്‍ മലയാളികള്‍ !! ഹാ .. എന്റെ മലയാളമേ !!

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1