#ദിനസരികള്‍ 121
എറിക് ഹോബ്സ്‌ബോം തന്റെ
വിഖ്യാതമായ How to
Change the World എന്ന പുസ്തകത്തിലെ പന്ത്രണ്ടാം
അധ്യായത്തില്‍ ഗ്രാംഷിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. വളരെ
കരുതലോടെയും ഉള്‍ക്കാഴ്ചയോടെയും എഴുതപ്പെട്ട ഈ അധ്യായത്തിനെത്തുടര്‍ന്ന് Reception of Gramsci എന്നൊരു
അധ്യായം കൂടി ഈ
ഗ്രന്ഥത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടു അധ്യായങ്ങളും ചേര്‍ന്നാല്‍ ഏകദേശം
മുപ്പതോളം പേജുകള്‍ മാത്രമേ ഉണ്ടാവുകയുള്ളു എങ്കിലും ഗ്രാംഷിയുടെ
ചിന്താലോകത്തിന്റെ ഒരു സമഗ്രവീക്ഷണം ലഭ്യമാക്കാന്‍ ഹോബ്സ്‌ബോമിന് കഴിഞ്ഞിട്ടുണ്ട്.
ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ഗ്രാംഷിയുടെ തലയെ ഇരുപതു വര്‍ഷത്തേക്ക് പ്രവര്‍ത്തന
രഹിതമാക്കണമെന്നാണ് മുസോളിനിയുടെ ഫാസിസ്റ്റ് സര്‍ക്കാര്‍ ഒരു വിചാരണക്കിടെ
കോടതിയോട് ആവശ്യപ്പെട്ടത്.അതൊന്നുമാത്രം മതി ഫാസിസം അദ്ദേഹത്തെ എത്രമാത്രം
ഭയപ്പെട്ടിരുന്നു എന്ന് മനസ്സിലാക്കാന്‍.മരണം ഉറപ്പായ ഘട്ടത്തിലാണ് പിന്നീട്
അദ്ദേഹത്തെ ജയിലില്‍ നിന്ന് സര്‍ക്കാര്‍ പുറത്തുവിട്ടത്. മോചിതനായ ശേഷം ഏതാനും
മാസങ്ങള്‍ കൂടി ജീവിച്ചിരുന്ന ഗ്രാംഷി 1937 ഏപ്രില്‍ 27 ന് തന്റെ 46 ാമത്തെ
വയസ്സില്‍ അന്തരിച്ചു.
ഇരുപതാം
നൂറ്റാണ്ടിലെ മാര്‍ക്സിസ്റ്റ് ചിന്തകന്മാരില്‍ ഗ്രാംഷി പ്രഥമസ്ഥാനത്താണ്. ജയിലില്‍
നിന്ന് എഴുതിയ മുപ്പതു നോട്ടുബുക്കുകളിലായി മൂവ്വായിരത്തോളം പേജുകളില്‍ അദ്ദേഹത്തിന്റെ
ചിന്തകള്‍ വ്യാപിച്ചു കിടക്കുന്നു.സാഹസികമായി ജയിലിനു പുറത്തെത്തിച്ച ആ
കുറിപ്പുകളിലേക്ക് ലോകത്തിന്റെ ശ്രദ്ധ പതിഞ്ഞത് അദ്ദേഹത്തിന്റെ മരണത്തിന് ശേഷം
ഏകദേശം പത്തുകൊല്ലം കഴിഞ്ഞിട്ടായിരുന്നു. രണ്ടാംലോകമഹായുദ്ധത്തിന് ശേഷം
പ്രസിദ്ധീകരിക്കപ്പെട്ട ആ കുറിപ്പുകളിലൂടെ ഗ്രാംഷി മാര്‍ക്സിസത്തിന്റെ വക്താവും
പ്രയോക്താവുമായി മാറുന്ന കാഴ്ച ലോകം അത്ഭൂതാദരങ്ങളോടെയാണ് വീക്ഷിച്ചത്.മാര്‍ക്സിസത്തില്‍
അതുവരെ കാണാതിരുന്ന നവ്യമായ ഒരു പരിവേഷം ചാര്‍ത്തിക്കൊടുക്കുവാന്‍ ഗ്രാംഷിയുടെ
ചിന്തകള്‍ക്ക് കഴിഞ്ഞു.
ഹോബ്സ്‌ബോം
എഴുതുന്നു.( ആശയാനുവാദം ) 1937 ല്‍ ഗ്രാംഷി മരിച്ചതിനുശേഷം 1920 കളിലെ
അദ്ദേഹത്തിന്റെ സഖാക്കള്‍ക്കല്ലാതെ മറ്റാര്‍ക്കും അദ്ദേഹത്തെ കുറച്ചുകാലത്തേക്ക്
പരിചയമുണ്ടായിരുന്നില്ല. മരണം കഴിഞ്ഞ് പത്തുവര്‍ഷക്കാലത്തിന് ശേഷം അദ്ദേഹം ഇറ്റലിയിലാകെ
സുപരിചിതനായി മാറുന്ന സാഹചര്യം സംജാതമായി. എന്നു മാത്രവുമല്ല , കമ്യൂണിസത്തിന്
പുറത്തും അദ്ദേഹം വ്യാപകമായി അറിയപ്പെട്ടതിന് പാര്‍ട്ടിയും എയ്നൌദി എന്ന പ്രസാധകരും
ഗ്രാംഷിയുടെ രചനകള്‍ പുറത്തുകൊണ്ടുവന്നത് കാരണമായിട്ടുണ്ട് .ഗ്രാംഷിയെ മാര്‍ക്സിസ്റ്റ്
ചിന്തകന്‍ എന്ന രീതിയിലും , ഇരുപതാം നൂറ്റാണ്ടിലെ ഇറ്റാലിയന്‍ സാംസ്കാരിക രംഗത്തെ
പ്രമുഖന്‍ എന്ന നിലയിലും അറിയപ്പെടാന്‍ ഈ
പ്രസാധനങ്ങള്‍ സഹായിച്ചു.
Comments