#ദിനസരികള്‍ 116
ഭൂട്ടാനുമായി ഇന്ത്യയും
ചൈനയും അതിര്‍ത്തി പങ്കിടുന്ന ദോക്‌ലാമില്‍ ചൈന അനധികൃതമായി നിര്‍മാണ പ്രവര്‍ത്തികള്‍
നടത്തുന്നത് സൈനിക സാന്നിധ്യമുപയോഗിച്ച് ഇന്ത്യ തടഞ്ഞത് ഒരു യുദ്ധമുഖം തുറക്കുന്നു
എന്ന തോന്നല്‍ ഉളവാക്കുന്നതാണ്.ചൈന സൈനിക നടപടിയിലേക്ക് നീങ്ങുന്നു എന്ന്
മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂട്ടാനും ചൈനയും തമ്മിലുള്ള തര്‍ക്കത്തില്‍
ഇന്ത്യക്കെന്തു കാര്യം എന്ന് ചിന്തിക്കുന്നവരുണ്ടാകാം എന്നാല്‍
2007 ല്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാറനുസരിച്ച് ഭൂട്ടാന്‍ ആവശ്യപ്പെടുന്ന
പക്ഷം സൈനികസഹായം നല്കാന്‍ ഇന്ത്യ ബാധ്യസ്ഥമാണ്. അതിന്റെ അടിസ്ഥാനത്തിലാണ്
ഇന്ത്യന്‍ സൈന്യം തര്‍ക്ക സ്ഥലത്ത് എത്തിയിരിക്കുന്നത്. അതിര്‍ത്തിയില്‍
നിലനില്ക്കുന്ന സ്ഥിതി മാറ്റുവാന്‍ ചൈന ശ്രമിക്കുന്നു എന്ന ആക്ഷേപം ഭൂട്ടാന്‍ സര്‍ക്കാര്‍
ഉന്നയിക്കുന്ന കാലത്തോളം ഇന്ത്യക്ക് ദോക്ല വിട്ടുപോകുവാന്‍ കഴിയാത്ത സാഹചര്യമാണ്.എന്നാല്‍
തങ്ങളുടെ പ്രദേശത്താണ് റോഡുപണിയുള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തികള്‍
നടത്തുന്നതെന്നും അതിന് തങ്ങള്‍ക്ക് അവകാശമുണ്ട് എന്നുമാണ് ചൈന
വാദിക്കുന്നത്.മാത്രവുമല്ല , ഇന്ത്യ അനധികൃതമായി തങ്ങളുടെ അതിര്‍ത്തിയിലേക്ക് അതിക്രമിച്ചു
കയറിയിരിക്കുന്നുവെന്നും ഇന്ത്യന്‍ സൈനികരെ
ഉടന്‍ പിന്‍വലിക്കണം എന്നും
അവര്‍ ആവശ്യപ്പെടുന്നു.ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് പലതവണ ശക്തമായ
മുന്നറിയിപ്പ് ഉയര്‍ത്തിക്കഴിഞ്ഞു.ഫലത്തില്‍ ഒരു യുദ്ധത്തിലേക്കാണ് നാം
കൂപ്പുകുത്തുന്നത് എന്ന ധാരണ വേരുറച്ചിട്ടുണ്ട്.
ഒന്ന് കാഞ്ചിവലിക്കാനുള്ള ഒരു സെക്കന്റ് സമയം മതി ഒരു
മഹായുദ്ധം പൊട്ടിപ്പുറപ്പെടാന്‍. പക്ഷേ വര്‍ഷങ്ങള്‍ പ്രയത്നിച്ചാലും
അതുണ്ടാക്കുന്ന കെടുതിയില്‍ നിന്ന് നാം മുക്തരാകില്ല എന്ന ബോധം ഇരുരാജ്യങ്ങള്‍ക്കും
ഉണ്ടാകേണ്ട സമയമാണിത്. വിട്ടുവീഴ്ചാമനോഭാവത്തോടുകൂടിയ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ
വിഷയം പരിഹരിക്കപ്പെടണം. സൈനികശക്തിയുടെ കാര്യത്തില്‍ ചൈന അമേരിക്കയുടെ
മുകളിലാണെന്നുപോലും വിലയിരുത്തലുകളുണ്ടായിട്ടുണ്ട്. ചൈനയെപ്പോലെതന്നെ ഇന്ത്യയും ആണവശക്തിയാണ്.
ഒരു യുദ്ധമുണ്ടായാല്‍ എത്ര കോടി ജനങ്ങള്‍
കൊല്ലപ്പെടുമെന്ന് തിട്ടപ്പെടുത്താന്‍ കഴിയില്ല. ഉണ്ടാക്കുന്ന വിനാശങ്ങള്‍ക്ക്
അവസാനമുണ്ടാകില്ല.ആയുധങ്ങളുടെ വലുപ്പമോ പ്രഹരശേഷിയോ അല്ല
അതിര്‍ത്തി നിര്‍ണയത്തില്‍ ചര്‍ച്ച നടത്തേണ്ടത്. പരസ്പര ബഹുമാനങ്ങളോടെയുള്ള
നയതന്ത്രബന്ധങ്ങളാണ്.അതുകൊണ്ട് അനാവശ്യ പിടിവാശികള്‍ മാറ്റിവെച്ച് വിഷയം ചര്‍ച്ച
ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ തുടരണം. അതിന് ഇന്ത്യ മുന്‍കൈ എടുക്കണം.നമ്മള്‍
യുദ്ധത്തിന് വേണ്ടിയല്ല സമാധാനത്തിന് വേണ്ടി നിലകൊള്ളുന്നവരാണെന്ന് ലോകത്തോട്
പ്രഖ്യാപിക്കുവാന്‍ ഈ അവസരം ഉപയോഗപ്പെടുത്തണം.
Comments