Tuesday, August 8, 2017

#ദിനസരികള്‍ 118


            രാഷ്ട്രീയപാര്‍ട്ടികളിലെ ഗ്രൂപ്പിസവും വ്യക്തിതാല്പര്യങ്ങളും അതാതു പാര്‍ട്ടികളില്‍    ഒരുപാടു രക്തസാക്ഷികളെ സൃഷ്ടിച്ചിട്ടുണ്ട്. മൂല്യബോധമില്ലാത്ത വ്യക്തികള്‍ , തങ്ങള്‍ വിശ്വസിക്കുന്ന ആശയങ്ങള്‍ക്ക് അപ്പുറം അധികാരത്തിന് വേണ്ടിയുള്ള അത്യാര്‍ത്തികളും അതു നിലനിറുത്തുന്നതിന് വേണ്ടി നടത്തുന്ന കരുനീക്കങ്ങളും ഏതു വിധേനയും എതിരാളിയെ തകര്‍ക്കുക എന്ന ലക്ഷ്യം വെച്ചാകുമ്പോള്‍ , ആദ്യം ചത്തു വീഴുന്നത് താന്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആശയംതന്നെയായിരിക്കും , രണ്ടാമതാണ് ഉന്നം വെച്ച വ്യക്തിയുടെ വീഴ്ച സംഭവിക്കുന്നത്. അങ്ങനെ വീണുപോയ ഒരു വ്യക്തിയാണ് എന്‍ സി പിയുടെ കേരളഘടകം പ്രസിഡന്റായിരുന്ന സഖാവ് ഉഴവൂര്‍ വിജയന്‍ എന്ന് കലാകൌമുദിയില്‍ പി എം ബിനുകുമാര്‍ എഴുതിയ , ഉഴവൂര്‍ വിജയന്റെ അന്ത്യം എന്ന ലേഖനത്തില്‍ പറയുന്നു.കേരളത്തിന്റെ രാഷ്ട്രീയ നഭോമണ്ഡലത്തില്‍ വ്യതിരിക്തവും വ്യക്തവുമായ ശബ്ദം കേള്‍പ്പിച്ച വ്യക്തിയായിരുന്നു ശ്രീ ഉഴവൂര്‍ . തനിക്ക് പറയാനുള്ളത് തമാശയുടെ മേമ്പൊടികള്‍ ചേര്‍ത്ത് ആരേയും വേദനിപ്പിക്കാതെ ഉഴവൂര്‍ വിജയന്‍ അവതരിപ്പിക്കുമ്പോള്‍ വിമര്‍ശനത്തിന് ശരവ്യനാകുന്ന എതിരാളിപോലും ചിരിച്ചുപോകും എന്നതൊരു വസ്തുതയാണ്. അങ്ങനെ എതിരാളിയെപ്പോലും ചിരിപ്പിച്ചിരുന്ന വിജയന് , പക്ഷേ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് നേരിടേണ്ടിവന്നത് അതിരൂക്ഷമായ സമാനതകളില്ലാത്ത മാനസിക പീഢനമായിരുന്നു എന്നാണ് പുറത്തു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്
            മാന്യനും സത്യസന്ധനുമായ ഒരു രാഷ്ട്രീയക്കാരനായിരുന്നു ഉഴവൂരെന്നാണ് കേരള ജനത ചിന്തിക്കുന്നത്. ഒരു പഞ്ചായത്ത് മെമ്പര്‍ പോലുമാകാതെ സമുന്നതനായ നേതാവായി മാറിയ വിജയനെ ഇടതുപക്ഷവും അര്‍ഹിക്കുന്ന തരത്തില്‍ പരിഗണിച്ചിരുന്നു. മതേതരത്വത്തോട് വിട്ടുവീഴ്ചയില്ലാത്ത കൂറു പുലര്‍ത്തിയിരുന്ന വിജയന്റെ ആകസ്മികമായ ആ നിര്യാണത്തിന് പിന്നില്‍ സ്വന്തം പാര്‍ട്ടിയിലെ നേതാക്കന്മാര്‍തന്നെയാണെന്ന വിവരം ആദ്യം പുറത്തുവിട്ടത് എന്‍ സി പിയുടെ തന്നെ സംസ്ഥാന കമ്മറ്റി അംഗമായിരുന്ന സതീഷ് കല്ലക്കുളമാണ്.കായംകുളത്തെ ഒരു വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുത്ത വിജയനെ ആ പ്രദേശത്തെ ഒരു നേതാവ് വിളിച്ചു.സതീഷ് പറയുന്നു :- “വിജയേട്ടന്‍ ഫോണില്‍ സംസാരിക്കുന്നത് ചെവിയില്‍ നിന്നും അകറ്റിപ്പിടിച്ചാണ്.നേതാവ് വിജയേട്ടനെ തുടരെത്തുടരെ തെറി വിളിക്കുകയായിരുന്നു.അയാള്‍‌ക്കെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ബന്ധുവിന്റെ വീട്ടിലാണത്രേ വിജയന്‍ പാലുകാച്ചലിന് പോയത്. നേതാവിന്റെ അനിയനാണ് തന്നെ സ്വീകരിച്ചതെന്ന് പറഞ്ഞപ്പോഴും തെറി വിളി തുടര്‍ന്നു.പെട്ടെന്ന് വിജയേട്ടന്റെ ശരീരം വിയര്‍ത്തു.അദ്ദേഹം പതിവിന് വിപരീതമായി ക്ഷോഭിച്ചു.ഞാന്‍ കാര്‍ ഒതുക്കി നിറുത്തി.എന്റെ ഫോണ്‍ വിജയേട്ടന്റെ ഫോണിനോട് ചേര്‍ത്തു. ഉച്ചത്തിലുള്ള തെറികള്‍ റെക്കോര്‍ഡു ചെയ്തു.പെട്ടെന്ന് വിജയേട്ടന്‍ വിറക്കാന്‍ തുടങ്ങി.ഞാന്‍ ഫോണ്‍ പിടിച്ചുവാങ്ങി ഹലോ പറഞ്ഞപ്പോള്‍ അപ്പുറത്ത് ഡിസ്കണക്ടായി സതീഷിന്റെ വാക്കുകളില്‍ നിന്ന് ഒരു പാര്‍ട്ടിനേതാവിനും ഉണ്ടാകാന്‍ പാടില്ലാത്ത ദുര്യോഗമാണ് ഉഴവൂരിനുണ്ടായതെന്ന് മനസ്സിലാക്കാം. അതേ നേതാവുതന്നെ പിന്നീട് പത്തുലക്ഷം രൂപയുടെ അഴിമതി ആരോപണവും വിജയനെതിരെ ഉന്നയിച്ചു. മാനസികമായി ഉണ്ടായ ഈ പീഢനമാണ് ഉഴവൂരിന്റെ പെട്ടെന്നുള്ള മരണത്തിന് കാരണമായതെന്ന് അദ്ദേഹത്തിന്റെ സഹധര്‍മിണിയായ ചന്ദ്രമണിയും പറയുന്നു.

            യാതൊരു മൂല്യബോധവുമില്ലാത്ത, തങ്ങളുടെ ഇഷ്ടം മാത്രം നടപ്പിലാകണമെന്നു വാശി പിടിക്കുന്ന ചിലരാണ് പൊതുജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന നല്ലവരായ രാഷ്ട്രീയ പ്രവര്‍ത്തകരുടെ യശസ്സുകൂടി ഇല്ലാതാക്കുന്നത്.അവര്‍ ഗ്രൂപ്പുകളുണ്ടാക്കുകയും തങ്ങളുടെ ഗ്രൂപ്പില്‍ പെടാത്തവരെ ഇല്ലാതാക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഉഴവൂരിനുണ്ടായ തിക്താനുഭവം ഈ ശ്രണിയില്‍ അവസാനത്തേതാകട്ടെ എന്ന് ആഗ്രഹിക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍ .
Post a Comment