(ഇത് ഹെമിംഗ് വേയുടെ കിഴവനും കടലും (The Old Man and the Sea ) എന്ന നോവലിന്റെ സ്വതന്ത്രപരിഭാഷയാണ്. സ്വതന്ത്രമെന്നു പറഞ്ഞാല്തികച്ചും സ്വതന്ത്രം എന്നു തന്നെയാണ് അര്ത്ഥം. ഒരു തരം മാറ്റിയെഴുത്ത് എന്നു പറഞ്ഞാലും തെറ്റില്ല ! എന്നാല്ഹെമിംഗ് വേ ആവിഷ്കരിച്ച അസാധാരണമായ ജീവിത സാഹചര്യങ്ങളെ അത്രതന്നെ ആഴത്തില്അനുഭവിപ്പിക്കുവാന്ശ്രമം നടത്തിയിട്ടുമുണ്ട്. ജയപരാജയങ്ങള്പറയേണ്ടത് പ്രിയപ്പെട്ട സുഹൃത്തുക്കളാണ്. ഉപദേശ നിര്‍‌‍ദ്ദേശങ്ങള്നല്കി കൂടെ നില്ക്കുമല്ലോ )

------------------------------------

"പപ്പയ്ക്ക് നമ്മളെ ഒട്ടും വിശ്വാസമില്ലായിരുന്നു.."

"അത് ശരിയാ... പക്ഷേ നമുക്കു നമ്മളെ വിശ്വാസമായിരുന്നു.. അല്ലേ ?"

"അതെ..." ഒന്നു നിറുത്തി പയ്യന്‍ ചോദിച്ചു " നമുക്കാ ടെറസ്സില്‍ പോയിരുന്ന് ഒരു ബിയറടിച്ചാലോ ? എന്നിട്ട് ഈ കുന്ത്രാണ്ടമെല്ലാം വീട്ടിലേക്കെടുക്കാം...  "

"ഓ പിന്നെന്താ...."  വൃദ്ധന്‍ സമ്മതിച്ചു

 

            അവര്‍ ടെറസ്സിലേക്ക് ചെല്ലുമ്പോള്‍ ആ പ്രദേശത്തെ മറ്റു മുക്കുവരും അവിടെയുണ്ടായിരുന്നു. അവരില്‍ ചിലര്‍ വൃദ്ധനെ നോക്കി കളിയാക്കിച്ചിരിച്ചു. കുറച്ചുകൂടി പ്രായമുള്ളവര്‍ അയാളെ ദുഖത്തോടെയും സഹതാപത്തോടെയും നോക്കിയെങ്കിലും അവരത് പ്രകടിപ്പിക്കാതെ തങ്ങളുടെ കടലനുഭവങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു. എന്നാല്‍ അയാള്‍ അതൊന്നും തന്നെ ശ്രദ്ധിക്കുക പോലും ചെയ്തില്ല.  മത്സ്യക്കൊയ്ത്ത് നടത്തുവാന്‍ ഭാഗ്യം ലഭിച്ചവര്‍ തങ്ങള്‍ക്ക് കിട്ടിയ വലിയ മര്‍ലിന്‍ മീനിയെ രണ്ടായി പകുത്ത് ഹവാനയിലെ മാര്‍ക്കറ്റിലേക്ക് പുറപ്പെടാന്‍ തയ്യാറായി നില്ക്കുന്ന വാഹനത്തിലേക്ക് എത്തിച്ചു കൊണ്ടിരുന്നു. ചിലര്‍ക്ക് വലിയ സ്രാവിനെയായിരുന്നു ലഭിച്ചത്. അവരതിനെ ചുമന്ന് സ്രാവ് ഫാക്ടറിയിലേക്കെത്തിച്ചു. എന്നിട്ട് വളരെ ശ്രദ്ധയോടെ കരളുകളും ചിറകുകളും തൊലിയുമൊക്കെ മാറ്റി  കഷണങ്ങളായി നുറുക്കി ഉപ്പിലിട്ടു വെയ്ക്കാന്‍ കഴിയുന്ന പരുവത്തിലാക്കി.

 

            ആ ദിവസം തെളിഞ്ഞതായിരുന്നു. കിഴക്കന്‍ കാറ്റില്‍ സ്രാവ് ഫാക്ടറിയില്‍ നിന്നുള്ള മണം കടല്‍പ്പുറമാകെ പരക്കും. എന്നാല്‍ ഇന്ന് കിഴക്കന്‍ കാറ്റുണ്ടായിരുന്നില്ല. പകരം വടക്കന്‍ കാറ്റിനോടൊപ്പമെത്തിയ ഒരു നനുത്ത ഗന്ധം അവിടെയാകെ ഉന്മേഷം പരത്തി.  ആ വെയിലുള്ള ദിവസം  ടെറസ്സില്‍ ഇരിക്കുന്നത് എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു.

"സാന്റിയാഗോ " പയ്യന്‍ അയാളെ വിളിച്ചു

ഒരു കൈയ്യില്‍ ഗ്ലാസും പിടിച്ച് ഓര്‍മ്മകളില്‍ ലയിച്ചിരുന്ന സാന്റിയാഗോ ഞെട്ടിയുണര്‍ന്നതുപോലെ ചോദ്യഭാവത്തില്‍ അവനെ നോക്കി.

"ഞാന്‍ നിങ്ങള്‍ക്കു നാളത്തേക്കു വേണ്ടി  ലേശം മത്തി വാങ്ങിച്ചാലോ?"

"ഏയ് വേണ്ട... നീ പോയി പന്തുകളിക്കാന്‍ നോക്ക്.... വലയെറിയാന്‍ ഞാനാ റോജേലിയോയെ കൂട്ടാം....."

"ഞാന്‍ പോകാമെന്നേ... എനിക്ക് നിങ്ങളെ സഹായിക്കുന്നതില്‍ സന്തോഷമേയുള്ളു.. "

"നീയെനിക്ക് ബിയറു വാങ്ങിത്തന്നില്ലേ.. അതുതന്നെ ധാരാളം... ഇപ്പോള്‍ നീ കുട്ടിയല്ല "

" എത്ര വയസ്സിലാണ് ഞാന്‍ ആദ്യമായി ഞാന്‍ നിങ്ങളുടെ വന്നത് ?"

" അഞ്ച് വയസ്സ്....  അന്ന് ഞാന്‍ ഒരു വലിയ മത്സ്യത്തെ ബോട്ടിലേക്ക് പിടിച്ചിട്ടു. അതിന്റെ അടിയേറ്റ് നീയന്ന് മരിക്കേണ്ടതായിരുന്നു..... ബോട്ടും തകര്‍ന്നുപോയേനെ... ആ സംഭവം നിനക്ക് ഓര്‍മ്മയുണ്ടോ ?"

"കുറച്ചൊക്കെ.....അത് പിടയുന്നതും വാലിട്ടടിക്കുന്നതും നിങ്ങളതിനെ ആഞ്ഞാഞ്ഞടിക്കുന്നതുമൊക്കെ എനിക്കോര്‍മ്മയുണ്ട്. അവനില്‍ നിന്നും രക്ഷപ്പെടുത്താന്‍ നിങ്ങളെന്നെ വലക്കൂമ്പാരത്തിലേക്ക് എടുത്തെറിഞ്ഞു. വലിയൊരു മരം മുറിക്കുന്നതുപോലെയായിരുന്നു നിങ്ങളവനെ അടിച്ചു കൊണ്ടിരുന്നത്. ബോട്ട് ആടിയുലഞ്ഞുകൊണ്ടിരുന്നു. അവന്റെ ചുടുചോരയുടെ ഗന്ധം അവിടമാകെ പരന്നു.."

"അല്ല... അത് നിനക്ക് ശരിക്കും ഓര്‍മ്മയുണ്ടോ ?.. അതോ ഞാന്‍ പറഞ്ഞു കേട്ടതാണോ ?"

"അല്ല സാന്റിയാഗോ അല്ല... നിങ്ങളെ കണ്ട അന്നുമുതലുള്ള എല്ലാ കാര്യങ്ങളും എനിക്കോര്‍മ്മയുണ്ട്.. "

 

തുടരും

|| #ദിനസരികള് – 117 - 2025 ആഗസ്റ്റ് 01 മനോജ് പട്ടേട്ട് ||

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍