ഗവര്‍ണര്‍ ചാന്‍‌സലറായി തുടരുന്ന കാലത്തോളം സംഘിവത്കരണത്തില്‍ നിന്നും നമ്മുടെ സര്‍വ്വകലാശാലകള്‍ മുക്തമാകില്ല. അതാണ് ആര്‍ എസ് എസിന്റെ ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ജ്ഞാനസഭയില്‍ കുഫോസ് വി സി ഡോ എ ബിജുകുമാര്‍ പങ്കെടുത്തതിലൂടെ വ്യക്തമാക്കപ്പെടുന്നത്. ഗവര്‍ണറുടെ പ്രിയപ്പെട്ട കോഴിക്കോട് , കണ്ണൂര്‍ , കേരള സര്‍വ്വകലാശാലകളുടെ വി സിമാരുടെ ആര്‍ എസ് എസ് ബന്ധം പക്ഷേ അങ്ങാടിപ്പാട്ടാണെങ്കിലും ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയുടെ വി സിയുടെ ചിത്രം മറ്റൊന്നാണെന്നാണ് നാം കരുതിയത്. എന്നാല്‍ ജ്ഞാനസഭയില്‍ പങ്കെടുക്കുവാന്‍ അദ്ദേഹത്തിനും മടിയുണ്ടായില്ല എന്നത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. വിജ്ഞാനത്തിലേക്കും ജ്ഞാനത്തിലേക്കും നടന്ന് വിമോചിപ്പിക്കപ്പെട്ട കേരള സമൂഹത്തെ ബ്രാഹ്മണ്യാധികാരത്തിന്റെ നുകത്തിനു കീഴിലാക്കുകയെന്ന ഹീനലക്ഷ്യമാണ്‌ സംഘപരിവാർ സംഘടനയുടെ വിദ്യാഭ്യാസ സമ്മേളനമായ ജ്ഞാനസഭയുടെ പിറകിലുള്ളത് എന്നാണ് മന്ത്രി ആര്‍ ബിന്ദു ഈ സംഭവത്തെത്തുടര്‍ന്ന് പ്രതികരിച്ചത്. എന്നാല്‍ താന്‍ ജ്ഞാനസഭയില്‍ പങ്കെടുത്തിട്ടില്ലെന്നും പങ്കെടുത്തത് അമൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന മറ്റൊരു പരിപാടിയിലാണെന്നും പിന്നീട് പത്രക്കുറിപ്പിലൂടെ ഫിഷറീസ് വി സി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും എസ് എഫ് ഐ അടക്കമുള്ള സംഘടനകള്‍ നാലുവിസിമാരുടേയും രാജി ആവശ്യപ്പെട്ടിട്ടുണ്ട് എന്ന കാര്യം കൂടി ശ്രദ്ധിക്കുക !

 

 

          എന്താണ് ജ്ഞാനസഭ എന്നറിയുന്നത് വിഷയത്തിന്റെ ഗൌരവം മനസ്സിലാക്കുവാന്‍ നമ്മെ സഹായിക്കുമെന്ന് കരുതുന്നു. ഭാരാതീയ മൂല്യങ്ങളും പാരമ്പര്യങ്ങളും മുന്‍നിറുത്തി വിദ്യാഭ്യാസ രംഗത്തെ സമൂലം പരിഷ്കരിക്കുവാനുള്ള വഴികള്‍ തേടുക എന്നതാണ് ജ്ഞാനസഭയുടെ പ്രഖ്യാപിത ലക്ഷ്യം!  സ്വന്തമായ മാതൃകകള്‍ സൃഷ്ടിക്കുകയും മറ്റുള്ളവരെക്കൂടി ആകര്‍ഷിച്ച് ഈ മാര്‍ഗ്ഗത്തെ സ്വീകരിക്കുവാനുള്ള വഴികള്‍ കണ്ടെത്തുകയും ചെയ്തുകൊണ്ട് വിദ്യാഭ്യാസ രംഗത്ത് ഭാരതീയതയ്ക്ക് നിര്‍ണായകമായ സ്വാധീനം ഉണ്ടാക്കിയെടുക്കണം. ഇക്കാര്യങ്ങള്‍ എങ്ങനെ നടപ്പില്‍ വരുത്താം എന്നാണ് ജ്ഞാന സഭ അന്വേഷിക്കുന്നത്. ഈ സഭയിലാണ് കേരളം പോലൊരു സംസ്ഥാനത്തെ നാലു വി സിമാര്‍ പങ്കെടുത്തത്. അവരുടെ ജനാധിപത്യബോധവും മതനിരപേക്ഷ കാഴ്ചപ്പാടുകളും എത്രമാത്രം അപകടകരമായിരിക്കുമെന്ന് എടുത്തു പറയേണ്ടതില്ലല്ലോ ! ഈ നീക്കത്തിന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ശക്തമായ പിന്തുണയുണ്ട്. അക്കാദമിക മേഖല കാവിവത്കരിച്ചുകഴിഞ്ഞാല്‍‌പ്പിന്നെ കേരളത്തെ എളുപ്പത്തില്‍ വിഴുങ്ങാനാകും എന്നാണ് ആര്‍ എസ് എസ് നേതൃത്വം കരുതുന്നതെന്ന് വ്യക്തം. ഈ താല്പര്യത്തിനു മുന്നില്‍ കേരളം തലകുനിക്കേണണമോ എന്ന ചോദ്യത്തിനാണ് നമ്മുടെ സാംസ്കാരിക രാഷ്ട്രീയ സാമൂഹിക മേഖല ഉത്തരം പറയേണ്ടത്.

 

          ഗവര്‍ണറില്‍ നിന്നും ചാന്‍സലര്‍ പദവി എടുത്തുമാറ്റുവാനുള്ള തീരുമാനം നിയമസഭ കൈകൊണ്ടുവെങ്കിലും രാഷ്ട്രപതി അതിനെതിരെ നിലപാടു സ്വീകരിച്ചതുകൊണ്ട് നടപ്പിലാക്കവാന്‍ കഴിഞ്ഞിട്ടില്ല . അതുകൊണ്ടുതന്നെ കേരളത്തിലെ ഗവര്‍ണറുടെ ഇത്തരത്തിലുള്ള ഇടപെടലുകളെ നിയന്ത്രിക്കുവാന്‍ നമുക്കൊരു തരത്തിലും സാധ്യമാകില്ല. മുന്‍ഗവര്‍റായ ആരിഫ് മൊഹമ്മദ് ഖാനെക്കാള്‍ ഏറെ അപകടകാരിയാണ് ആര്‍‌ലേക്കര്‍ എന്ന ബോധ്യത്തില്‍ നിന്നുകൊണ്ട് കേരളത്തിലെ മതേതര ജനാധിപത്യസമൂഹം കൂടുതല്‍ കര്‍ശനവും കാര്യക്ഷമവുമായി പ്രതികരിക്കുവാന്‍ തുടങ്ങണം. എങ്കില്‍ മാത്രമേ ഈ സംഘവത്കരണപ്രവണതകളെ ത്വരിതപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളെ തടഞ്ഞുനിറുത്തുവാന്‍ കഴിയുകയുള്ളു. അതിന് ഇനി എന്തൊക്കെയാണ് നാം ചെയ്യേണ്ടതെന്ന് കൂട്ടായി ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

 

 

|| #ദിനസരികള് – 113  - 2025 ജൂലൈ 28 മനോജ് പട്ടേട്ട് ||

 

 

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍