പത്മരാജന്റെ ലോല എന്ന ചെറുകഥ വായിക്കുമ്പോഴൊക്കെ എന്നെ അമ്പരപ്പിക്കുന്ന ഒരു പ്രശ്നം, എങ്ങനെയാണ് ഈ കഥ ഇത്രമാത്രം സ്തോഭജനകമായി, മനസ്സില്‍ തങ്ങി നില്ക്കുന്ന ഒന്നായി മാറിയത് എന്നതാണ്.  അതിവൈകാരികത നിറഞ്ഞ മുഹൂര്‍ത്തങ്ങളില്ല, അതിനാടകീയത നിറഞ്ഞ വേര്‍പിരിയലുകളില്ല. സ്വഭാവികമായും രണ്ടുപേര്‍ , രണ്ടു രാജ്യക്കാര്‍ - ഒരാള്‍ ഇന്ത്യന്‍ മറ്റേയാള്‍ അമേരിക്കന്‍ - കണ്ടുമുട്ടുന്നു. വളരെ കുറഞ്ഞ കാലം ഒന്നിച്ചു ജീവിക്കുന്നു. അവള്‍ അവനെ മാരകമായി സ്നേഹിക്കുന്നു. അവനാകട്ടെ പിരിയുവാനുള്ള ഒരാളാണ് ഇവള്‍ എന്ന മുന്‍ധാരണയെ പുല്കിക്കൊണ്ട് പ്രണയാളിയാകുന്നു. എന്നാല്‍ കഥ വായിച്ചുതീരുമ്പോള്‍ ശാന്തത നിറഞ്ഞ ആ പ്രണയഖണ്ഡത്തിന്റെ ആവിഷ്കാരത്തിന് പക്ഷേ വായനക്കാരെ ഇത്രമാത്രം സ്തബ്ദരാക്കുവാനുള്ള അത്ഭുതാവഹമായ ശേഷിയുണ്ടെന്ന തിരിച്ചറിവില്‍ എഴുത്തുകാരന്റെ കരവിരുതിനു മുന്നില്‍ നാം പ്രണമിച്ചു പോകുന്നു.

         

          കരവിരുത് ! എഴുതി വന്നപ്പോള്‍ മുന്‍വാചകത്തില്‍ ഞാനങ്ങനെയൊരു വാക്കുപയോഗിച്ചത് വലിയൊരു ചിന്തയുടെ അടിസ്ഥാനത്തിലൊന്നുമല്ലായിരുന്നുവെന്നതാണ് സത്യം. പക്ഷേ തൊട്ടടുത്ത നിമിഷം ആ വാക്കു ഉണര്‍ത്തിവിടുന്ന അത്ഭുതകരമായ വിതാനങ്ങളെക്കുറിച്ച് ഞാന്‍ ജാഗരൂകനായി.  ജീവിതത്തിലെ അതിസാധാരണമായ മൂഹൂര്‍ത്തങ്ങളെ നൊടിനേരം കൊണ്ട് ഒരിക്കലും മാഞ്ഞുപോകാത്ത വിധത്തില്‍ അടയാളപ്പെടുത്തുവാന്‍ ശേഷിയുള്ള ചിലരുണ്ട്. ഒരുദാഹരണം നോക്കൂ : -

 

ആ പൂവ് നീയെന്തു ചെയ്തു?..........?
ഏതുപൂവ് ?”
രക്ത നക്ഷത്രം പോലെ കടും ചൊമപ്പായ ആ പൂവ് ?”
ഓ അതോ ?”
അതെ, അതെന്ത് ചെയ്തു?”
തിടുക്കപ്പെട്ടു അന്വേഷിക്കുന്നതെന്തിനു ?”
ചവിട്ടി അരച്ചുകളഞ്ഞോ എന്നറിയാന്‍?”
കളഞ്ഞെങ്കിലെന്ത്?”

            ഇത്രയും ഭാഗം ഏറ്റവും സാധാരണമായ ജീവിത സന്ദര്‍ഭങ്ങളെ മാത്രമാണ് അടക്കം ചെയ്തിരിക്കുന്നത്. അസ്വഭാവികമായ എന്തെങ്കിലുമൊന്ന് നമുക്ക് ഈ വാചകങ്ങളില്‍ കണ്ടെത്താന്‍ കഴിയുന്നില്ല. എന്നാല്‍ ഒരു നിമിഷം ബഷീര്‍ ഈ ലോകത്തെയാകമാനം തകിടം മറിക്കാന്‍ ശേഷിയുള്ള ഒരു പ്രയോഗം ഇവിടെ നടത്തുകയാണ്. ഓ ഒന്നുമില്ല, എന്റെ ഹൃദയമായിരുന്നു അത് ! അതോടെ നാം നേരത്തെ പരിചയപ്പെട്ട തികച്ചും സാധാരണമായ ഒരു സംഭാഷണ ശകലത്തിനുമുകളില്‍ സഹസ്രശോഭയോടെ ഒരു പ്രഭ പ്രസരിക്കാന്‍ തുടങ്ങുന്നു. കാവാലത്തിന്റെ വിഖ്യാതമായ പുലരിത്തൂമഞ്ഞുതുള്ളിയിൽ പുഞ്ചിരിയിട്ടു പ്രപഞ്ചംഎന്ന പ്രയോഗമുണ്ടല്ലോ ! ഒരു നിമിഷം കൊണ്ട് ഒരു നിസ്സാരതയെ ലോകോത്തരമൂല്യമുള്ള മറ്റൊന്നാക്കി മാറ്റുന്ന മാന്ത്രികത , ആ മാന്ത്രികതയാണ് ഓ ഒന്നുമില്ല,എന്റെ ഹൃദയമായിരുന്നു അത് ! എന്ന ഒരൊറ്റ വാചകത്തിലൂടെ ബഷീര്‍ സാധിച്ചെടുക്കുന്നത്. ബഷീറിന്റെ കരവിരുത് സൃഷ്ടിച്ച മാസ്മരികമായ ഒരു മുഹൂര്‍ത്തം എത്രയെത്രെ സഹൃദയന്മാരെ ആഹ്ലാദത്തിന്റെ അനന്തവിഹായസ്സിലുകളിലേക്ക്  പറത്തി വിട്ടില്ല ?  അത്തരത്തിലൊരു അനുഭൂതി പ്രപഞ്ചമാണ് ലോലയിലും പത്മരാജന്‍ ആവിഷ്കരിക്കുന്നത്.

            എന്നാല്‍ പത്മരാജനാകട്ടെ ലോലയില്‍ അത്തരത്തിലുള്ള ഒന്നിലധികം മുഹൂര്‍ത്തങ്ങളെ ഇണക്കിവെച്ചിട്ടുണ്ട്. ഒരൊറ്റ സന്ദര്‍ഭം നോക്കുക . മെര്‍ലിന്‍ മണ്‍റോ എന്ന വിഖ്യാത അഭിനേത്രി ആത്മഹത്യ ചെയ്യുന്നു. അന്ന് കഥാനായികയായ ലോല പറഞ്ഞത് ഒരു വിഡ്ഢിയായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ താരം എന്നാണ്. എന്നാല്‍ പത്മരാജന്‍ ലോലയെ അവിടെ നിര്‍ത്തിയില്ല. ലോലയെക്കൊണ്ടുതന്നെ ഞാനും ആ വിഡ്ഢിത്തം കാട്ടും എന്നാണ് എനിക്ക് തോന്നുന്നത് എന്ന് പറയിപ്പിച്ചിട്ടേ അദ്ദേഹം അടങ്ങുന്നുള്ളു. വിഡ്ഢിത്തമെന്ന് ഒരിക്കല്‍ പുലമ്പിയ അതേ അവസ്ഥയിലേക്ക് അവളെ ആനയിച്ചു കൊണ്ട് ജീവിതത്തിന്റെ അത്യന്തം ദുര്‍ഗ്രഹമായ വഴികളില്‍ ഒന്നു മുട്ടിനിന്നുപോകാത്തവര്‍ ആരുമില്ലെന്ന് പറയിപ്പിക്കുകയായിരുന്നുവോ പത്മരാജന്‍ ? എന്തായാലും ലോല അത്തരത്തില്‍ ചിന്തിക്കുന്നുവെന്നത് കഥയ്ക്ക് കൂടുതല്‍ മുറുക്കം നല്കുന്നുണ്ട് എന്നത് വസ്തുതയാണ്.

          മഞ്ഞുതുള്ളിയില്‍ വൈരം പതിപ്പിച്ച് വിലമതിക്കാനാകാത്ത വസ്തുവാക്കി മാറ്റുന്ന പോലെ ചെറിയ ചെറിയ മുഹൂര്‍ത്തങ്ങളുടെ മുകളില്‍ പത്മരാന്‍ പലയിടത്തായി ഇത്തരം അത്ഭുതക്കാഴ്ചകള്‍ ഒരുക്കിവെച്ചിട്ടുണ്ട്. അത്തരത്തിലുള്ള കുഞ്ഞു കുഞ്ഞു വൈരക്കല്ലൂകള്‍ ചേര്‍ത്ത് ഒരു വലിയ പ്രകാശ പ്രളയത്തെ സൃഷ്ടിച്ചുകൊണ്ടാണ് അദ്ദേഹം ലോല അവസാനിപ്പിക്കുന്നത്. അതിങ്ങനെയാണ് വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. നീ മരിച്ചതായി ഞാനും ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക

      ആ അവസാനവാക്കുകളല്ലേ ഒരു പക്ഷേ പത്മരാജനെ മറന്നാലും ലോലയെ അനശ്വരയാക്കി മാറ്റിയത് ? ആണ് എന്ന് ഞാന്‍ പറയും   

 

 

 

|| #ദിനസരികള് - 112-2025 ജൂലൈ 27 മനോജ് പട്ടേട്ട് ||

 

 

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍