ഛത്തീസ്ഗഢിലെ
ബി ജെ പി സര്‍ക്കാര്‍ മലയാളികളായ രണ്ടു കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത്
ജയിലിലടച്ചത് സഭാ നേതൃത്വത്തെ ഇരുത്തിച്ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുമെങ്കില്‍
ആ രണ്ടു കന്യാസ്ത്രീകളുടെ ജയില്‍വാസം സാര്‍ത്ഥകമായി എന്നുതന്നെ പറയണം.
ഞാനിപ്പറയുന്നത് ഹിന്ദുത്വയുടെ ഈ നിയമവിരുദ്ധമായ നടപടിയെ ഏതെങ്കിലും വിധത്തില്‍
ന്യായീകരിക്കുവാനോ ലഘൂകരിക്കുവാനോ അല്ല, മറിച്ച് എത്ര ഉച്ചത്തില്‍ നിലവിളിച്ചു
പറഞ്ഞാലും ആര്‍ എസ് എസിനേയും അവര്‍ പോറ്റിപ്പുലര്‍ത്തുന്ന അസംഖ്യം
പരിവാരസംഘടനകളേയും വേണ്ട വിധത്തില്‍ മനസ്സിലാക്കുവാനും പ്രതികരിക്കുവാനും
ശ്രമിക്കാത്ത സഭാ നേതൃത്വത്തിന്റെ കഴിവുകേടിനെ കൂടുതലായി വെളിപ്പെടുത്തുന്നതിനാണ്.
തിരുവസ്ത്രം പോലും
ധരിച്ച് സഞ്ചരിക്കാന്‍ കഴിയാത്ത ഒരു സാഹചര്യം ഛത്തീസ്‍ഗഡ് അടക്കമുള്ള
സംസ്ഥാനങ്ങളില്‍ നിലനില്ക്കുമ്പോഴാണ് കേരളം പോലെ മതനിരപേക്ഷതയ്ക്ക് പേരുകേട്ട ഒരു
സംസ്ഥാനത്ത് ബി ജെ പി അനുകൂല പ്രസ്ഥാവനകളും പ്രതികരണങ്ങളുമായി കൃസ്ത്യന്‍ മതവിഭാഗം
മുന്നോട്ടു വന്നിരിക്കുന്നത്. എന്നുമാത്രവുമല്ല തിരഞ്ഞെടുപ്പിലടക്കം
സഹായിച്ചുകൊണ്ട് സംഘപരിവാരത്തിന് രാഷ്ട്രീയാധികാരം ലഭ്യമാക്കുവാനാവശ്യമായ
നീക്കങ്ങളും സഭാപിതാക്കന്മാരുടെ ആശീര്‍വാദത്തോടെ നടക്കുന്നു. ഇക്കഴിഞ്ഞ ലോകസഭ
തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ നിന്നും ബി ജെ പിയ്ക്ക് ഒരു എംപിയുണ്ടാകുവാനുള്ള
പ്രധാന കാരണം കൃസ്ത്യന്‍ ന്യൂനപക്ഷ വോട്ടുകളുടെ സഹായമായിരുന്നു എന്ന്
നമുക്കറിയാം. അതൊടൊപ്പം കാസ പോലെയുളള നികൃഷ്ട സംഘടനകളിലൂടെ മുസ്ലിംവിരുദ്ധ
പ്രചാരണങ്ങള്‍ നടത്തുന്ന കാര്യത്തില്‍ ആര്‍ എസ് എസിനോട് മത്സരിക്കുവാനും സഭയ്ക്ക്
കഴിഞ്ഞിട്ടുണ്ട്.
അത്തരം സന്ദര്‍ഭങ്ങളിലൊക്കെ
കേരളത്തിലെ മതനിരപേക്ഷ നവോത്ഥാന മനസ്സ് സഭയുടെ നിലപാടുകളിലെ അപകടം
ചൂണ്ടിക്കാണിക്കുവാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അവയെല്ലാം തന്നെ കേവലം
വനരോദനങ്ങളായി മാറി. സഭ പാംപ്ലാനിമാരുടെ പിടിയില്‍ പരിപൂര്‍ണമായും അമര്‍ന്നു.
സഭാപിതാക്കന്മാര്‍ പ്രത്യക്ഷമായിത്തന്നെ ബി ജെ പി ആര്‍ എസ് എസ് അനുകൂല
സമീപനങ്ങളുമായി മുന്നോട്ടു വന്നതോടെ പൊതുവേ അല്മായര്‍ക്ക്
ഹിന്ദുത്വവാദികളോടുണ്ടായിരുന്ന എതിര്‍പ്പും കുറഞ്ഞു വന്നു. അതോടൊപ്പം ഊതവീര്‍പ്പിച്ച്
പ്രചരിപ്പിക്കപ്പെട്ട ഇസ്ലാം വിരുദ്ധത കൂടിയായപ്പോള്‍ അതുവരെ കൃസ്ത്യന്‍
മതന്യൂനപക്ഷം സ്വീകരിച്ചുപോന്നിരുന്ന മൂല്യങ്ങളെല്ലാം കുഴമറിഞ്ഞു.
ഇപ്പോള്‍ കന്യാസ്ത്രീകളുടെ
അറസ്റ്റിനെത്തുടര്‍ന്ന് വ്യാപക പ്രതിഷേധങ്ങളുമായി കുഞ്ഞാടുകള്‍
രംഗത്തിറങ്ങിയിരിക്കുന്നു. എന്നാല്‍ ഈ അറസ്റ്റ് വരാനിരിക്കുന്ന അപകടങ്ങളുടെ
തുടക്കം മാത്രമാണ് എന്ന കാര്യം സുവ്യക്തമാണ്. മനുഷ്യക്കടത്തും മതപരിവര്‍ത്തനവും
ആരോപിച്ചാണ് പോലീസ് കേസെടുത്തിരിക്കുന്നത്.ഇത് ഇനിയും ആവര്‍ത്തിക്കപ്പെടുമെന്ന കാര്യത്തില്‍
സംശയമില്ല. സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാനോ സ്വന്തം മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനോ
കഴിയാത്ത ഒരു സാഹചര്യത്തിലേക്ക് ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ ഏറെ താമസിയാതെ
എത്തിച്ചേരും എന്നതുറപ്പാണ്. അപ്പോഴും തമ്മില്‍ തല്ലുന്നതില്‍ തന്നെയായിരിക്കും
ഇക്കൂട്ടരു ശ്രദ്ധ ! ഇനിയെങ്കിലും ശത്രുവിനേയും മിത്രത്തേയും തിരിച്ചറിയാന്‍
സഭയ്ക്ക് കഴിയട്ടെ എന്നല്ലാതെ എന്തുപറയാന്‍
|| #ദിനസരികള് – 115 - 2025 ജൂലൈ 30 മനോജ് പട്ടേട്ട് ||
Comments