(ഇത് ഹെമിംഗ് വേയുടെ കിഴവനും കടലും (The Old Man and the Sea ) എന്ന നോവലിന്റെ സ്വതന്ത്രപരിഭാഷയാണ്. സ്വതന്ത്രമെന്നു പറഞ്ഞാല്‍ തികച്ചും സ്വതന്ത്രം എന്നു തന്നെയാണ് അര്‍ത്ഥം. ഒരു തരം മാറ്റിയെഴുത്ത് എന്നു പറഞ്ഞാലും തെറ്റില്ല ! എന്നാല്‍ ഹെമിംഗ് വേ ആവിഷ്കരിച്ച അസാധാരണമായ ജീവിത സാഹചര്യങ്ങളെ അത്രതന്നെ ആഴത്തില്‍ അനുഭവിപ്പിക്കുവാന്‍ ശ്രമം നടത്തിയിട്ടുമുണ്ട്. ജയപരാജയങ്ങള്‍ പറയേണ്ടത് പ്രിയപ്പെട്ട സുഹൃത്തുക്കളാണ്. ഉപദേശ നിര്‍‌‍ദ്ദേശങ്ങള്‍ നല്കി കൂടെ നില്ക്കുമല്ലോ )

The Old Man and the Sea

കടല്‍ ശാന്തമായിരുന്നു. തന്റെ ചെറിയ തോണിയുടെ ഇരിപ്പു പലകയില്‍ ഒരല്പം മുന്നോട്ടു കുനിഞ്ഞിരുന്ന അയാള്‍ തല പതിയെ മുകളിലേക്കുയര്‍ത്തി. മുഖം ഇടത്തേക്കും വലത്തേയ്ക്കും തിരിച്ചു. നോക്കെത്താ ദൂരത്തോളം കടല്‍ ആകാശത്തെ പ്രതിബിംബിച്ച് ശാന്തമായി കിടന്നു. എണ്‍പത്തിനാലു ദിവസം ! ഒരു പൊടിമീനിനെപ്പോലും പിടിക്കാനാകാതെ എണ്‍പത്തിനാലുദിവസം പിന്നിട്ടിരിക്കുന്നു. അയാള്‍ ദീര്‍ഘമായി ഒന്നു നിശ്വസിച്ചു. ആദ്യദിവസങ്ങളില്‍ അയാളോടൊപ്പം ഒരു പയ്യനുമുണ്ടായിരുന്നു. എന്നാല്‍ നാല്പതുദിവസത്തോളം ഒരു മീനിനെപ്പോലും കിട്ടാതെ വന്നപ്പോള്‍ ഇനി അയാളുടെ കൂടെ കടലില്‍ പോകേണ്ട എന്ന് കുട്ടിയുടെ മാതാപിതാക്കള്‍ അവനെ വിലക്കി. അവര്‍ അവനെ മറ്റൊരു ബോട്ടിലയച്ചു. ആ ബോട്ടുകാരാകട്ടെ ആദ്യദിവസം തന്നെ നല്ലൊരു കൊയ്തുനടത്തുകയും ചെയ്തു.

വൈകുന്നേരങ്ങളില്‍ പതിവുപോലെ ഒഴിഞ്ഞ തോണിയും കൂടകളുമായി അയാള്‍ വരുന്നതു കാണുമ്പോള്‍ പയ്യന് വിഷമം വരും. അയാളെ സഹായിക്കാനായി അവന്‍ അടുത്തു ചെല്ലും. തോണിയില്‍ നിന്നും തുഴയോ ചൂണ്ടകള്‍ പുറത്തെടുക്കുവാനോ പാമരത്തില്‍ നിന്നും പായ അഴിച്ചെടുക്കുവാനോ ഓക്കെ അയാളെ സഹായിക്കും. ചാക്കുകഷണങ്ങള്‍ കൊണ്ട് കൂട്ടിത്തുന്നിയതായിരുന്നു അയാളുടെ പായ ! അത് പലയിടങ്ങളിലും കീറിയും ഇഴയഴിഞ്ഞും നിരന്തരപരാജയത്തിന്റെ അടയാളക്കൊടിപോലെ പാറിക്കിടന്നു.

അയാള്‍ വെയിലുകൊണ്ട് കരിവാളിച്ചിരുന്നു. കഴുത്തിനു പിന്നിലെ തൊലിയാകെ ചുരുണ്ടുപോയിരുന്നു. കടുത്ത വെയില്‍ കവിളുകളില്‍ മാത്രമല്ല കഴുത്തിലും മാറിലും കൈകാലുകളിലുമൊക്കെ പാടുകള്‍ വീഴ്ത്തിയിരുന്നു. അയാളുടെ കൈകളിലാകട്ടെ , വലിയ മീനുകളെ തുടര്‍ച്ചയായി വലിച്ചെടുക്കുമ്പോളുണ്ടാകുന്ന അടയാളങ്ങള്‍ ധാരാളമായിട്ടുണ്ടായിരുന്നു. എന്നാല്‍ അവയൊന്നും തന്നെ അടുത്ത കാലങ്ങളിലുണ്ടായതല്ല , മറിച്ച് ഏതോ വിദൂരഭൂതകാലങ്ങളിലെ സുഖമുള്ള ഓര്‍മ്മകളുടെ അടയാളങ്ങളായിരുന്നു.

അയാള്‍ക്കു ചുറ്റുമുള്ള എല്ലാം തന്നെ പഴഞ്ചനായിരുന്നു. അയാളുടെ തോണി, തുഴ , വല, ചൂണ്ടകള്‍ , പാമരം, പായ, കത്തികള്‍ - അങ്ങനെ എല്ലാം എല്ലാം തന്നെ പഴഞ്ചനായിരുന്നു. എന്നാല്‍ അയാളുടെ കണ്ണുകളിലെ തിളക്കം മാത്രം അപ്പോഴും പുതിയതായിരുന്നു. അവ കടലിന്റെ ആഴമുള്ള നീലിമയെ പ്രതിഫലിപ്പിച്ചുകൊണ്ട് അപരാജിതനായ ഒരു പോരാളിയുടെ കണ്ണുകളെന്ന പോലെ വെല്ലുവിളികളെ നേരിടാന്‍ ഒരുങ്ങി നിന്നു.
"സാന്റിയാഗോ " തോണി കരയിലേക്ക് വലിച്ചു കയറ്റുന്നതിനിടയില്‍ പയ്യന്‍ അയാളെ വിളിച്ചു " എന്റെ കൈയ്യില്‍ കുറച്ചു പണമുണ്ട്. അതുകൊണ്ട് എനിക്ക് വീണ്ടും നിങ്ങളോടൊപ്പം വരാന്‍ കഴിയും" അവന്‍ പറഞ്ഞു. അവനെ മീന്‍ പിടിക്കാന്‍ പഠിപ്പിച്ചത് ആ ചെറിയ , വൃദ്ധനായ മനുഷ്യനാണ്. അതുകൊണ്ടുതന്നെ അയാളോട് അവന് സ്നേഹമുണ്ട്.
"വേണ്ടെടാ വേണ്ടനീയിപ്പോള്‍ ഭാഗ്യമുള്ളവരുടെ കൂടെയാണ്. അവിടെത്തന്നെ നില്ക്കുന്നതാണ് നിനക്ക് നല്ലത്" വൃദ്ധന്‍ പറഞ്ഞു.
"അതൊന്നും സാരമില്ല. എണ്‍പത്തിയേഴു ദിവസം ഒരു മീന്‍ പോലും പിടിക്കാനാകാതെ നമ്മള്‍ കഴിഞ്ഞത് മറന്നുപോയിട്ടില്ലല്ലോ... പിന്നീട് തുടര്‍ച്ചയായി നമുക്ക് ധാരാളം മീന്‍ കിട്ടിയിട്ടുമുണ്ട്. അതുകൊണ്ട് മീന്‍ കിട്ടാത്തതൊന്നും ഒരു പ്രശ്നമേയല്ല " അവന്‍ സാന്റിയാഗോവിനോട് പറഞ്ഞു.
"അതെയതെ... എനിക്ക് ഓര്‍മ്മയുണ്ട്...... എന്നെ വിട്ടുപോകാന്‍ നിനക്ക് ഇഷ്ടമുണ്ടായിരുന്നില്ലല്ലോ "
"ഇല്ല.... പക്ഷേ പപ്പയാണ് നിര്‍ബന്ധിച്ചത്... അത് അനുസരിക്കുകയെന്നല്ലാതെ എനിക്കെന്ത് ചെയ്യാന്‍ കഴിയും… " അവന്റെ സ്വരത്തില്‍ ദുഖം കലര്‍ന്നിരുന്നു.
"എനിക്കറിയാം... എനിക്കറിയാം... " വൃദ്ധന്‍ പിറുപിറുത്തു

(തുടരും)

|| #ദിനസരികള് – 114 - 2025 ജൂലൈ 29 മനോജ് പട്ടേട്ട് || 

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍