ഒമ്പതുദിവസത്തിനു ശേഷം ഛത്തീസ്‌ഗഡ് സര്‍ക്കാര്‍ ജയിലിലടച്ച കന്യാസ്ത്രീകള്‍ക്ക് എന്‍ ഐ എ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നു. മതനിരപേക്ഷ മനസ്സുകള്‍ക്ക് കോടതിയുടെ വിധി ആശ്വാസകരമാണെങ്കിലും ന്യൂനപക്ഷങ്ങളുടെ ഭാവി ഇന്ത്യയില്‍ എന്തായിരിക്കും എന്ന ചോദ്യത്തിന് ബി ജെ പിയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്ന ഉത്തരമാണ് ഈ കേസ്. അതായത് ഇനി ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങളുടെ ഭാഗത്തുനിന്നുള്ള സാമൂഹ്യ സേവനങ്ങളും ആ തരത്തിലുള്ള ഇടപെടലുകളും ആവശ്യമില്ല എന്നാണ് ഈ കേസ് നല്കുന്ന സന്ദേശമെന്ന് നിസ്സംശയം പറയാം.

 

            വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനം നടക്കുന്നുവെന്ന സംഘപരിവാരത്തിന്റെ വിലാപങ്ങള്‍ക്ക് ഏറെ കാലത്തെ പഴക്കമുണ്ട്. ഒത്തുകിട്ടിയ ഒരവസരം അവര്‍ സമര്‍ത്ഥമായി ഉപയോഗിച്ചു എന്നുമാത്രമേയുള്ളു. അതോടെ മതപരിവര്‍ത്തനവും ബന്ധപ്പെട്ട വിഷയങ്ങളും വീണ്ടും പൊതുസമൂഹത്തില്‍ ചര്‍ച്ചയാക്കുവാനും മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ശക്തമായ സന്ദേശം നല്കുവാനും അവര്‍ക്കു കഴിഞ്ഞു. എന്താണോ ഈ അറസ്റ്റും ജയില്‍വാസവുംകൊണ്ട് അവരുദ്ദേശിച്ചത് നേടാന്‍ അവര്‍ക്കു സാധിച്ചു എന്നര്‍ത്ഥം.

           

            കേരളത്തിലെ ബി ജെ പിയുടെ വെപ്രാളം ഇക്കാര്യത്തില്‍ നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രത്യേക ദൂതനായി അവതരിക്കുന്നു. പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍  അമിത് ഷായുമായി സംസാരിച്ചതായി അറിയിക്കുന്നു.ബി ജെ പിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി  അനൂപ് ആന്റണി ഛത്തീസ് ഗഡ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നു. അങ്ങനെ കേരളത്തിലെ സംഘപരിവാരമാകെത്തെന്നെ കൃസ്ത്യാനികളോടൊപ്പമാണെന്ന പ്രഖ്യാപനം വരുന്നു. ഭാര്യയെ പ്രസവത്തിന് അകത്തു കയറ്റിയാല്‍ പുറത്തു നിന്ന് വേദന അനുഭവിച്ച് ഞെരിപിരി കൊള്ളുന്ന ചില ഭര്‍ത്താക്കന്മാരെ കണ്ടിട്ടില്ലേ ? ആ വേദനയുടെ കാരണം താനാണെന്നതുപോലും മറന്നുകൊണ്ടാണ് അത്തരക്കാരുടെ ഭാവാഭിനയം പൊടിപൊടിക്കുന്നത്. അതുപോലെയാണ് കേരളത്തിലെ ബി ജെ പി നേതാക്കള്‍ പ്രസ്തുത വിഷയവുമായി ഓടി നടന്നത്. എതിര്‍ പാര്‍ട്ടിയില്‍ പെട്ട ആരോ ആണ് ഛത്തീസ് ഗഡ് ഭരിക്കുന്നത് എന്ന മട്ടിലായിരുന്നു അവരുടെ ഇടപെടല്‍ ! അതായത്, 2006 ല്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമം തെറ്റായി ഉപയോഗിച്ചുകൊണ്ട് ബി ജെ പിയുടെ സര്‍ക്കാറാണ് കന്യാസ്ത്രീകളെ ജയിലിലടച്ചത് എന്ന കാര്യം കേരളത്തിലെ ബി ജെ പിക്കാര്‍ മനപ്പൂര്‍വ്വമങ്ങ് മറന്നു !

 

            കേരളത്തിലെ ബി ജെ പി ഈ വിഷയത്തില്‍ നടത്തിയ ഓട്ടപ്പാച്ചിലിനു പിന്നിലെ രഹസ്യമെന്താണെന്ന് മനസ്സിലാക്കുവാന്‍ അത്ര വലിയൊരു വൈഭവമൊന്നും ആവശ്യമില്ല. കൃസ്ത്യന്‍ ന്യൂനപക്ഷത്തെ ഒപ്പം നിറുത്തുവാന്‍ മുട്ടിലിഴയുന്ന ബി ജെ പിക്കാരെ നാം ധാരാളമായി കണ്ടിട്ടുമുണ്ടല്ലോ ? എന്നാല്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ കൃസ്ത്യന്‍ മതന്യൂനപക്ഷം ഇനി ബി ജെ പിയോട് , സംഘപരിവാരത്തോട് എന്ത് നിലപാടും സ്വീകരിക്കും എന്ന ചോദ്യമാണ് ഈ വിഷയത്തില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത്. ഛത്തീസ് ഗഡ് സംഭവം വരാനിരിക്കുന്ന ഒരു കാലത്തിന്റെ സൂചനയായിക്കണ്ടുകൊണ്ട് മതനിരപേക്ഷതയേയും ജനാധിപത്യത്തേയും ശക്തിപ്പെടുത്തുന്ന രാഷ്ട്രീയ നിലപാടു സ്വീകരിക്കുമോ അതോ ബി ജെ പിയെ അധികാരത്തിലെത്തിക്കുന്ന, മുസ്ലിം വിരുദ്ധതയിലൂന്നിയ "തൃശ്ശൂര്‍ പണി"  തുടരുമോ ?  സഭയാണ് ഉത്തരം പറയേണ്ടത്.

           

|| #ദിനസരികള് – 118 - 2025 ആഗസ്റ്റ് 02 മനോജ് പട്ടേട്ട് ||

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍