സുനില്‍ പി ഇളയിടത്തിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കുന്നത് ഒരു‌ ഹരമായി കൊണ്ടുനടക്കുന്നവര്‍ ധാരാളമുണ്ട്. ആ പ്രഭാഷണങ്ങളില്‍ നിന്നും പല ഭാഗങ്ങളും കാണാപ്പാഠം പഠിച്ച് സ്ഥാനത്തും - ചിലപ്പോഴൊക്കെ അസ്ഥാനത്തും - ഉദ്ധരിച്ചു നടക്കുന്നവരുമുണ്ട്. എന്തായാലും എല്ലാത്തരം ആളുകളേയും -ഒരു പക്ഷേ വിരുദ്ധ ആശയങ്ങള്‍ പിന്തുടരുന്നവരെപ്പോലും -  ആകര്‍ഷിക്കാനുള്ള ഒരു മാസ്മരികത അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ക്കുണ്ട് എന്ന കാര്യം നമുക്കറിയാം. പൊതുവേ പൊട്ടിത്തെറികളോ വെറുപ്പു വിതയ്ക്കലോ വെല്ലുവിളികളോ ഭള്ളുപറച്ചിലോ ഒന്നുമില്ലാതെ ആ പ്രഭാഷണം ഘനഗംഭീരമായ ഒരു നദീപ്രവാഹം അനുവാചകരിലേക്ക് ചെന്നുചേരുന്നു. ആ വാക്പ്രവാഹത്തില്‍ ഒരു കണികയെന്ന പോലെ കേള്‍ക്കുന്നവര്‍ ലയിച്ചു ചേരുന്നു. മനുഷ്യന്‍ മനുഷ്യനെ തൊടുമ്പോഴുണ്ടാകുന്ന ഒരാനന്ദമുണ്ടല്ലോ , ആ ആനന്ദത്തിലേക്ക് അവര്‍ കൂപ്പുകുത്തുന്നു.

 

            ആദ്യമൊക്കെ സുനില്‍ മാഷിന്റെ ഒരു പ്രഭാഷണം യൂട്യൂബില്‍  വന്നാല്‍ ആദ്യം കേട്ടവര്‍ ആരെങ്കിലുമൊക്കെ വിളിക്കും. യൂട്യൂബിലുണ്ട് കേട്ടില്ലേ എന്നായിരിക്കും അന്വേഷണം. കേട്ടില്ല എന്നു പറഞ്ഞാല്‍ എന്തോ കുറച്ചില്‍ പോലെയാണ്. അതുകൊണ്ട് കേട്ടുകൊണ്ടിരിക്കുന്നുവെന്നോ കേട്ടുവെന്നോ ഒക്കെയായിരിക്കും മറുപടി. കുറച്ചു കഴിഞ്ഞപ്പോള്‍ അത്തരം ചോദ്യങ്ങള്‍ക്ക് സുനില്‍‌ മാഷോ ? ഏയ് ഞാന്‍ കേള്‍ക്കാറില്ല എന്നു മറുപടി പറഞ്ഞു തുടങ്ങിയത് വിളിക്കുന്നവരെ അത്ഭുതപ്പെടുത്തി.വേണമെങ്കില്‍ ഇത്തിരിക്കൂടി കടത്തി ഞാനിപ്പോള്‍ സുനില്‍മാഷെയൊന്നും കേള്‍ക്കാറില്ല എന്നുകൂടി പറയും ! ഒരു തരം കുസൃതി. അതില്‍ ഒരല്പം ആനന്ദവുമുണ്ട്. എന്നാല്‍ സുനില്‍ മാഷോട് കടുത്ത വിയോജിപ്പുകള്‍ രേഖപ്പെടുത്തിയ അപൂര്‍വ്വം സന്ദര്‍ഭങ്ങളുമുണ്ട്. അതൊക്കെത്തന്നെ അതാതു സന്ദര്‍ഭങ്ങളില്‍ പരസ്യമാക്കിയതുമാണ്. എന്നാലും ഇടക്കിടയ്ക്ക് സുനിലിലേക്ക് മടങ്ങിച്ചെല്ലുന്നത് ചിന്തകള്‍ക്ക് നവോന്മേഷം തരുന്ന ഒന്നാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

 

            ഇപ്പോള്‍ ഞാന്‍ കേട്ടതില്‍ വെച്ച് ഏറ്റവും മനോഹരമായ ,  മനസ്സില്‍ തങ്ങി നില്ക്കുന്ന,  പ്രഭാഷണം ഏതാണ് ?  എന്നൊരു ചോദ്യം പ്രസക്തമാണ്. ധാരാളം വിഷയങ്ങളില്‍ ധാരാളം പ്രഭാഷണങ്ങള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. പൌരത്വഭേദഗതി ബില്ലുകളും ശബരിമല സ്ത്രപ്രവേശന വിവാദങ്ങളും കലയും സാഹിത്യവും ചരിത്രവും - അങ്ങനെയങ്ങനെ സുനില്‍ മാഷിന്റെ പ്രഭാഷണ വേദികളിലെ വിഷയങ്ങള്‍ അത്രത്തോളം വൈവിധ്യപൂര്‍ണമാണ്. അവയില്‍ നിന്നും ഏറ്റവും പ്രിയപ്പട്ടത് എന്നൊരു തെരഞ്ഞെടുപ്പ് വിഷമകരമാണെങ്കിലും നവോത്ഥാന സദസ്സിന്റെ ഭാഗമായി പാലക്കാട് വെച്ച് 2018 ല്‍ അദ്ദേഹം നടത്തിയ പ്രസംഗമാണ് എന്റെ മനസ്സില്‍ നിത്യഹരിതമായി വിളങ്ങി നില്ക്കുന്നതെന്ന് പറയാം. ജാതി മതവര്‍ഗ്ഗീയ ഭ്രാന്തില്‍ കേരളം ആടിയുലഞ്ഞ സന്ദര്‍ഭം ! കേരളത്തിന്റെ മുക്കിനും മൂലയ്ക്കും ജയ് വിളികളും സംസ്കാരസംരക്ഷണ പ്രഘോഷങ്ങളുമായി ഹിന്ദുത്വവാദികള്‍ അഴിഞ്ഞാടിയ കാലം ! സുപ്രിംകോടതി വിധിയെ മുന്‍നിറുത്തി കേരള സര്‍ക്കാറിനേയും ഇടതുപക്ഷത്തേയും തെരുവില്‍ വിചാരണ ചെയ്യുവാന്‍ എല്ലാ ഇടതുവിരുദ്ധ ശക്തികളും കൈകോര്‍ത്തു നിന്ന തീക്ഷ്ണകാലം. അതൊരു വല്ലാത്തൊരു പിരിമുറുക്കത്തിന്റെ കാലമായിരുന്നു.

           

            അക്കാലത്ത് സുനില്‍ പി ഇളയിടം  നടത്തിയ ആ പ്രസംഗമാണ് എന്റെ മനസ്സില്‍ എക്കാലവും നിറഞ്ഞു നില്‍ക്കുന്നതെന്ന് നിസ്സംശയം പറയാം. അതൊരു അത്യൂജ്ജ്വലമായ വാങ്മയമായിരുന്നു ! സമൂഹത്തില്‍ നിലനില്ക്കുന്ന മുഴുവന്‍ പിരിമുറുക്കങ്ങളേയും ആകെത്തുകയില്‍ ആവാഹിച്ചുകൊണ്ട് മനുഷ്യപക്ഷത്തു നിന്നുകൊണ്ട് എങ്ങനെയാണ് ആ വിഷയങ്ങളെ സമീപിക്കേണ്ടത് എന്ന് അദ്ദേഹം സംസാരിച്ചത് അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ തൊണ്ട പൊട്ടിക്കൊണ്ടായിരുന്നു. ഒരു പക്ഷേ അത്രയും വൈകാരികമായി അദ്ദേഹം നാളിതുവരെ മറ്റേതെങ്കിലുമൊരു പ്രഭാഷണം നടത്തിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. ഉള്ളുലച്ചുകൊണ്ട് പുറത്തേക്കു വന്ന ആ വൈഖരി അവിടെ തടിച്ചുകൂടിയിരുന്ന വന്‍ജനക്കൂട്ടത്തെ ജ്ഞാനസ്നാനം ചെയ്യിപ്പിച്ചു.  - അക്ഷരാര്‍ത്ഥത്തില്‍ തന്നെ അവിടെയൊരു ജനസമുദ്രം ഉണ്ടായിരുന്നു. സുനില്‍ മാഷിന്റെ പ്രഭാഷണം കേള്‍ക്കാന്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിയതും അവിടെയായിരിക്കണം  -  അന്ന് ആ പ്രഭാഷണം കേട്ടവര്‍ ആ നിമിഷം മുതല്‍ കൂടുതല്‍ നല്ല മനുഷ്യനായിട്ടുണ്ടാകും എന്ന് എനിക്ക് ഉറപ്പാണ്.

 

|| #ദിനസരികള് – 116 - 2025 ജൂലൈ 31 മനോജ് പട്ടേട്ട് ||

           

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍