--------------------------------------------

||നിമിഷ പ്രിയ - ചില മോചന ചിന്തകള് ||

 --------------------------------------------

          നിമിഷപ്രിയയുടെ മോചനത്തിനുവേണ്ടിയുള്ള തീവ്ര പ്രയത്നം രണ്ടുതരത്തിലുള്ള അഭിപ്രായങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടല്ലോ. ഒന്ന് അവരെ വധശിക്ഷയ്ക്കുതന്നെ വിധേയയാക്കണം. രണ്ട് എന്തുവിലകൊടുത്തും മോചിപ്പിക്കണം. എന്തു കാരണം കൊണ്ടാണെങ്കിലും ഒരു മനുഷ്യനെ 110 കഷണങ്ങളായി വെട്ടിനുറുക്കിക്കൊന്ന ഒരു സ്ത്രീയ്ക്ക് പരമാവധി ശിക്ഷതന്നെ ലഭിക്കണമെന്നതാണ് ഒന്നാമത്തെ ഭാഗക്കാരുടെ വാദംഎന്നാല്‍ നിരാലംബയായ ഒരു സ്ത്രീയെ നിര്‍ദ്ദാക്ഷിണ്യം പീഡിപ്പിച്ച ഒരാളെ രക്ഷപ്പെടാനുള്ള തത്രപ്പാടിനിടയില്‍ കൊന്നുപോയതാണെന്നും അതുകൊണ്ടുതന്നെ അവളെ മോചിപ്പിക്കുവാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണം എന്നുമാണ് രണ്ടാമത്തെ കൂട്ടര്‍ വാദിക്കുന്ന്. ഈ രണ്ടുനിലപാടുകളില്‍ ഏതാണ് ശരി എന്ന ചോദ്യം സാധാരണക്കാരനെ കുഴക്കുന്നതാണെന്ന കാര്യത്തില്‍ സംശയമില്ല.

         

          നിമിഷപ്രിയയുടെ കഥ വേദനാജനകമായ ഒന്നാണ്. ജോലിതേടിയാണ് 2012 ല്‍ യമനിലെത്തിയത്. ഒരു സ്ഥാപനത്തില്‍ അവര്‍ക്ക് ജോലി ലഭിക്കുകയും ചെയ്തു. അപ്പോഴാണ് യമന്‍ പൌരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ നിമിഷ പരിചയപ്പെടുന്നത്. ആ പരിചയം വളരുകയും അവര്‍ രണ്ടുപേരും കൂടി ഒരു ക്ലിനിക്ക് തുടങ്ങുവാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. സ്വഭാവികമായും ഗള്‍ഫ് നാടുകളിലടക്കം ഇങ്ങനെ സംരംഭങ്ങള്‍ തുടങ്ങുന്നുണ്ടെങ്കിലും കേവരം ആ രാജ്യത്തെ ഒരു പൌരനെ അന്ധമായി വിശ്വസിച്ചുകൊണ്ടാണ് ഇത്തരത്തിലൊരു പങ്കാളിത്ത സംരംഭം ആരംഭിക്കുന്നത്. നിയമപരമായി നിമിഷയ്ക്ക് ക്ലിനിക്കില്‍ യാതൊരു തരത്തിലുള്ള അവകാശവും ഉണ്ടായിരുന്നില്ല. സത്യത്തില്‍ ഇവിടംമുതല്‍ തന്നെ നിമിഷയ്ക്ക് പിഴച്ചുതുടങ്ങുകയാണ്. യെമനി കണ്ടപോലെയല്ലെന്നും മറ്റൊരാളാണെന്നും ഏറെ താമസിയാതെ അവള്‍ക്ക് ബോധ്യം വരുന്നു. നിമിഷയുടെ സമ്പാദ്യമെല്ലാം തന്നെ തന്നെ അയാള്‍ കൈയ്യടക്കുന്നു. അതോടൊപ്പം ലൈംഗിക പിഢനമടക്കമുള്ള ക്രൂരകൃത്യങ്ങളും യെമിനിയുടെ ഭാഗത്തു നിന്നുമുണ്ടാകുന്നു. വളരെ വിശ്വസ്തനായി നടിച്ച് നിമിഷയുടെ സര്‍വ്വതും അപഹരിച്ച അയാളുടെ പിടിയില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തില്‍ നിമിഷയ്ക്ക് യെമനിയെ കൊല്ലേണ്ടി വരുന്നു. മയക്കുമരുന്നു കുത്തിവെച്ചതേയുള്ളു , കൊന്നിട്ടില്ല എന്നാണ് നിമിഷ കോടതിയില്‍ ബോധിപ്പിച്ചത്. എന്തുതന്നെയായാലും വെട്ടിനുറുക്കിയ നിലയിലാണ് യെമനിയുടെ ശരീരം പോലീസ് കണ്ടെടുക്കുന്നത്.തുടര്‍ന്ന് യെമന്‍ സുപ്രിംകോടതി നിമിഷയെ കുറ്റക്കാരിയെന്ന് കണ്ടെത്തുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.

 

          ഇവിടെ നിമിഷയ്ക്ക് ഗുരുതരമായ പിഴവുകള്‍ ഉണ്ടാകുന്നത് കാണാം. ഒരു രാജ്യത്ത് നാം പ്രവേശിക്കുമ്പോള്‍ സ്വഭാവികമായും നാട്ടിലെ നിയമവ്യവസ്ഥയ്ക്ക് കീഴ്‌പ്പെട്ടുകൊണ്ടുവേണം അവിടെ പ്രവര്‍ത്തിക്കുവാന്‍. അതെത്ര കാടത്തം നിറഞ്ഞതോ നന്മ നിറഞ്ഞ ആകട്ടെ ആ നിയമത്തിന് വിധേയമായിക്കോളാം എന്ന ഉറപ്പിലാണ് നാം അവിടെ പ്രവേശനം നേടുന്നത്. കച്ചവടം ചെയ്ത് പണമുണ്ടാക്കുവാന്‍ തീരുമാനിക്കുന്നതോടെ നിമിഷ ആ നിയമവ്യവസ്ഥയെ ലംഘിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. പിന്നെ നടക്കുന്നതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും നിമിഷയ്ക്ക് മാത്രമാണ്. യെമന്‍ എന്ന രാജ്യത്തിന് തങ്ങളുടെ ഒരു പൌരനെ കൊന്നതുമാത്രമേ കണക്കിലെടുക്കേണ്ടതുള്ളു. അവര്‍ തമ്മിലുള്ള ബിസിനസ്സ് പരിഗണിക്കേണ്ട ബാധ്യതയേയില്ല. അതുകൊണ്ടുതന്നെ നിമിഷപ്രിയ ഒരു മനുഷ്യനെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി മാത്രമാണ്, അതുകൊണ്ടുതന്നെ ആ രാജ്യത്തെ നീതിവ്യവസ്ഥകളനുസരിച്ച്  വധശിക്ഷ അര്‍ഹിക്കുകയും ചെയ്യുന്നു.

 

            കൊന്നുവെന്നത് വസ്തുതയാണെന്നിരിക്കേ , ഒരു കൊലയാളിയെ രക്ഷപ്പെടുത്താന്‍ ഈ രാജ്യം ഇത്രയധികം പെടാപ്പാട് പെടേണ്ടതുണ്ടോ എന്ന ചോദ്യമുയരുന്നത് ഇവിടെയാണ്. അവരെ മോചിപ്പിച്ചുകൊണ്ടു വരുന്നത് കൊല്ലപ്പെട്ട മനുഷ്യനോടുള്ള നീതിനിഷേധമാണ് എന്ന വാദത്തിനും കഴമ്പുണ്ട്. എന്നാല്‍ യെമനിലെ ശരിയത്ത്  ന്യായവ്യവസ്ഥയനുസരിച്ച് കൊലക്കുറ്റത്തിന് കോടതികള്‍ വിധിക്കുന്ന വധശിക്ഷയില്‍ നിന്നും പോലും ഒരാള്‍ക്ക് രക്ഷപ്പെടുവാന്‍ പഴുതുണ്ട്. മോചനത്തിന് ഒരു നിശ്ചിത തുക നല്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് പ്രതിയുടെ കാര്യത്തില്‍ മാപ്പുനല്കുവാനും വിട്ടയയ്ക്കുവാനുമുള്ള തീരുമാനം എടുക്കുവാന്‍ കഴിയും. ഇതും യെമനിലെ നിയമവ്യവസ്ഥയുടെ ഭാഗമായതുകൊണ്ടുതന്നെ നമുക്കും അത് അംഗീകരിക്കേണ്ടിവരും. അതായത് നിമിഷപ്രിയയെ വധശിക്ഷയ്ക്ക് വിധേയയാക്കുവാനോ ശിക്ഷയില്‍ നിന്നുള്ള മോചനം നല്കുവാനോ യെമനിലെ വ്യവസ്ഥകള്‍ മാത്രമാണ് അടിസ്ഥാനമാകുക. അതുകൊണ്ട് എന്തുതീരുമാനവും നിയമത്തെ അംഗീകരിക്കുന്നതുതന്നെയാകും.

 

            ഒരാളെ കൊന്നയാളെ രക്ഷിക്കേണ്ടതുണ്ടോ എന്നൊരു ചോദ്യം കൂടിയുണ്ട്. കൊലയ്ക്ക് കൊല ,പല്ലിന് പല്ല്, കണ്ണിന് കണ്ണ് എന്നതൊക്കെ പ്രാകൃതമായ ഗോത്രീയ ചിന്തകളാണ്. ആധുനിക ജനസമൂഹം ഈ തരത്തിലുള്ള കാഴ്ചപ്പാടുകളെ പ്രോത്സാഹിപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ നിമിഷ പ്രിയയുടെ മോചനത്തിന് കഴിയാവുന്ന തരത്തില്‍ സഹായിക്കേണ്ടത് ഈ സമൂഹത്തിന്റെ കടമയാണ്. ഒരു മനുഷ്യനെ കൊന്ന കുറ്റത്തിനുള്ള ശിക്ഷ നല്കേണ്ടത് എങ്ങനെ എന്ന് ചിന്തിക്കേണ്ടതും ഈ സമൂഹം തന്നെയാണ്.

 

            എന്നാല്‍ ഒരു മുസ്ലിമായ ഒരാളെ കൊന്നിട്ട്  ഒരു അന്യമതസ്ഥയായ ഒരുവള്‍ രക്ഷപ്പെടാന്‍ പാടില്ല എന്ന തരത്തിലുള്ള വാദങ്ങളും കണ്ടു. ശുദ്ധമതഭ്രാന്ത് എന്നല്ലാതെ വേറെന്തു പറയാന്‍ !

           

           

 

         

 

 

 

|| #ദിനസരികള് - 102 -2025 ജൂലൈ 17 , മനോജ് പട്ടേട്ട് ||

 

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്