---------------

||ഓര്‍ക്കുക വല്ലപ്പോഴും||

---------------

           പത്താംക്ലാസിലെ ഓട്ടോഗ്രാഫ് ഒരു രസമുള്ള ഓര്‍മ്മയാണ്. കുറേക്കാലം അതെന്റെ കൈവശമുണ്ടായിരുന്നു. ഒന്നല്ല രണ്ട് ഓട്ടോഗ്രാഫുകളാണ് അന്ന് എനിക്കുണ്ടായിരുന്നത്. ഒരെണ്ണം പഴയ പാള നോട്ടുപുസ്തകം. ആ പുസ്തകത്തിലാണ് സഹപാഠികളും മറ്റു കൂട്ടുകാരുമൊക്കെ എഴുതിയിരുന്നത്. റോസ് വെല്‍വറ്റില്‍ പൊതിഞ്ഞ് ചുറ്റും നക്ഷത്രമൊക്കെ ഒട്ടിച്ച് നാലിഞ്ചു വീതിയും ഒരല്പം നീളവുമുള്ള സ്പെഷ്യല്‍ ബുക്കിലായിരുന്നു അധ്യാപകരും ഇത്തിരി കൂടുതല്‍ പ്രിയപ്പെട്ട കൂട്ടുകാരും അവരുടെ മൊഴികള്‍ രേഖപ്പെടുത്തിയത്. പാളപുസ്തകത്തിന്റെ ഒന്നാമത്തെ പേജില്‍ വലുതായി പലനിറത്തിലുള്ള സ്കെച്ചു പെന്‍സിലുകള്‍‌കൊണ്ട് ഓട്ടോഗ്രാഫ് എന്ന് വലുതായി എഴുതിവെച്ചിട്ടുണ്ടായിരുന്നതായി ഓര്‍ക്കുന്നു. ആ പേജിന്റെ അരികുകള്‍ തോറും തോരണങ്ങള്‍ തൂക്കിയപോലെ ചിത്രം വരച്ചു വെച്ചിരുന്നു. രണ്ടാമത്തേത് കൈക്കുറ്റപ്പാട് പതിയേണ്ട ഒന്നായിരുന്നില്ല. അതില്‍ നിറങ്ങള്‍ എല്ലാംതന്നെ അച്ചടിച്ചു വെച്ചിട്ടുണ്ടായിരുന്നു. നിശ്ചിത സ്ഥലത്ത് സ്വന്തംപേര് ഒന്നെഴുതി ചേര്‍ക്കുക എന്ന കാര്യമേ ചെയ്യാനുണ്ടായിരുന്നുള്ളു

 

   ഓട്ടോഗ്രാഫ് ബുക്കുകള്‍ ഏറ്റവും പ്രിയപ്പെട്ടവര്‍ക്ക് ആദ്യമാദ്യം കൊടുക്കും. അവര്‍ എഴുതി തിരിച്ചു തന്നതിനു ശേഷമാണ് മറ്റുള്ളവര്‍ക്ക് എഴുതാനായി കൊടുക്കുക. ഞാന്‍ മാത്രമല്ല , എല്ലാവരും അങ്ങനെയായിരുന്നു. ചിലര്‍ ചിത്രം വരച്ചു നല്കും. ചിലര്‍‌ സിനിമാ പാട്ടുകള്‍ എഴുതിവെയ്ക്കും. കവിതകളുടെ വരികളും നോവല്‍ ശകലങ്ങളുമൊക്കെ ധാരാളമായിട്ടുണ്ടാകും . ആത്മീയാചാര്യന്മാരുടെ ഉപദേശങ്ങളും അക്കൂട്ടത്തിലുണ്ടാകും. എന്നാല്‍ അക്കൂട്ടത്തില്‍ ഏറ്റവും ജനകീയവും ഏഖദേശം എല്ലാത്തിലും ഉള്ളതുമായ ഒന്നായിരുന്നു ഓര്‍ക്കുക വല്ലപ്പോഴും എന്നത്. പി ഭാസ്കരന്‍ മാസ്റ്ററിന്റെ കവിതയാണെന്നൊന്നും അറിയാതെ അതങ്ങനെ എല്ലാവരും പകര്‍ത്തി വെയ്ക്കും. എന്റെ ഒരു കൂട്ടുകാരന്‍ അവന്റെ ഓട്ടോഗ്രാഫിലെ എല്ലാ പേജിലും ഓര്‍ക്കുക വല്ലപ്പോഴും എന്ന് ആവര്‍ത്തിച്ചെഴുതി മാര്‍ജിന്‍ പോലെ വരച്ചു ചേര്‍ത്തിരുന്ന കാര്യം ഓര്‍ക്കുന്നു. അധ്യാപകര്‍ എഴുതിത്തരുന്നത് പലപ്പോഴും ഒരു ബെസ്റ്റ് വിഷസില്‍ ഒതുങ്ങും. കുറച്ചുപേര്‍ ചില ഇംഗ്ലീഷ് കവിതാശകലങ്ങള്‍ കുറിയ്ക്കും ! The woods are lovely, dark and deep,  But I have promises to keep,   And miles to go before I sleep,   And miles to go before I sleep എന്ന വരികള്‍ക്ക് വലിയ ഡിമാന്റുണ്ടായിരുന്നു. പ്രത്യേകിച്ചും അവസാന വരികള്‍  !

 

          ഓര്‍മ്മയിലേക്ക് വരുന്ന ചില പ്രയോഗങ്ങള്‍ കൂടിയുണ്ട്. ഭാവിജീവിതം ഭാസുരമാക്കുവാന്‍ ഭാവനയുടെ മകള്‍ ഭാമിനിയെ വിവാഹം കഴിക്കുക , ഓടുന്ന ബസ്സിന്റെ പിന്നാലെ ഓടിയാലും ചാടുന്ന പെണ്ണിന്റെ പുറകേ പോകരുത് , ഓര്‍ക്കാന്‍ നല്ല മനസ്സുള്ളപ്പോള്‍ എന്തിനാണീ ചിതലരിക്കുന്ന ഓട്ടോഗ്രാഫ്  , പുഞ്ചിരിക്കുന്ന പൂവിലുമുണ്ട് വഞ്ചനയുടെ ലാഞ്ചന, വിഷാദമനസ്സേ വിരോധമരുതേ വിധിയുണ്ടെങ്കില്‍ വീണ്ടും കാണാം എന്നു തുടങ്ങി പലതും ഇപ്പോഴും മനസ്സിലുണ്ട്. ഏറെക്കാലം വളരെ പ്രിയത്തോടെ ഈ കുറിമാനങ്ങള്‍ സൂക്ഷിച്ചു വെച്ചും ഇടക്കിടെ പൊടിതട്ടിയെടുത്ത് ലാളിച്ചും കൊണ്ടു നടന്നു. പിന്നെപ്പിന്നെ പേജുകള്‍ക്ക് മഞ്ഞ നിറം കലര്‍ന്നു. എഴുത്തുകളുടെ മിഴിവ് ഇടിഞ്ഞു. അരികുകള്‍ ചുളുങ്ങി. പേജുകള്‍ പറിഞ്ഞു. അവ ഓരോന്നോരോന്നായി അടര്‍ന്നുമാറി എങ്ങൊക്കെയോ നഷ്ടപ്പെട്ടു. പിന്നീട് ഒരു നാള്‍ ആ പുസ്തകങ്ങളും കാണാതായി. ചില ഓര്‍മ്മകള്‍ ബാക്കി നില്ക്കുന്നു, ഇനിയൊരിക്കല്‍ അവയും കാണാതാകും ! അത്രമാത്രം !

 

 

|| #ദിനസരികള് - 105 -2025 ജൂലൈ 19 , മനോജ് പട്ടേട്ട് ||

 

 

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്