-----------------------------------------------------------
||ദുരന്തക്കണ്ണുനീരില്‍ കപ്പലോട്ടം നടത്തുന്നവര്‍
||
-----------------------------------------------------------
ദുരന്തങ്ങളെ മുതലെടുപ്പിനുള്ള അവസരമായി കാണണം
എന്ന് തന്റെ അണികള്‍ക്ക് നിര്‍ദ്ദേശം നല്കിയ നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്.
സംസ്ഥാനം നേരിട്ട നിപയും പ്രളയവും പോലെയുള്ള
ദുരന്തങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു തിരുവഞ്ചൂരിന്റെ ഈ പ്രസ്താവന ! ഈ ദുരന്തങ്ങളെ മുന്നില്‍ നിറുത്തി ജനങ്ങളില്‍
തെറ്റിദ്ധാരണയും അസംതൃപ്തിയും സൃഷ്ടിക്കുന്ന രീതിയില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തി
സര്‍ക്കാറിനെതിരെ ജനവിരോധവും അവിശ്വാസവും സൃഷ്ടിച്ചെടുക്കുക എന്നതായിരുന്നു ആ നിര്‍ദ്ദേശത്തിന്റെ
കാതല്‍. അതനുസരിച്ച് ചില കുഴപ്പങ്ങളെല്ലാം ഉണ്ടാക്കുവാനുള്ള ശ്രമങ്ങള്‍
നടന്നുവെങ്കിലും പിണറായി സര്‍ക്കാറിന്റെ കരുതലോടെയുള്ള പ്രവര്‍ത്തനങ്ങള്‍ അത്തരം
കുതന്ത്രങ്ങളെയെല്ലാം പരാജയപ്പെടുത്തി.
പക്ഷേ
അണികള്‍ ആ ഉപദേശത്തെ അത്രപെട്ടൊന്നൊന്നും മറന്നില്ല. കേരളത്തില്‍ ഒരു
ദുരന്തമുണ്ടാകുവാന്‍ അവര്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയായിരുന്നു. ആ സമയത്താണ്
വയനാട്ടിലെ മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍ പൊട്ടലുണ്ടാകുന്നത്. ഒരു പ്രദേശമാകെത്തന്നെ
ഒലിച്ചു പോകുകയും എഴുന്നൂറോളം ആളുകളുടെ
മരണം ഉണ്ടാകുകയും ചെയ്ത വന്‍ദുരന്തം രാജ്യത്തെ നടുക്കി. ദുരന്തത്തില്‍ സര്‍വ്വതും
നഷ്ടപ്പെട്ട് നിസ്സഹായരായിത്തീര്‍ന്ന മനുഷ്യരെ സഹായിക്കാന്‍ ലോകമൊട്ടാകെത്തന്നെ
മുന്നിട്ടിറങ്ങി. എന്നാല്‍ കോണ്‍ഗ്രസിനും അവരുടെ കൂട്ടാളികള്‍ക്കും ഇതൊരു
വീണുകിട്ടിയ അവസരമായിരുന്നു. പക്ഷേ തിരുവഞ്ചൂര്‍ പറഞ്ഞതുപോലെ സര്‍ക്കാറിനെതിരെയുള്ള
വികാരമുണ്ടാക്കുവാനല്ല അവര്‍ ഈ അവസരം ഉപയോഗിച്ചത്, മറിച്ച് ദുരന്തത്തിന്റെ പേരില്‍
വ്യാപകമായി പിരിവുനടത്തി സ്വന്തം പോക്കറ്റുകള്‍ വീര്‍പ്പിക്കുവാനാണ് അവര്‍
മുന്നിട്ടിറങ്ങിയത്.
വയനാട്
എംപിയുടെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച നൂറുവീടുകളെക്കുറിച്ച് നേതാക്കന്മാര്‍ക്കുതന്നെ
ഒരു പിടിപാടുമില്ലാത്ത അവസ്ഥയാണ്. യൂത്തുകോണ്‍ഗ്രസ് പിരിച്ചെടുത്ത കോടിക്കണക്കായ
തുക സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റേയും കൂട്ടരുടേയും
പോക്കറ്റിലേക്കൊഴുകി. ആലപ്പുഴയില്‍ വെച്ച് നടന്ന ക്യാമ്പിലാണ് യൂത്തുകോണ്‍ഗ്രസ്
സംസ്ഥാന നേതൃത്വത്തിനെതിരെ വിവിധ മണ്ഡലം കമ്മറ്റികളില്‍ നിന്നുമുള്ള ആദ്യമായി
പരാതിയുമായി മുന്നോട്ട് വന്നത് എന്ന കാര്യം കൂടി ശ്രദ്ധിക്കുക. പരാതിയും ആരോപണങ്ങളും രൂക്ഷമായതിനെത്തുടര്‍ന്ന്
അക്കൌണ്ടില്‍ 88 രൂപ മാത്രമേ വന്നിട്ടുള്ളു എന്ന പ്രസ്താവനയുമായി രാഹുലും കൂട്ടരും
രംഗത്തുവന്നെങ്കിലും ആ കണക്ക് വെറും പച്ചനുണയാണെന്ന് ഉടനടി
തെളിയിക്കപ്പെട്ടു. ലീഗാകട്ടെ , സെന്റിന്
125000 രൂപ എന്ന നിരക്കിലാണ് തങ്ങളുടെ നേതാവിന്റെ തന്നെ തോട്ടഭൂമി ലീഗ്
വീടുപണിയുന്നതിനായി കണ്ടെത്തിയത്. തരംമാറ്റി വീടുപണിയാന്‍ കഴിയാത്ത തോട്ടഭൂമി
ലോകത്തില്ലാത്ത വില നല്കി വാങ്ങിച്ചത് കോടികള്‍ അടിച്ചുമാറ്റാന്‍ വേണ്ടി
മാത്രമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ !
ഒരു ദുരന്തത്തെ മുന്‍നിറുത്തി ജനങ്ങളെ
കൊള്ളയടിച്ച് സ്വന്തം പോക്കറ്റുകള്‍ വീര്‍പ്പിക്കുന്ന ഈ ഗജഫ്രോഡുകളെ പൊതുജനങ്ങള്‍
തെരുവില്‍ നേരിടുന്ന കാലം അതിവിദൂരമല്ല.
|| #ദിനസരികള് -
102 -2025 ജൂലൈ 16 , മനോജ് പട്ടേട്ട് ||
Comments