---------------------------------------------------------------------------------------
||രാജ്യസഭാംഗത്വം – എന്തുകൊണ്ടാണ്
സദാനന്ദനെ എതിര്‍ക്കുന്നത്? ||
---------------------------------------------------------------------------------------
മുന്നറിയിപ്പ് : ഈ കുറിപ്പ് സംഘികള്‍ വായിക്കരുത്. കാരണം ഈ കുറിപ്പില്‍ പറയുന്ന
കാര്യങ്ങള്‍ അക്കൂട്ടര്‍ക്ക് മനസ്സിലാകുന്ന ഒന്നല്ല. ഇത്
ജനാധിപത്യവും ഭരണഘടനയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റാണ്. അതുകൊണ്ട് സംഘികള്‍ , കഴിയാവുന്നത്ര
ദൂരത്തേക്ക് മാറി നില്ക്കുകയും സാമാന്യബുദ്ധിയുള്ളവര്‍ മാത്രം കടന്നു വരികയും
വേണം.
രാഷ്ട്രപതിയുടെ
നിര്‍ദ്ദേശത്തിന്റെ അസ്വാഭാവികത ഇനിയും ബോധ്യമാകാത്തവര്‍ ശ്രദ്ധിക്കുക : രാജ്യസഭാംഗമായി
സി സദാനന്ദനെ രാഷ്ട്രപതി നിര്‍ദ്ദേശിച്ച സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമാണല്ലോ
ഉയരുന്നത്? നിങ്ങളില്‍
പലരും ചോദിക്കുന്നത് , ബി ജെ പി ഭരിക്കുമ്പോള്‍ അവര്‍ക്ക്
ഇഷ്ടമുള്ളവരെ ഇത്തരത്തില്‍ നോമിനേറ്റ് ചെയ്തുകൂടേ എന്നാണ്. അതിനെന്തിനാണ്
ഇത്ര പ്രതിഷേധമുണ്ടാക്കുന്നത് എന്നാണ്. കേള്‍ക്കുമ്പോള്‍ നിഷ്കളങ്കമെന്ന്
തോന്നാമെങ്കിലും ഈ ചോദ്യം സംഘപരിവാരത്തിന്റെ കാവിവത്കരണത്തിന് സഹായകമായ
ഒന്നാണെന്ന് മാത്രവുമല്ല , തികച്ചും ഭരണഘടനാ വിരുദ്ധമായ ഒരു
സമീപനത്തെ പ്രോത്സാഹിപ്പിക്കുന്നതും കൂടിയാണ്.
ഇന്ത്യന്‍
ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 80 , 80(1) (a) 80(3) എന്നിവ പ്രകാരമാണ് ഇന്ത്യയുടെ രാഷ്ട്രപതിയ്ക്ക് 12 പേരെ
രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാമെന്ന പ്രത്യക അധികാരം
നിക്ഷിപ്തമാക്കപ്പെടുന്നത്. ഇവയില്‍
ആര്‍ട്ടിക്കിള്‍ 80.1 ഇന്ത്യയുടെ പ്രഥമപൌരന് സവിശേഷമായ ഈ അധികാരം അനുവദിച്ചു
നല്കുന്നു. 80.3 ല്‍
ഈ അധികാരം എങ്ങനെയൊക്കെയാണ് വിനിയോഗിക്കേണ്ടത് എന്ന വ്യക്തമായ നിര്‍ദ്ദേശം
നല്കുന്നു. ഇത്തരത്തില്‍ നിര്‍ദ്ദേശിക്കപ്പെടുന്നവര്‍ക്ക് അതാത് മേഖലകളില്‍
അന്യൂനവും വ്യതിരിക്തവുമായ വിജ്ഞാനവും പ്രായോഗിക പരിചയവും ഉണ്ടായിരിക്കണമെന്നും
സാഹിത്യം , കല , ശാസ്ത്രം , സാമൂഹ്യസേവനം
തുടങ്ങിയ മേഖലകളില്‍ നിന്നുമുള്ളവരെ പരിഗണിക്കാമെന്നും ആര്‍ട്ടിക്കിള്‍ വ്യവസ്ഥ
ചെയ്യുന്നു.
നമ്മുടെ
ഭരണഘടനയില്‍ ആദിമധ്യാന്തം ഇണക്കിവെച്ചിരിക്കുന്ന ഒരാശയം തുല്യനീതി എന്നതാണ്.
ഏതുമേഖലയിലും ഏതൊരു വ്യക്തിയ്ക്കും നീതിയുടെ വിതരണം തുല്യവും നിഷ്പക്ഷവും സത്യസന്ധവുമായിരിക്കണം എന്ന കാര്യത്തില്‍ ഡോക്ടര്‍
അംബേദ്കറിന് ഒരു തരം പിടിവാശി തന്നെയുണ്ടായിരുന്നു നീതി എല്ലാ ജനവിഭാഗങ്ങളിലേക്കും
തുല്യമായി വിതരണം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ജനാധിപത്യം
അന്തസാരശൂന്യമാകുമെന്നും അധികാരം കുറച്ചാളുകളിലേക്ക് മാത്രമായി ഒതുങ്ങി
നില്ക്കുമെന്നും ശേഷിയില്ലാത്തവന് മുകളില്‍ ശക്തിയുള്ളവന്‍ എക്കാലവും മേല്‍ക്കോയ്മ
സ്ഥാപിക്കുമെന്നും അദ്ദേഹം ചിന്തിച്ചു. അതുകൊണ്ട് ഏറ്റവും പിന്നിലെ ദരിദ്രനും
ഏറ്റവും മുന്നിലെ നായകനും ഭരണഘടനയുടെ മുന്നില്‍ പൌരന്‍ എന്ന വാക്കില്‍
വിശേഷിപ്പിക്കപ്പെട്ടു. എല്ലാ അവകാശങ്ങളും പൌരന്മാര്‍ക്ക് തുല്യമായി ലഭ്യമാകുന്ന
സാഹചര്യത്തില്‍ മാത്രമേ നിയമവാഴ്ചയുണ്ടാകൂ എന്നും അദ്ദേഹം ചിന്തിച്ചു. ആ ചിന്തയുടെ ഫലമായിട്ടാണ് പാര്‍ലമെന്ററി രംഗത്തുകൂടി ലോകസഭയിലോ
രാജ്യസഭയിലോ എത്തിച്ചേരാന്‍ കഴിയാത്തവരെ നോമിനേറ്റ് ചെയ്യാനുള്ള
തീരുമാനമുണ്ടാകുന്നത് !
ഈ
അധികാരം രാഷ്ട്രപതിയില്‍ നിക്ഷിപ്തമാക്കുന്നതിന് പിന്നിലും ഒരുദ്ദേശമുണ്ട്. ഒരു
തരത്തിലുള്ള സ്വാധീനത്തിനും വഴങ്ങാതെ കക്ഷിരാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് അപ്പുറം
നിന്നു കൊണ്ട് ഭരണഘടനാപരമായ ധാര്‍മ്മികത മാത്രം കണക്കിലെടുത്തുകൊണ്ട് നിയമനം
നടത്തണം എന്നതാണത്. ഇവിടെയാണ് സി
സദാനന്ദനെപ്പോലെയൊരാളെ നിയമിച്ചുകൊണ്ട് രാഷ്ട്രപതി ഭരണഘടനാപരമായ
ഉത്തരവാദിത്തത്തില്‍ നിന്നും വ്യതിചലിച്ചത്. ഈ തീരുമാനം കേവലം രാഷ്ട്രീയ
താല്പര്യത്തെ മാത്രം മുന്‍നിറുത്തിയുള്ളതാണ്. ഭരണഘടന നിര്‍ദ്ദേശിക്കുന്ന
തരത്തിലുളള യാതൊരു മേന്മയും തൊട്ടുതെറിക്കാത്ത ഒരാളാണ് നിയോഗിക്കപ്പെട്ടയാള്‍. അതുകൊണ്ടാണ്
ആ നിയമനത്തിനെതിരെ വ്യാപകമായ പ്രതിഷേധമുയരുന്നത്.
ഒരു കാര്യം കൂടി. സദാനന്ദന്‍ ജനാധിപത്യപരമായ
മത്സരത്തിലൂടെയാണ് ലോക സഭയിലേക്കോ , പ്രാതിനിധ്യ തിരഞ്ഞെടുപ്പിലൂടെ
രാജ്യസഭയിലേക്കോ എത്തിയതെങ്കില്‍ നമുക്ക് ഇത്രയും വ്യാകുലപ്പെടേണ്ടതായിട്ടില്ല.
അയാളെ തിരഞ്ഞെടുക്കുന്ന ജനതയുടെ മൂല്യച്യൂതിയായി മാത്രം കണ്ടാല്‍ മതിയാകും.
എന്നാല്‍ ഭരണഘടനയുടെ കാവല്‍ക്കാരനായ ഒരാള്‍ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വഴങ്ങുക
എന്നത് ഭരണഘടനയെത്തന്നെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണ്. ഗൂജറാത്ത് കലാപത്തിലൂടെ
ആയിരക്കണക്കായ ആളുകളെ കൊന്നൊടുക്കി രാജ്യത്തിന്റെ പ്രധാനമന്ത്രി പദവിയിലേക്ക്
എത്തിയ നരേന്ദ്രമോഡി തിരഞ്ഞെടുപ്പിലൂടെ വന്നതാണ്. രാഷ്ട്രീയ വിമര്‍ശനം
എന്നതിനപ്പുറം എം പിയായിരിക്കുവാന്‍ മോഡിക്കുള്ള യോഗ്യത ആരും ചോദ്യം
ചെയ്യുന്നില്ല. എന്നാല്‍ സദാനന്ദന്‍ രാജ്യസഭയിലേക്ക് എത്തിയത് പിന്‍വാതിലിലൂടെ
രാഷ്ട്രീയ താല്പര്യത്തിന്റെ മറപറ്റിയാണ്. ആ കള്ളക്കളിയ്ക്ക് കൂട്ടുനില്ക്കുവാന്‍ ഭരണഘടനയെ
ബഹുമാനിക്കുന്നവര്‍ ഒരിക്കലും തയ്യാറാകുകയില്ല.
|| #ദിനസരികള് -
101 -2025 ജൂലൈ 15 , മനോജ്
പട്ടേട്ട് ||
Comments