----------------------------------------------

||“ തോലുരിയപ്പെട്ടവന്റ കവിത ” ||
----------------------------------------------
തീ കൊണ്ടൊരു മനുഷ്യനെയുണ്ടാക്കുകയും സ്വയം ഉരുകി കവിതയാകാന്‍ അനുവദിക്കുകയും ചെയ്യുകയാണെങ്കില്‍ ആ കവിതകളെ നമുക്ക് എ അയ്യപ്പന്റെ കവിതകള്‍ എന്നു വിളിക്കാം.ഇത്രമാത്രം ഉള്ളുരുക്കത്തിന്റെ ആഗ്നേയസ്ഥലികളെ മലയാള കവിതയില്‍ അടയാളപ്പെടുത്തിയ മറ്റൊരാളെ നമുക്ക് അപരിചിതമാണ്. ആ കവിത എന്നും ഒരേ വഴിയില്‍ തന്നെ ഒലിച്ചുപോയില്ല. ഓരോ തവണയും തനതുവഴികളിലൂടെ ചിലപ്പോള്‍ പടവുകള്‍ വെട്ടിയും ചിലപ്പോള്‍‌ ചാലുകള്‍ കണ്ടെത്തിയും അപൂര്‍വ്വം ചിലപ്പോള്‍ കുന്നുകളോടിടഞ്ഞ് തടഞ്ഞു നിന്നും അത് ആവര്‍ത്തനത്തിന്റെ വിരസമായ കൊല്ലികളെ അതിജീവിച്ചു. അതുകൊണ്ട് അയ്യപ്പന്റെ കവിതകള്‍ ഓരോന്നും ഓരോ തരത്തിലുള്ള ശില്പങ്ങളായി, മിനുക്കത്തിനും പരുപരുപ്പിനും പരസ്പരം വ്യത്യസ്തമായി.

എന്തുകൊണ്ടായിരിക്കും അയ്യപ്പനിങ്ങനെ സ്വരമുരുകി കവിതയായി ഒലിച്ചത് എന്ന് പലരും ചോദിക്കുന്നത് കേട്ടിട്ടുണ്ട്. ഒരു വായനക്കാരന്‍ എന്ന നിലയില്‍ ആ ചോദ്യം എനിക്ക് പ്രസക്തമേയല്ല. കവി എങ്ങനെ ഉരുകിയാലും അത് കവിയുടെ മാത്രം പ്രശ്നമാണ്. ഉരുകിയൊലിക്കുന്നത് ഉറഞ്ഞു കഴിയുമ്പോള്‍ മനം മയക്കുന്ന ശില്പങ്ങളാകുന്നുണ്ടോ എന്നുമാത്രമേ വായനക്കാരന്‍ നോക്കേണ്ടതുള്ളു. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ കവി ജീവിക്കുന്നോ മരിക്കുന്നോ എന്നതൊക്കെ കവിയുടെ മാത്രം പ്രശ്നമാണ്. അയാള്‍ ജീവിച്ചതുകൊണ്ടോ മരിച്ചതുകൊണ്ട് തനിക്ക് പ്രത്യേകിച്ച് ഒരു ഗുണവുമില്ല. എന്നാല്‍ അയാളില്‍ നിന്നും എന്തു പുറത്തുവരുന്നുവെന്നതിലാണ് വായനക്കാരന്‍ എന്ന നിലയില്‍ എന്റെ കണ്ണ് ! ഇക്കാര്യം മറ്റൊരു പരിസരത്തില്‍ കരളെരിഞ്ഞാലും തലപുകഞ്ഞാലും ചിരിക്കണമതേ വിദൂഷകമതം എന്ന് സഞ്ജയന്‍ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് അയ്യപ്പന്റെ വ്യക്തിജീവിതം കവിതയെ പിന്തുടരുന്ന ഒരാള്‍ എന്ന നിലയില്‍ എന്റെ കാര്യമേയല്ല. അതെങ്ങനെ ജീവിച്ചുതീര്‍ത്താലും എന്നെ ബാധിക്കുന്നുമില്ല. അയാള്‍ കള്ളുകുടിച്ചാലും കുടിച്ചില്ലെങ്കിലും എനിക്കൊന്നുമില്ല, മറിച്ച് എന്റെ ആന്തരിക വ്യാധികളെ സുഖപ്പെടുത്താനോ അസുഖപ്പെടുത്താനോ അയ്യപ്പന്റെ കവിതകള്‍ക്ക് കഴിയുന്നുവെങ്കില്‍ മാത്രമാണ് അയാള്‍ എനിക്ക് കവിയാകുന്നത്. അയ്യപ്പന്‍ അത്തരത്തിലൊരു അനുഭൂതി എനിക്ക് അനുവദിച്ചു തരുന്നുണ്ട്, അതുകൊണ്ട് അയാള്‍ എനിക്ക് കവിയാണ്. ഇത്രയും പറഞ്ഞത് അയ്യപ്പന്റെ കവിതകളെക്കുറിച്ച് ആരെന്തു പറഞ്ഞാലും ഉടനെ അയാള്‍ നയിച്ച ജീവിതത്തെ കൂട്ടിക്കെട്ടാനുള്ള ഒരു തരം കുത്സിതമായ പ്രേരണ പൊതുവേ കണ്ടുവരുന്നു എന്നുള്ളതുകൊണ്ടാണ്.

അയ്യപ്പന്റെ കവിതകളില്‍ എന്നെ ഏറ്റവും അടിമപ്പെടുത്തിയ ഒന്ന് തീര്‍ച്ചയായും “അത്താഴം” ആണ്. ആ കവിത അനുഭവിപ്പിക്കുന്ന വേദന കേവലം വ്യക്തിപരം മാത്രമല്ല , സാമൂഹികം കൂടിയാണ്.

കാറപകടത്തില്‍‌പ്പെട്ടു മരിച്ച വഴിയാത്രക്കാരന്റെ
ചോരയില്‍ ചവിട്ടി ആള്‍ക്കൂട്ടം നില്ക്കേ
മരിച്ചവന്റെ പോക്കറ്റില്‍ നിന്നും പറന്ന
അഞ്ചുരൂപയിലായിരുന്നു എന്റെ കണ്ണ്

ഞാനുണ്ടായിട്ടും താലിയറുത്ത കെട്ടിയവള്‍‌
എന്റെ കുട്ടികള്‍
വിശപ്പെന്ന നോക്കുകുത്തികള്‍
ഇന്നത്തെ അത്താഴം ഇതുകൊണ്ടാകാം - ഈ വരികളിലെ തിണര്‍പ്പിന് കുറയാത്ത വേദനയുടെ കൂട്ടുണ്ട്. മരിച്ചവന്റെ പോക്കറ്റില്‍ നിന്നും അഞ്ചുരൂപ എടുത്താന്‍ കരുണയില്ലാത്തവനെന്നും ജീവിച്ചിരിക്കുന്നവന്റെ പോക്കറ്റില്‍ നിന്നും അഞ്ചുരൂപയെടുത്താല്‍ കള്ളനെന്നും വിളിക്കപ്പെടുമ്പോള്‍ പട്ടിണി കിടന്നു ചത്തുപോകുന്നവരുടെ വേദന നമുക്ക് കാണാതെ പോകുക !

ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ ജാതകത്തിലെ സ്വപ്നാടനങ്ങളല്ല. ജാതകത്തില്‍ പ്രഭൂജീവിതം വിധിക്കപ്പെട്ടവന് ഇരന്നു തിന്നുവാനാണ് ജീവിതത്തിന്റെ വിധി എന്ന വൈപരീത്യത്തെ അയ്യപ്പന്‍ എഴുതുന്നത് തന്റെ കൂടി ജീവിതത്തിന്റെ ആമുഖമായിട്ടാണ്.
രണ്ടുച്ചികളുണ്ടെന്റെ ശിരസ്സില്‍
ഇരുന്നുവാഴണം
അല്ലെങ്കില്‍ ഞാന്‍
ഇരന്നുവാങ്ങണം
ഇരുന്നുവാഴണം ജാതകത്തില്‍
ഇരന്നുവാങ്ങണം ജീവിതത്തില്‍
രണ്ടുച്ചികളുണ്ടെന്റെ ശിരസ്സില്‍.

അയ്യപ്പന്റെ ഭാവുകത്വം എപ്പോഴും ചേര്‍ന്ന് നില്ക്കുന്നത് മനുഷ്യരോടൊപ്പമാണെങ്കിലും അയാള്‍ പലപ്പോഴും ബോധപൂര്‍വ്വം തന്നെ മനുഷ്യരില്‍ മാറിനിന്നുകൊണ്ട് സ്വയം നിരാസത്തിന്റെ വേദന അനുഭവിക്കുവാന്‍ വെമ്പല്‍ കൊള്ളുന്നുണ്ട്. ആരും അകറ്റിയില്ലെങ്കിലും സ്വയം അകന്നുമാറുകയും പിന്നീടതില്‍ ഖേദപ്പെടുകയും ചെയ്യുന്ന ഒരു രീതി അയ്യപ്പനിലുണ്ട്. ഒരു പക്ഷേ സ്വയം സൃഷ്ടിക്കുന്ന അത്തരമൊരു അകല്‍ച്ച അയാളുടെ സര്‍ഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും വന്നേക്കാം.

ഉറ്റവരില്ലാത്തവന്‍
ഭൂമിക്ക് ഭാരമിവന്‍
ഉരിയൂ ഇവന്റെ പുറന്തോല്‍
കാണാമപ്പോള്‍ എരിയും ജഡം
ഇവന്‍ എന്നേ മരിച്ചവന്‍ ! – എന്നെഴുതുന്നത് ഈ ചിന്തയുടെ സാക്ഷ്യമാകുന്നു.



|| #ദിനസരികള് - 106 -2025 ജൂലൈ 20 , മനോജ് പട്ടേട്ട് ||


Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്