----------------------------------------------------
||രാജ്യസഭാംഗത്വം - ഒരു ക്രിമിനലിനെ മഹത്വവത്കരിക്കുമ്പോള് ||
----------------------------------------------------

 

            ചിലപ്പോള്‍ ചെന്നിത്തല പോലും സത്യം പറഞ്ഞുപോകും. അല്ലെങ്കില്‍ പറയേണ്ടതായ സാഹചര്യമുണ്ടാകും. അത്തരമൊരു സാഹചര്യമാണ് സി സദാനന്ദന്‍ എന്ന ബി ജെ പി നേതാവിനെ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്തപ്പോള്‍ ഉണ്ടായത്. തികച്ചും അധാര്‍മ്മികമാണ് ഈ നിയമനം എന്നാണ് ചെന്നിത്തല പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. എന്തെങ്കിലും ഒരു നിവര്‍ത്തിയുണ്ടെങ്കില്‍ ബി ജെ പിയ്ക്ക് എതിരെ നാവെടുക്കാന്‍ മടിക്കുന്നവരാണ് കോണ്‍‌ഗ്രസ് നേതാക്കള്‍. എന്നല്ല പലപ്പോഴും ബി ജെ പിയുടെ ബി ടീമെന്ന പോലെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നതും. എന്നാല്‍ സി സദാനന്ദന്‍ എന്ന ബി ജെ പി നേതാവിനെ ഒരു മാനദണ്ഡവും കണക്കിലെടുക്കാതെ രാജ്യസഭാംഗമായി രാഷ്ട്രപതി നി‍‌ര്‍‌ദ്ദേശിച്ചപ്പോള്‍ ശ്രീമാന്‍ ചെന്നിത്തലയ്ക്കുപോലും നിയന്ത്രണം നഷ്ടപ്പെട്ടുപോയെങ്കില്‍ സദാനന്ദന്റെ ഭൂതകാലം എത്രമാത്രം ബീഭത്സമായിരിക്കണം ? ഭയാനകമായിരിക്കണം ?

 

            കലാ കായിക സാമൂഹ്യ സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കുക എന്ന ഉദ്ദേശത്തോടെയാണ് രാഷ്ട്രപതിയ്ക്ക് ഇത്തരമൊരു സവിശേഷമായ അധികാരം ഭരണഘടന നല്കിയിരിക്കുന്നത്. ഇതുവരെ അത്തരത്തില്‍ നൂറ്റി നാല്പത്തിയൊമ്പത് പേരെയാണ് രാഷ്ട്രപതി രാജ്യസഭയിലേക്ക് നിര്‍‌ദ്ദേശം ചെയ്തിട്ടുള്ളത്. ഇത്തവണ നിര്‍‌ദ്ദേശിക്കപ്പെട്ട പന്ത്രണ്ടുപേരില്‍ മൂന്നുപേര്‍ സാമൂഹ്യസേവന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ എന്ന തലത്തിലാണ് നിയമിക്കപ്പെട്ടിരിക്കുന്നത്. അക്കൂട്ടത്തിലാണ് കേരളത്തില്‍ നിന്നുള്ള സി സദാനന്ദന്‍ വരുന്നത്. എന്താണ് അദ്ദേഹത്തിന്റെ പ്രശസ്തി എന്നു ചോദിച്ചാല്‍ ബി ജെ പിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നല്ലാതെ മറ്റൊന്നും തന്നെ പറയാനില്ല. മാത്രവുമല്ല , സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പി എം ജനാര്‍ദ്ദനനെ വെട്ടിനുറുക്കിയ കേസിലെ പ്രധാന ആസൂത്രകനും പ്രതിയുമാണ് സദാനന്ദന്‍ ! 1993 ആയിരുന്നു ഈ സംഭവമുണ്ടായത്. ബന്ധുകൂടിയായ ജനാര്‍ദ്ദനനെ ജോലിസ്ഥലത്തേക്ക് പോകുന്ന വഴിയിലായിരുന്നു സദാനന്ദന്റെ നേതൃത്വത്തിലുള്ള ക്രിമിനല്‍ സംഘം വെട്ടിനുറുക്കിയത്. മരിച്ചു എന്നു കരുതി ഉപേക്ഷിച്ച അദ്ദേഹം ദീര്‍ഘകാലത്തെ ചികിത്സകൊണ്ടാണ് ജീവിതത്തിലേക്ക് മടങ്ങി വന്നത്. സംഘപരിവാര സംഘടനയായ ബാലഗോകുലത്തിന്റെ പരിപാടിയിലേക്ക് രക്ഷിതാക്കളുടെ അനുവാദമില്ലാതെ കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നതിന് ചോദ്യം ചെയ്തതിനാണ് സദാനന്ദനും കൂട്ടരും ഈ ക്രൂരകൃത്യം ചെയ്തത് എന്ന കാര്യം കൂടി പ്രത്യേകം ശ്രദ്ധിക്കണം.

 

          കേവലം ബി ജെ പി പ്രവര്‍ത്തകന്‍ എന്നതല്ലാതെ , ഒരു മേഖലയിലും ഒരുതരത്തിലുള്ള പ്രാഗല്ഭ്യവും തെളിയിച്ചിട്ടില്ലാത്ത  ഒരാളെ ഒരു മാനദണ്ഡവും പാലിക്കാതെ രാഷ്ട്രപതിയെക്കൊണ്ട് നിര്‍‌‍ദ്ദേശിപ്പിക്കുക എന്ന ഹീനകൃത്യം നടത്തിയ ബി ജെ പി , ഭരണഘടനയുടെ ശുദ്ധിയാര്‍ന്ന ഉദ്ദേശത്തെ അവഹേളിക്കുകയാണ് ചെയ്തത്. എന്നുമാത്രവുമല്ല, ബി ജെ പിയുടെ ഈ രാഷ്ട്രീയ തീരുമാനത്തിന് ചുക്കാന്‍ പിടിക്കുക വഴി രാഷ്ട്രപതി ഭവനും അധാര്‍മ്മികമായ ഒരു കൃത്യത്തില്‍ പങ്കാളികളായി മാറുന്ന സാഹചര്യമാണ് ഉണ്ടായത്. മോഡി നടത്തുന്ന കാവിവത്കരണം അതിന്റെ പരമാവധിയില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. എല്ലാ മേഖലകളിലും സംഘപരിവാര സംഘടനകളില്‍ നിന്നുള്ള കര്‍‌സേവകരെയാണ് നിയമിച്ചിരിക്കുന്നത്. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളെ  രാഷ്ട്രീയമുതലെടുപ്പിനുവേണ്ടി വ്യഭിചരിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. ഇത്തരമൊരു സാഹചര്യം പണ്ടേ ഭരണഘടനാ ശില്പി അംബേദ്കര്‍ മുന്‍കൂട്ടി കണ്ടിരുന്നു. ഈ ഭരണഘടന ഏറ്റവും മോശമായ ആളുകളുടെ കൈയ്യില്‍ കിട്ടിയാല്‍ അത് ദുരുപയോഗം ചെയ്യുവാന്‍ സാധ്യതയുണ്ട്എന്നായിരുന്നു അന്ന് അംബേദ്കര്‍ പറഞ്ഞത്. ആ ദീര്‍ഘവീക്ഷണം തികച്ചും യാഥാര്‍ത്ഥ്യമായി വന്നിരിക്കുകയാണ് ഇക്കാലത്ത് എന്ന് അടിവരയിട്ടു പറയാം. സദാനന്ദനെപ്പോലെയുള്ള ക്രിമിനലുകള്‍ രാജ്യസഭാംഗം പോലെയുള്ള സുപ്രധാന പദവികളിലേക്ക് എത്തുമ്പോള്‍ ഇനി നാം കാണാന്‍ പോകുന്നത് ഭരണഘടനയെ ഏറ്റവും ദുഷിച്ച രിതിയില്‍ എങ്ങനെ കൈകാര്യം ചെയ്യാന്‍ പോകുന്നു എന്നതാണ്. 

         

 

 

|| #ദിനസരികള് - 100 -2025 ജൂലൈ 14 , മനോജ് പട്ടേട്ട് ||

 

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍