മുസ്ലിം ഉമ്മത്ത് , എനിക്കു തോന്നുന്നു , കരുതിയിരിക്കേണ്ടത് ഹിന്ദുത്വവാദികളേയോ മറ്റ് അനിസ്ലാമിക പ്രതികൂല ശക്തികളേയോ അല്ല മറിച്ച് അവരുടെ തന്നെ നേതൃത്വത്തെയാണ്. സാമാന്യബുദ്ധിക്ക് നിരക്കാത്ത , നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ , ഒരന്തവും കുന്തവുമില്ലാത്ത, അത്തരം നേതാക്കന്മാര്‍ ഉണ്ടാക്കുന്ന അപകടം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. അക്കൂട്ടത്തില്‍  മതാചാര്യന്മാരായി വേഷം കെട്ടി വരുന്നവരുടെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത്. എന്തൊക്കെയാണ് അവര്‍ പ്രസംഗിച്ചു കൂട്ടുന്നത് ? ലോകം കാണുന്നുവെന്ന എന്തെങ്കിലും ഒരു ബോധം ഇവരെ അലട്ടാറുണ്ടെന്ന് തോന്നുന്നില്ല. ദൈവത്തെ വിശ്വസിക്കുവാന്‍ പഠിപ്പിക്കുന്നതും അതിനുവേണ്ടുന്ന കര്‍മ്മങ്ങളെക്കുറിച്ചുമൊക്കെയുള്ള മതപരമായ അനുശാസനങ്ങള്‍ പഠിപ്പിച്ചുകൊടുക്കുന്നതിലല്ല പ്രശ്നം. മറിച്ച് ആധുനിക ചികിത്സ സ്വീകരിക്കരുത് എന്നു തുടങ്ങി ചൊവ്വാഴ്ച കള്ളു കുടിക്കാനുള്ള ദിവസമാണ് എന്നുവരെയുള്ള പ്രഘോഷണങ്ങള്‍ , മുജാഹിദ് ബാലുശേരി മുതല്‍ റഹ്മത്തുള്ള ഖ്വാസിമി ഉസ്താദ് വരെയുള്ള ഒരു കൂട്ടം പ്രഭാഷകര്‍ ! എന്തൊക്കെയാണ് ഇവര്‍ വിളിച്ചു പറയുന്നത്? അവര്‍ പറയുന്നത് വേദവാക്യമായി എടുത്ത് ശിരസ്സിലേറ്റി നടക്കുന്ന അനുചരന്മാര്‍ , പ്രത്യക്ഷമായും പരോക്ഷമായും അവരെ പിന്തുടരുന്ന ലക്ഷോപലക്ഷം ആരാധകര്‍! ഇവരെല്ലാം കൂടി ഒരൊറ്റ ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തി പടുത്തുയര്‍ത്തുന്ന വ്യാഖ്യാനഭേദങ്ങള്‍ ! അവയില്‍ ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് അറിയാതെ അന്തിച്ചു നിന്നുപോകുന്ന ശരിയായ വിശ്വാസികള്‍! പ്രഭാഷണങ്ങളില്‍ ഇവര്‍ പറഞ്ഞിരിക്കുന്ന വിവരക്കേടുകള്‍ നവമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത് നാം കാണാറുണ്ട്.

 

            വിശ്വാസത്തിന്റെ പേരില്‍ സാമാന്യബുദ്ധിയ്ക്ക് നിരക്കാത്ത കാര്യങ്ങള്‍ വിളിച്ചു പറയുന്ന മതനേതാക്കന്മാര്‍ വിജ്ഞാനവും വിവേകവുമുള്ള പൊതുസമൂഹത്തിന്റെ മുന്നില്‍ സ്വയം അപഹാസ്യരാകുകയാണ്.  പറയേണ്ടതേത് എന്നും പറയാന്‍ പാടില്ലാത്ത് ഏത് എന്നും പരിശോധിക്കുവാനുള്ള ഒരല്പം ശേഷി അവര്‍ പ്രകടിപ്പിക്കണം. എത്രയോ നന്നായിട്ട് മതപ്രഭാഷണങ്ങള്‍ നടത്തുന്ന ആളുകളെ നമുക്കറിയാം. വിശ്വാസികളെ കൂടുതല്‍ വിശ്വാസിയാക്കി മാറ്റുന്ന , മതപരവും മനുഷ്യത്വപരവുമായ വിവരങ്ങള്‍ പങ്കുവെയ്ക്കുന്ന ജീവിതാവബോധം വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്ന എത്രയോ അത്യുജ്ജ്വലമായ പ്രഭാഷണങ്ങള്‍ , പ്രഭാഷകര്‍ ! എന്നാല്‍ അക്കൂട്ടരെയെല്ലാം പിന്തള്ളിയാണ് ഈ അന്തമില്ലാത്ത കൂട്ടങ്ങള്‍ വാകീറിപ്പിളര്‍ന്ന് അനുയായികളെ അങ്കലാപ്പിലാക്കുന്നത്.

           

            ഒരന്തവുമില്ലാത്ത അക്കൂട്ടത്തിലെ ഒരവതാരം തന്നെയാണ് വിദ്യാലയങ്ങളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സുംബാ ഡാന്‍സിനെക്കുറിച്ചും എതിര്‍പ്പ് ഉന്നയിച്ചത്. ഇതെന്താണെന്നോ എന്താണ് നടപ്പിലാക്കുന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നതെന്നോ ആ മഹാന് ഒരു വിവരവുമില്ല. ആള്‍ നിസ്സാരക്കാരനല്ല ! വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ സംസ്ഥാന സെക്രട്ടറിയാണ്. എന്നുവെച്ചാല്‍ ഒരു സംസ്ഥാന വിഡ്ഡിക്കുശ്മാണ്ടമാണ് എന്നര്‍ത്ഥം ! അയാള്‍ക്ക് സുംബ ഡാന്‍സ് എന്താണെന്നോ അത് എങ്ങനെയാണ് സ്കൂളുകളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നോ അറിയില്ല. ആകെ അറിയാവുന്നത് അല്പം വസ്ത്രം ധരിച്ചുകൊണ്ട് ആണും പെണ്ണും കൂടിക്കലര്‍ന്ന് ക്ലാസുമുറികളില്‍ അഴിഞ്ഞാടുന്ന പരിപാടിയാണിത് എന്നതു മാത്രമാണ്. അയാളും അയാളുടെ മകനും ഈ പരിപാടിയില്‍ പങ്കെടുക്കില്ലത്രേ ! അയാള്‍ തൊഴിലുകൊണ്ട് ഒരധ്യാപകനായിരുന്നിട്ടുകൂടി യാതൊരു അടിസ്ഥാനവുമില്ലാതെ  എന്തൊരു അസംബന്ധമാണ് പടച്ചു വിടുന്നത് എന്ന് നോക്കൂ. അനുയായികളില്‍ തെറ്റിദ്ധാരണയുണ്ടാക്കി സര്‍ക്കാറിനെതിരെ തിരിക്കാനും മതവിശ്വാസത്തിലേക്ക് കടന്നുകയറുന്നു എന്നു പ്രചരിപ്പിക്കുവാനും രാഷ്ട്രീയമായി സഹായിക്കുക എന്നൊരു ദൌത്യം കൂടി ഈ പ്രസ്താവനയ്ക്ക് പിന്നിലുണ്ട്.

 

            ഇതൊക്കെയുണ്ടാക്കുന്ന കുഴപ്പം ഒരു സമുദായത്തെക്കുറിച്ച് പൊതുജനങ്ങളുടെ മുന്നില്‍ തെറ്റായ ധാരണയുണ്ടാകുന്നു എന്നതാണ്. മറ്റു മതവിശ്വാസികളുടെ കണ്ണില്‍ അക്കാരണം കൊണ്ടുതന്നെ അവഹേളിക്കപ്പെടാനും കൂടുതല്‍ ഒറ്റപ്പെടാനും മാത്രമേ ഇത്തരം നിലപാടുകള്‍ സഹായിക്കൂ. മാത്രവുമല്ല അറിവും വിജ്ഞാനവുമുള്ള ആധുനിക തലമുറ മതത്തില്‍ നിന്നും കൂടുതല്‍ അകലുകയും ചെയ്യും.മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ഇസ്ലാമില്‍ നിന്നും യുക്തിവാദികളുടെ എണ്ണം കൂടിവരുന്നതും ഇക്കാരണങ്ങള്‍ കൊണ്ടുതന്നെയാകണം. ! വിശുദ്ധ ഖുറാന്‍ സമൂഹം ആധുനിക വത്കരിക്കപ്പെടുന്നതിനോട് അനുഭാവപൂര്‍ണമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. അറിവുനേടുന്നതിനെക്കുറിച്ചും വായനയെക്കുറിച്ചുമൊക്കെ ഖുറാന്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകള്‍ ഏറെ പ്രശംസനീയമാണ്.  എന്നാല്‍ ചിലര്‍ ഇപ്പോഴും ആടുമേയ്ച്ചുതന്നെ ജീവിക്കണമെന്ന്  വാശി പിടിച്ചാല്‍ മറ്റുള്ളവര്‍ക്ക്   എന്തു ചെയ്യാന്‍ കഴിയും ?

 

            ഏതോ ഒരു ഭ്രാന്തന്‍ മതനേതാവിന്റെ  ജല്പനം കാരണം ഡോക്ടറെ സമീപിക്കാതെ വീട്ടില്‍ തന്നെ പ്രസവിക്കുകയും ജനിച്ച കുഞ്ഞിന് മഞ്ഞപ്പിത്തത്തിന് കൃത്യമായി ചികിത്സ നല്കാതിരിക്കുകയും ചെയ്തതിനാല്‍ മലപ്പുറത്ത് ഒരു കുഞ്ഞ് മരിച്ചുപോയി എന്ന വാര്‍ത്തയുടെ മുന്നിലിരുന്നാണ് ഞാനിത് എഴുതുന്നതെന്നതുകൂടി ഇവിടെ പരാമര്‍ശിക്കട്ടെ !

 

||ദിനസരികള് - 84 -2025 ജൂണ് 28 , മനോജ് പട്ടേട്ട് ||

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍