കം
തകം
പാതകം
വാഴക്കൊലപാതകം
നേത്രവാഴക്കൊലപാതകം
അന്തര്‍നേത്രവാഴക്കൊലപാതകം
ജഗദന്തര്‍നേത്രവാഴക്കൊലപാതകം
അന്തര്‍നേത്രവാഴക്കൊലപാതകം
നേത്രവാഴക്കൊലപാതകം
വാഴക്കൊലപാതകം
പാതകം
തകം
കം
അയ്യപ്പപ്പണിക്കരുടെ ഏറെ (കു)പ്രസിദ്ധി
നേടിയ ഒരു കവിതയാണ് മുകളിലുദ്ധരിച്ച കം തകം. ഈ കവിതയെക്കുറിച്ച് ഡോക്ടര്‍ എം എം
ബഷീര്‍ തന്റെയൊരു അനുഭവം പങ്കുവെയ്ക്കുന്നുണ്ട്. ഒരിക്കല്‍ ബഷീറുമായി
അയ്യപ്പപ്പണിക്കര്‍ സ്വന്തം വീട്ടിലേക്ക് നടക്കുകയായിരുന്നു. അപ്പോള്‍ അദ്ദേഹം
പണിക്കരോട് “ സര്‍ എന്തിനാണ് കം തകം പാതകം പോലെയുള്ള
പൊട്ടക്കവിതകള്‍ എഴുതുന്നതെന്ന് “ എന്ന് ചോദിച്ചു.
അതിന്റെ അയ്യപ്പപ്പണിക്കര്‍ അല്പം വിശദമായിത്തന്നെയാണ് മറുപടി പറഞ്ഞത് :- “ബഷീറേ ,അത് വെറുമൊരു നേരംപോക്കിന്
എഴുതിയതല്ല.ഞാന്‍ അമേരിക്കയില്‍ പോയി വന്നപ്പോള്‍ ചിലര്‍ എന്നെ
ഭീഷണിപ്പെടുത്തി.ഞാന്‍ അമേരിക്കന്‍ ചാരനാണ്, അമേരിക്കന്‍ പണം കൊണ്ടാണ് കേരള കവിത
നടത്തുന്നത് എന്നെല്ലാം എനിക്ക് ഭീഷണിക്കത്തുകള്‍ കിട്ടിക്കൊണ്ടിരുന്നു.
കൊന്നുകളയും കൊലപാതകം മരണം ഇതൊക്കെ ആലോചിച്ചാണ് ഞാന്‍ ഏറെക്കാലം
നടന്നത്.മരണത്തെക്കുറിച്ചുള്ള ചിന്ത എന്നെ വല്ലാതെ അലട്ടി. അങ്ങനെയാണ് ഞാന്‍
വാഴക്കൊലപാതകത്തില്‍ എത്തുന്നത്.”
അന്തര്‍സംഘര്‍ഷങ്ങളെ ശമിപ്പിക്കുവാന്‍
ആവിഷ്കാരങ്ങളിലൂടെ കവികള്‍ / എഴുത്തുകാര്‍ കണ്ടെത്തുന്ന
വഴികള്‍ രചനകളുടെ വൈവിധ്യത്തിന് നിദാനമാകുന്നുവെന്ന് ഇതില്‍പ്പരം വ്യക്തമായ
രീതിയില്‍ ഉദാഹരിക്കുന്നതെങ്ങനെ ? ആ കവിതയുടെ “ഗുണ”ത്തെക്കുറിച്ച് പ്രലപിക്കുന്നവര്‍ കവിത
പുറപ്പെട്ടു പോന്ന വഴികളെക്കുറിച്ച് അജ്ഞരാകുന്നു. കം തകത്തിന് ദീക്ഷിതരുടെ വം ഭവം
എന്ന കീര്‍ത്തനത്തോട് ചാര്‍ച്ചയുണ്ട്. കവിയിലെ സംഘര്‍ഷങ്ങളില്‍ ദീക്ഷിതരുടെ കൃതി ബോധപൂര്‍വ്വമോ
അല്ലാതെയോ കലരുമ്പോഴാണ് ഈ പ്രത്യേക രൂപ സാദൃശ്യം സിദ്ധമാകുന്നതെന്ന് ബഷീര്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്.
എം എം ബഷീര്‍ , അയ്യപ്പപ്പണിക്കരുടെ മനോവ്യാപാരങ്ങളെ ഇത്തരുണത്തില്‍
വെളിപ്പെടുത്താതിരിക്കുന്നേടത്തോളം കാലം കവി അനുഭവിച്ച അന്തസംഘര്‍ഷങ്ങള്‍ നമുക്ക്
അജ്ഞാതമായിത്തന്നെ തുടരുമായിരുന്നല്ലോ .
ഇവിടെ
പക്ഷേ മറ്റൊരു പ്രശ്നമുള്ളത് , തന്റെ അന്തര്‍സംഘര്‍ഷങ്ങളെ ഭാഷയിലൂടേയും രൂപത്തിലൂടേയും
വായനക്കാരനെ എത്രമാത്രം അനുഭവിപ്പിക്കുവാന്‍ കഴിയുന്നു എന്നതാണ്. അയ്യപ്പപ്പണിക്കര്‍ക്കും
അക്കാര്യത്തില്‍ വിജയിക്കുവാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് ഈ കവിത കേവലമൊരു രൂപാത്മകമായ
ബൌദ്ധിക വ്യായാമമായും പലര്‍ക്കും കളിയാക്കാനുള്ള അസംസ്കൃത വസ്തുവായും മാറിയത്.
||ദിനസരികള്
- 83 -2025 ജൂണ് 27 , മനോജ്
പട്ടേട്ട് ||
Comments