എല്‍. ഡി. എഫ് നിലമ്പൂരില്‍ തോല്ക്കരുതെന്ന്
ആഗ്രഹിച്ചിരുന്നു. എന്നാല്‍ ജനാധിപത്യത്തില്‍ ഭൂരിപക്ഷമാണ് വിധി. അതനുസരിച്ച് എല്‍.
ഡി. എഫ് പരാജയപ്പെട്ടിരിക്കുന്നു. അതിനുമപ്പുറം കുത്തഴിഞ്ഞതും തമ്മില്‍
കലഹിക്കുകയുമായിരുന്ന ഒരു പറ്റത്തോട് എല്‍.ഡി. എഫ് പരാജയപ്പെട്ടത് ഏറെ ഗൌരവത്തോടെ
പരിശോധിക്കേണ്ട ഒന്നു തന്നെയാണ്. തിരഞ്ഞെടുപ്പിന്റെ ഫലം സംസ്ഥാന ഭരണത്തിന്റെ
വിലയിരുത്തലൊന്നുമല്ലെങ്കിലും കാര്യകാരണങ്ങള്‍ കണ്ടെത്തി , എവിടെയാണ് ജനങ്ങളുടെ
വിശ്വാസത്തില്‍ ചോര്‍ച്ചയുണ്ടായത് എന്ന് മനസ്സിലാക്കി ആവശ്യമായ തിരുത്തലുകള്‍
വരുത്തുവാനും കൂടുതല്‍ ശക്തിയോടെ ജനാധിപത്യരംഗങ്ങളിലെ മത്സരവേദികളിലേക്ക്
തിരിച്ചെത്താനും ഇടതുപക്ഷത്തിന് കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.
പിണറായിയിസം എന്നൊക്കെ ഒരു
ഓളത്തിന് പ്രയോഗിക്കപ്പെട്ടുവെങ്കിലും ഭരണവിരുദ്ധവികാരം ഈ ഇലക്ഷനില്‍ കാര്യമായ ഒരു
ഘടകമേയായിരുന്നില്ല. എന്നുമാത്രവുമല്ല ഒന്നാം
പിണറായി സര്‍ക്കാറും രണ്ടാം പിണറായി സര്‍ക്കാറും നാടിതുവരെ കാണാത്ത വികസനപ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കിയത്. കക്ഷി രാഷ്ട്രീയത്തിന്റെ ചതമൂടാത്ത കണ്ണുകള്‍ക്ക് അവ
വെളിപ്പെട്ടുകിട്ടും. അടിസ്ഥാന വിഭവ വികസനത്തിന്റെ മേഖലയിലും സാമൂഹ്യ ക്ഷേമത്തില്‍
അടിയുറച്ചു നില്ക്കുന്ന പദ്ധതികളുടെ പേരിലും ഈ രണ്ടു സര്‍ക്കാറുകളും കേരളത്തിന്റെ
വികസന ചരിത്രത്തില്‍ നാഴികക്കല്ലുകളാണ്. വമ്പന്‍ പ്രൊജക്ടുകള്‍ ഏറ്റെടുക്കുവാനും
ഉത്തരവാദിത്തോടെ നടപ്പിലാക്കുവാനും പിണറായി സര്‍ക്കാറുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ദുരന്തങ്ങളുടെ വേലിയേറ്റമുണ്ടായപ്പോഴും കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തുനിന്നും
ഗണ്യമായ സാമ്പത്തിക അവഗണയുണ്ടായപ്പോഴും നാടിനെ മുന്നോട്ടു നയിക്കുന്നതില്‍ നിന്നും
ഇടതുപക്ഷ സര്‍ക്കാര്‍ പിന്നോട്ടു മാറിയിട്ടില്ല. കേരളത്തിന്റെ പ്രവര്‍ത്തന മാതൃക
ലോകോത്തരമാണെന്ന് വ്യാപകമായി അഭിനന്ദിക്കപ്പെടുന്നുവെന്നതും കാണാതെ പോകരുത്.
അതൊന്നും തന്നെ നിലമ്പൂരിലെ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല എന്നത്
എന്തുകൊണ്ടാണ് എന്ന് ഇടതുപക്ഷം പരിശോധിക്കുക തന്നെ വേണം.
ഇടതുപക്ഷം
കൂടുതല്‍ കരുതലോടെ മുന്നോട്ടുപോകണ്ട സന്ദര്‍ഭമാണിതെന്ന് ഈ തിരഞ്ഞെടുപ്പ് ഓര്‍മ്മപ്പെടുത്തുന്നു.
ലീഡ് പ്രതീക്ഷിച്ച ഇടങ്ങളിലെ തിരിച്ചടി ഏറെ ഗൌരത്തോടെ ചര്‍ച്ചക്കെടുക്കേണ്ട
വിഷയമാണ്. പി വി അന്‍വറിന്റെ സാന്നിധ്യം യു ഡി എഫ് കോട്ടകളില്‍
വിചാരിച്ചത്ര വിള്ളലുകളുണ്ടായിക്കിയിട്ടില്ല. പക്ഷേ അന്‍വറിന് ലഭിച്ച വോട്ടുകള്‍ അദ്ദേഹം
മത്സിരിച്ചില്ലായിരുന്നുവെങ്കില്‍ യു ഡി എഫിന്റെ ഭുരിപക്ഷം വര്‍ദ്ധിപ്പിക്കുമായിരുന്നോ
എന്ന കാര്യവും പരിശോധിക്കേണ്ട പെടേണ്ടതുതന്നെയാണ്.
ഒരു
മണ്ഡലത്തിന് കിട്ടാവുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെയാണ് എല്‍ ഡി എഫ്
രംഗത്ത് അവതരിപ്പിച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറെത്തന്നെ
രംഗത്തിറക്കിയതോടെ നിലമ്പൂര്‍ നാടുകാത്തിരുന്ന ഒരു രാഷ്ട്രീയ മത്സരത്തിന്
വേദിയായി. സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ എം
സ്വരാജ് വന്‍വിജയമായിരുന്നുവെന്ന കാര്യം പറയാതെ വയ്യ. അയാളുടെ പ്രതികരണങ്ങള്‍ ,
നിലപാടുകള്‍ എല്ലാം തന്നെ തികഞ്ഞ രാഷ്ട്രീയ പക്വത നിറഞ്ഞതായിരുന്നു. എല്ലാ വര്‍ഗ്ഗീയ
ചണ്ടിപണ്ടാറങ്ങളും കൂടിച്ചേര്‍ന്നാണ് യു ഡി എഫിന് ഈ വിജയം സമ്മാനിച്ചത് എന്ന കാര്യം
വിസ്മരിച്ചുകൂടാ. തീവ്രവാദികളായ
ജമായത്തുകാരും ബി ജെ പിക്കാരും ഒരേപോലെ യു ഡി എഫിന് പിന്തുണയുമായി രംഗത്തു വന്നപ്പോഴും
ഒരു തീവ്രവാദിയുടേയും വോട്ടുകള്‍ തങ്ങള്‍ക്കു വേണ്ടെന്ന് സ്വരാജ് അര്‍ത്ഥശങ്കയ്ക്ക്
ഇടയില്ലാത്ത വണ്ണം പ്രഖ്യാപിച്ചത് ഈ തിരഞ്ഞെടുപ്പിലെ തിളങ്ങുന്ന ഒരേടാണ്. തന്നെ
വ്യക്തിപരമായി ആക്ഷേപിക്കാന്‍ ശ്രമിച്ച പ്രതിപക്ഷ നേതൃനിരയോടു പോലും മാതൃകാപരമായ
സമീപനമാണ് സ്വരാജ് പ്രകടിപ്പിച്ചത്. അയാളുടെ വ്യക്തിപ്രഭാവം മണ്ഡലത്തിലൂടനീളം
നിറഞ്ഞു നിന്നിരുന്നു. സ്വരാജ് നിയമസഭയില്‍
എത്തേണ്ടയാളാണ് എന്ന കാര്യത്തില്‍ പ്രതിപക്ഷത്തിനുപോലും എതിരഭിപ്രായമുണ്ടാകുമെന്ന്
കരുതുന്നില്ല. എന്നാല്‍ യേശുവിനെ ക്രൂശിക്കുവാനും ബാറബാസിനെ തുറന്നു വിടുവാനും പറഞ്ഞ
ജനതയുടെ ഒരു പരിച്ഛേദം ഒരു പക്ഷേ എല്ലാക്കാലത്തും മനുഷ്യസമൂഹങ്ങളില്‍ കണ്ടെത്തിയെന്നുവരാം.
സ്വരാജിനെപ്പോലെയൊരാളെ തെരഞ്ഞെടുക്കാന്‍ കഴിയാതെ പോയതില്‍ ചരിത്രം ആ ജനതയ്ക്ക് മാപ്പു
നല്കട്ടെ !
||ദിനസരികള് - 80 -2025 ജൂണ് 23 , മനോജ് പട്ടേട്ട് ||
Comments